ന്യൂദല്‍ഹി: സീറ്റ് ലഭിക്കാത്ത നേതാക്കളും അവരുടെ അണികളും പരസ്യ പ്രതിഷേധം ശക്തമാക്കിയതോടെ രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. മധ്യപ്രദേശില്‍ നാല്‍പ്പതിടങ്ങളിലാണ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥിന്റെ ഭോപാലിലെ വീടിന് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ പ്രതിഷേധിച്ചത്.
സീറ്റ് വിഭജനം മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. അഞ്ചു നേതാക്കള്‍ പാര്‍ട്ടി വിട്ടുകഴിഞ്ഞു. ഇന്നലെ ഹുസൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് മറ്റൊരു നേതാവിന്റെ അനുയായികള്‍ കമല്‍നാഥിന്റെ വീടിന് മുന്നില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തി. ജനങ്ങളുടെ സര്‍വേ എടുത്ത പ്രകാരമല്ല സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നിരിക്കുന്നതെന്നും സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നുമാണ് ആവശ്യം. നരേഷ് ഗ്യാന്‍ചന്ദ്നിയാണ് ഹുസൂരിലെ സ്ഥാനാര്‍ത്ഥി. പാര്‍ട്ടിപ്രവര്‍ത്തകര്‍ പറഞ്ഞാല്‍ കമല്‍നാഥ് കേള്‍ക്കില്ലെന്നും ഹനുമാന്‍ സ്വാമിയെങ്കിലും കമല്‍നാഥിന് നല്ല ബുദ്ധി പറഞ്ഞു നല്കട്ടെയെന്നും കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകന്‍ വിഷ്ണു വിശ്വകര്‍മ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുന്നയാളെ കോണ്‍ഗ്രസ് ഹുസൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കമല്‍നാഥിന്റെയും ദിഗ് വിജയ് സിങ്ങിന്റെയും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന ലഭിച്ചിരിക്കുന്നതെന്നാണ് മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. സര്‍ക്കാര്‍ രൂപീകരണം നടക്കുമ്പോള്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് മറ്റവസരങ്ങള്‍ നല്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ജെ.പി ദനോപ്യ ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ രണ്ടാംഘട്ട പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിവിധ മണ്ഡലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായി. 43 പേരുടെ പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ സച്ചിനൊപ്പമുള്ളവര്‍ക്ക് സീറ്റ് നല്കിയതില്‍ ഗെഹ്‌ലോട്ട് വിഭാഗവും ഗെഹ്‌ലോട്ട് അനുയായികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്കിയതില്‍ സച്ചിന്‍ വിഭാഗവും പ്രതിഷേധത്തിലാണ്. സച്ചിന്റെ അടുത്ത അനുയായികളായ നാല് നേതാക്കള്‍ക്ക് സീറ്റ് ലഭിച്ചിട്ടുണ്ട്. ഗെഹ്‌ലോട്ടിന്റെ അടുത്തയാളും രാജസ്ഥാന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന നിരഞ്ജന്‍ ആരക്ക് സോജത് സീറ്റ് നല്കിയതിനെതിരെയും പ്രതിഷേധമുണ്ട്.
സ്വതന്ത്ര എംഎല്‍എ ഓം പ്രകാശ് ഹുദ്ലയ്‌ക്ക് കോണ്‍ഗ്രസ് സീറ്റു നല്കിയതിനെതിരെ മഹ്വ മണ്ഡലത്തില്‍ പ്രതിഷേധം ശക്തമാണ്. ഹുദ്ലയുടെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ ഇയാളുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. പ്രിയങ്കാ വാദ്രയുമായി ഗെഹ്‌ലോട്ട് നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് ഹുദ്ലയ്‌ക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതെന്നും പ്രവര്‍ത്തകരുടെ വികാരം മാനിക്കാത്ത തീരുമാനമാണിതെന്നും പ്രദേശത്തെ കോണ്‍ഗ്രസുകാര്‍ പറയുന്നു. 200 അംഗ നിയമസഭയിലേക്ക് ഇതുവരെ 73 സ്ഥാനാര്‍ത്ഥികളെ മാത്രമേ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനായിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: