പാലസ്തീന് ജനതയ്ക്കുള്ള ഭാരതത്തിന്റെ മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത് ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടലില്‍നിന്ന് രാഷ്ട്രീയമായ മുതലെടുപ്പിന് ശ്രമിച്ച രാജ്യത്തെ പ്രതിപക്ഷ കക്ഷികളെ വല്ലാതെ നിരാശപ്പെടുത്തിയിരിക്കുകയാണ്. പാലസ്തീന്റെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ സംഭാഷണത്തില്‍, യുദ്ധം മൂലം ഗാസയിലെയും പശ്ചിമേഷ്യയിലെയും സാഹചര്യങ്ങള്‍ വഷളാകുന്നതില്‍ നരേന്ദ്ര മോദി ആശങ്ക പങ്കുവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വൈദ്യ സഹായത്തിനും ദുരിതാശ്വാസത്തിനുമുള്ള സാമഗ്രികള്‍ പ്രത്യേക വിമാനത്തില്‍ പാലസ്തീന് ജനതയ്ക്ക് അയച്ചത്. ഈജിപ്റ്റു വഴി അത് എത്തിക്കും. ജീവന് രക്ഷാമരുന്നുകളും ശസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന വസ്തുക്കളും ശുചീകരണത്തിനും വെള്ളം ശുദ്ധീകരിക്കുന്നതിനുമുള്ള വസ്തുക്കളുമാണ് എത്തിച്ചത്. ഈ സഹായത്തിന് ഭാരതത്തിലെ പാലസ്തീന്റെ അംബാസഡര്‍ കേന്ദ്ര സര്‍ക്കാരിനെ നന്ദിയറിയിക്കുകയും ചെയ്തു. പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ പ്രതിപക്ഷകക്ഷികള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഏകപക്ഷീയമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നതാണ് ഭാരതം പാലസ്തീന് ജനതയ്ക്ക് നല്കിയ സഹായവും, ആ ജനത അതിന് നന്ദിയറിയിച്ചതും. സഹായം എത്തിക്കാന്‍ വൈകിപ്പോയി എന്നും മറ്റും മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെപ്പോലുള്ളവര്‍ പറയുന്നത് ആരും വിലവയ്ക്കില്ല. പശ്ചിമേഷ്യ ഉള്‍പ്പെടെ മുസ്ലിം രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ അന്‍സാരി മുന്‍കാലത്ത് സ്വീകരിച്ചുപോന്നിട്ടുള്ള പക്ഷപാതപരമായ ഭാരതവിരുദ്ധ സമീപനം ഏവര്‍ക്കും അറിയാവുന്നതാണല്ലോ.
ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം നടത്തിയപ്പോള്‍ തന്നെ ഭാരതം ഇസ്രായേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. രണ്ട് കാരണങ്ങളാല്‍ ഈ നിലപാട് ശരിയായിരുന്നു. ഒന്നാമതായി യാതൊരു പ്രകോപനവുമില്ലാതെയാണ് ഇസ്രായേലിന്റെ അതിര്‍ത്തി കടന്നുവന്ന് ഹമാസ് ആക്രമണം നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെ കൊലചെയ്യുകയും, കുറെപ്പേരെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കുകയും ചെയ്തു. എല്ലാക്കാലത്തും ആഗോള ഇസ്ലാമിക ഭീകരവാദത്തിനെതിരെ ശക്തമായി നിലയുറപ്പിക്കുന്ന ഭാരതത്തിന് ഇക്കാര്യത്തില്‍ മറിച്ചൊരു നിലപാട് കൈക്കൊള്ളാന്‍ കഴിയില്ല. രണ്ടാമതായി,
ആക്രമണത്തിനിരയായിരിക്കുന്നത് ഇസ്രായേലാണ്. രാജ്യാന്തരതലത്തില്‍ ഭാരതത്തിന്റെ താല്‍പ്പര്യത്തിനൊപ്പം നിലകൊള്ളുന്ന രാജ്യമാണ് ഇസ്രായേല്‍. യുദ്ധം ഉള്‍പ്പെടെയുള്ള പ്രതിസന്ധിഘട്ടത്തില്‍ ഭാരതത്തെ നിരുപാധികമായി സഹായിച്ച പാരമ്പര്യമാണ് ഇസ്രായേലിനുള്ളത്. തങ്ങള്‍ ഭാരതത്തിനൊപ്പമാണെന്ന് ഒരു മറയുമില്ലാതെ പ്രഖ്യാപിക്കാന്‍ മനസ്സുള്ള രാജ്യവുമാണത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇരുരാജ്യങ്ങളും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധമാണുള്ളത്. പ്രധാനമന്ത്രി മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും തമ്മില്‍ വലിയ സൗഹൃദത്തിലുമാണ്. ഇസ്രായേല്‍ അപ്രതീക്ഷിതമായ ഒരു ആക്രമണത്തെ നേരിട്ടഘട്ടത്തില്‍ ആ രാജ്യത്തിനൊപ്പം നില്ക്കുകയെന്നത് ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യുപകാരം കൂടിയാണ്. സമാനരീതിയിലുള്ള ആക്രമണം ഭാരതത്തിനെതിരെ പാകിസ്ഥാന് നടത്തിയ കാര്‍ഗില്‍ യുദ്ധത്തില്‍ ഇസ്രായേല്‍ നമുക്കൊപ്പം നിന്നതാണ്.
പശ്ചിമേഷ്യയിലെ സാഹചര്യം എന്താണെന്ന് മനസ്സിലാകാഞ്ഞിട്ടല്ല, അതിനുനേരെ ബോധപൂര്‍വം കണ്ണടച്ചുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നത്. ഹമാസ് എല്ലാ അര്‍ത്ഥത്തിലും ഒരു ഭീകരസംഘടനയാണ്. ഇറാനുള്‍പ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണ അവര്‍ക്ക് ലഭിച്ചിരുന്നു. ലബനനിലെ ഭീകരസംഘടനയായ ഹിസ്ബുള്ളയുമായും ഇവര്‍ കൈകോര്‍ക്കുന്നു. ഇസ്രായേലിന് ഭൂമുഖത്ത് നിലനില്ക്കാന് അവകാശമില്ലെന്നാണ് ഹമാസിന്റെ പ്രഖ്യാപിത നിലപാട്. ഇസ്രായേലിനെതിരെ അനാവശ്യമായ പ്രകോപനങ്ങളുണ്ടാക്കുക. അവര്‍ ശക്തിയായി തിരിച്ചടിക്കുമ്പോള്‍ മുറവിളി കൂട്ടുക. ഇതാണ് കാലങ്ങളായി ഹമാസ് ചെയ്തുപോരുന്നത്. എന്നാല്‍ ഒരിഞ്ചുപോലും വിജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നിട്ടും പിന്മാറാത്തതിന് കാരണം മതഭ്രാന്താണ്. ഹമാസിനൊപ്പം നിന്നാല്‍ രാജ്യത്തെ ഈ മതവിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കും എന്നതാണ് കോണ്‍ഗ്രസ്സിനെയും ഇടതുപാര്‍ട്ടികളെയും ഹമാസിന്റെ ജിഹാദിന് ഐക്യം പ്രഖ്യാപിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഹമാസിന് നമ്മുടെ നാട്ടിലും വോട്ടുബാങ്കുണ്ടെന്ന് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും കരുതുന്നു. ഹമാസിന് ഇസ്രായേലിനെ ആക്രമിക്കാന്‍ അവകാശമുണ്ടെന്നുപോലും വിശ്വസിക്കുന്ന പാര്‍ട്ടികള്‍ ഹമാസ് തടവിലാക്കിയ ഇസ്രായേലികളെക്കുറിച്ച് നിശ്ശബ്ദത പാലിച്ചു. ഇത് നഗ്നമായ ഇരട്ടത്താപ്പാണ്. ഇതിനെ അനുകൂലിക്കാന്‍ നീതിബോധമുള്ള ഒരു ഭരണകൂടത്തിനും കഴിയില്ല. അതേസമയം യുദ്ധക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന സാധാരണ ജനങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. ഈ വീക്ഷണമാണ് നരേന്ദ്ര മോദി സര്‍ക്കാരിനെ നയിക്കുന്നത്. ഇതുകൊണ്ടാണ് ഹമാസിനെ അംഗീകരിക്കാതെ തന്നെ ഗാസയിലെ ജനങ്ങള്‍ക്ക് ഭാരതം സഹായമെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: