മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ നാല് ദിവസങ്ങളായുള്ള തകര്‍ച്ച തുടരുകയാണ്. ഒക്ടോബര്‍ 22 തിങ്കളാഴ്ച മാത്രം നിക്ഷേപകര്‍ക്ക് ഏകദേശം 759 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായത്.
ഈ തകര്‍ച്ചയ്ക്ക് പ്രധാനമായും അഞ്ച് കാരണങ്ങളാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേല്‍-ഹമാസ് യുദ്ധം, യുഎസ് ബോണ്ടുകളുടെ ആദായത്തിലുള്ള കുതിപ്പ്, ഉയരുന്ന എണ്ണവില, പണപ്പെരുപ്പ ഭീതി, ശക്തിപ്രാപിക്കുന്ന യുഎസ് ഡോളര്‍ എന്നിവയാണ്.
ബിഎസ് ഇ സെന്‍സെക്സ് തിങ്കളാഴ്ച മാത്രം 825 പോയിന്റ് നഷ്ടം രേഖപ്പെടുത്തി 64,571 പോയിന്റില്‍ അവസാനിച്ചു. നിഫ്റ്റി 250 പോയിന്റുകളോളം കുറഞ്ഞ് 19281ല്‍ അവസാനിച്ചു.
ഇസ്രയേല്‍-ഹമാസ് യുദ്ധം
ഒരു നിലയ്ക്കും പരിഹാരമില്ലാതെ തുടരുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധമാണ് ഓഹരി വിപണിയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുദ്ധം മൂലം പലിശ നിരക്ക് വര്‍ധനയും പണപ്പെരുപ്പവും വര്‍ധിക്കുമെന്ന ഭയം കാരണം വന്‍തോതില്‍ സ്ഥാപനങ്ങള്‍ ഓഹരികള്‍ വിറ്റൊഴിയുകയാണെന്ന് കൊടക് സെക്യൂരിറ്റീസ് ഇക്വിറ്റി റീസര്‍ച്ച് മേധാവി ശ്രീകാന്ത് ചൗഹാന് പറയുന്നു. ടാറ്റാ സ്റ്റീല്‍, ജെഎസ് ഡബ്ല്യു സ്റ്റീര്‍, ടിസിഎസ്, ടാറ്റാ മോട്ടോഴ്സ്, വിപ്രോ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എസിഎല് ടെക്നോളജീസ്, എന്‍ടിപിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികളെല്ലാം വന്‍തകര്‍ച്ച നേരിട്ടു. യൂട്ടിലിറ്റീസ്, സേവനരംഗം, റിയാല്‍റ്റി, ഊര്‍ജ്ജം, ഉപഭോക്തൃരംഗം, ഓയില്‍ ആന്റ് ഗ്യാസ് , ടെലികമ്മ്യൂണിക്കേഷന്‍, വ്യവസായം തുടങ്ങി എല്ലാ മേഖലയിലെയും ഓഹരികള്‍ തകര്‍ച്ച നേരിട്ടു.
യുഎസ് ബോണ്ട് ആദായം കൂടുന്നു
യുഎസിലെ ദീര്‍ഘകാല സര്‍ക്കാര്‍ ബോണ്ടുകളിലെ ആദായം അഭൂതപൂര്‍വ്വമായി കൂടുകയാണ്. 2007ന് ശേഷം ഇതാദ്യമായി ബോണ്ടുകളില്‍ ആദായം 5 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യന്‍ ഓഹരികളില്‍ പണം നിക്ഷേപിച്ച വിദേശനിക്ഷേപകര്‍ വന്‍തോതില്‍ അവരുടെ നിക്ഷേപം പിന്‍വലിച്ച് യുഎസ് ബോണ്ടുകളില്‍ നിക്ഷേപിക്കുകയാണ്. ഓഹരികളെ അപേക്ഷിച്ച് ബോണ്ടുകള്‍ കുറെക്കൂടി സുരക്ഷിതമായ നിക്ഷേപമാണ്. കാരണം അതില്‍ ഓഹരികളിലേതു പോലെ പെട്ടെന്ന് മൂല്യം കുറയുന്നു എന്ന റിസ്കില്ല.
യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നു
മറ്റൊരു വലിയ വെല്ലുവിളി യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിക്കുകയാണ്. യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതാണ് ഇതിന് കാരണം. യുഎസ് ഡോളര്‍ സൂചിക കഴിഞ്ഞ ഒര3ഴ്ചയായി 106 നും മുകളില്‍ നിലകൊള്ളുകയാണ്. അത് മൂലം യുഎസ് ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപ ഉള്‍പ്പെടെയുള്ള മറ്റ് കറന്‍സികള്‍ മൂല്യശോഷണം നേരിടുന്നു. ഇതും ഓഹരി വിപണിയെ അനാകര്‍ഷകമാക്കുന്നു. ഇതും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികളിലുള്ള നിക്ഷേപം വിറ്റൊഴിയുന്നതിന് കാരണമായി. ഗോള്‍ഡ് ബോണ്ട്,കറന്‍സി മാര്‍ക്കറ്റുകളില്‍ നിക്ഷേപിക്കുന്നത് കൂടുതല്‍ ആകര്‍ഷകമാണ്.
പണപ്പെരുപ്പ ഭീതി
ഇസ്രയേല്‍ -ഹമാസ് യുദ്ധം കാരണം അസംസ്കൃത എണ്ണവില തുടര്‍ച്ചയായി ഉയരുകയാണ്. ഇത് സര്‍ക്കാരിന്റെ എണ്ണ ഇറക്കുമതിച്ചെലവ് വര്‍ധിപ്പിക്കുകയാണ്. കാരണം ഇന്ത്യ ആവശ്യത്തിന്റെ 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. ഇത് പണപ്പെരുപ്പത്തിന് കാരണമാവുകയാണ്. സ്ഥിതിഗതികളില്‍ അയവു വന്നില്ലെങ്കില്‍ പ്രശ്നം ഗുരുതരമാകുമെന്നാണ് കണക്കുകൂട്ടല്‍.
രണ്ടാം സാമ്പത്തിക പാദത്തിലെ മോശം ഫലങ്ങള്‍
പല കമ്പനികളുടെയും രണ്ടാം സാമ്പത്തിക പാദത്തിലെ (ജൂലായ്-സെപ്തംബര്‍ ത്രൈമാസ ഫലം) മോശം പ്രകടനവും വിപണിദൗര്ബല്യത്തിന് കാരണമായി. ഡിമാര്‍ട് പോലുള്ള കമ്പനികള്‍ ദുര്‍ബലമായ ഫലമാണ് പ്രഖ്യാപിച്ചത്. അതേ സമയം ഐസിഐസിഐ, കൊടക് ബാങ്കുകള്‍ മികച്ച റിസള്‍ട്ട് പ്രഖ്യാപിച്ചിട്ടും ഓഹരി വിലകളില്‍ അത് പ്രതിഫലിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: