Categories: India

സ്‌കൈ ബസ് വരുന്നു; മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത; ആദ്യഘട്ടം രാജ്യത്തെ അഞ്ച് നഗരങ്ങളില്‍

Published by

ന്യൂഡല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ ‘സ്‌കൈ ബസ്’ സംവിധാനമൊരുക്കാന്‍ കേന്ദ്ര ഗതാഗതമന്ത്രാലയം തയ്യാറെടുക്കുന്നു. വാരണാസി, പൂനെ, ഹൈദരാബാദ്, ഗുരുഗ്രാം, ഗോവ എന്നിവിടങ്ങളിലാണ് സ്‌കൈ ബസ് ആദ്യഘട്ടമെന്ന നിലയില്‍ ഓടിതുടങ്ങുക. ഈ വര്‍ഷം അവസാനത്തോടെ ഗോവയിലെ മര്‍ഗോവില്‍ ട്രയല്‍ റണ്‍ നടത്താനാകുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നേരത്തെയും മര്‍ഗോവില്‍ ഒരു ട്രയല്‍ റൂട്ട് ഉണ്ടായിരുന്നു, എന്നാല്‍ 2016ല്‍ ട്രാക്കും തൂണുകളും നീക്കം ചെയ്തു. അപ്പോള്‍ പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു. ഇപ്പോള്‍ നിതിന്‍ ഗഡ്കരിയുടെ റോഡ് ഗതാഗത മന്ത്രാലയത്തിന്റെ മേല്‍നോട്ട നിയന്ത്രണത്തിലാണ് നിര്‍മ്മാണം. സ്‌കൈ ബസ് റോഡ്ട്രാം ഗതാഗത മോഡിലായിരിക്കും പ്രവര്‍ത്തിക്കുക.

മെട്രോകളുടേതിന് സമാനമായി റോഡുകളിൽ നിന്ന് മുകളിലായി തൂണുകളിലാണ് സ്കൈബസ് സഞ്ചരിക്കുന്നതെങ്കിലും മെട്രോയുടെ പ്രവര്‍ത്തനരീതിയിൽ നിന്ന് വ്യത്യസ്തമാണ് സ്കൈബസിന്‍റേത്. മെട്രോയെ അപേക്ഷിച്ച് ഭാരം കുറഞ്ഞ സാമഗ്രികളാണ് ഉപയോഗിക്കുന്നതെന്നതിനാൽ തൂണുകള്‍ സ്ഥാപിക്കാൻ മെട്രോയെ അപേക്ഷിച്ച് വളരെ കുറച്ച് സ്ഥലം മാത്രമേ ആവശ്യമുള്ളൂ.

സ്‌കൈ ബസ് സ്‌റ്റേഷന് വേണ്ടി മാത്രമാണ് ഭൂമി ഏറ്റെടുക്കേണ്ടത്. റോഡുകള്‍ക്കിടയിലെ ഡിവൈഡറില്‍ തൂണുകള്‍ കെട്ടി അതിന്റെ റൂട്ട് ഒരുക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.

സ്‌കൈ ബസിന് 100 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയും. ഒരു ബോഗിയില്‍ 300 പേര്‍ക്ക് യാത്ര സൗകര്യം ഉണ്ടാകും.  ഒരു കിലോമീറ്റര്‍ മെട്രോ റെയിൽ നിര്‍മിക്കാൻ 350 കോടി രൂപയോളം ചെലവ് വരുമെങ്കിൽ സ്കൈബസിന് ഏകദേശം 50 കോടി രൂപ മാത്രമാണ് ചെലവ്. ഇതിന്റെ പരിപാലനച്ചെലവും കുറവാണ്.

സ്‌കൈ ബസിലെ ട്രാക്കുകള്‍ തൂണിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് ബോഗികള്‍ കൂട്ടിച്ചേര്‍ക്കാം. ബോഗിയുടെ മുകളിലാണ് ചക്രങ്ങള്‍. അവ കൊളുത്തുകള്‍ വഴി ട്രാക്കുകളില്‍ ഘടിപ്പിച്ചിരിക്കുന്ന രീതിയിലാണ് ട്രാക്കും ബോഗിയുമായുള്ള ബന്ധം. വലുപ്പം കുറഞ്ഞ കോച്ചുകളായിരിക്കും സ്‌കൈബസിന്റേത്. ഭാരം കുറവാണെന്നതിനാല്‍ വലുപ്പമേറിയ കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് പകരം ചെറിയ സ്റ്റീല്‍ പില്ലറുകളിലും റെയില്‍ നിര്‍മ്മിക്കാം.

50കോടി ചെലവില്‍ കേരളത്തിലും സ്‌കൈബസ് സംവിധാനം കൊണ്ടുവരാമെന്ന് 2019ല്‍ തന്നെ നിതിന്‍ ഗഡ്കരി കേരളത്തെ അറിയിച്ചിരുന്നു. ഇന്ത്യയിലെ 18 സംസ്ഥാനങ്ങള്‍ സ്‌കൈബസ് പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടു വന്നെന്നും കേരളം സന്നദ്ധത അറിയിച്ചാല്‍ എല്ലാ സഹായവും ചെയ്യാന്‍ തയ്യാറാണെന്നും നിതിന്‍ ഗഡ്കരി അന്ന് പറഞ്ഞിരുന്നു.

 

സ്‌കൈബസ് മെട്രോ സിസ്റ്റത്തിന്റെ നേട്ടങ്ങള്‍

  • പര്‍വതപ്രദേശങ്ങളിലെ വേഗത്തിലുള്ള ഗതാഗതം
  • ഭൂമിയുടെ ആവശ്യമില്ല.
  • വായു, ശബ്ദ മലിനീകരണം രഹിതം.
  • എളുപ്പത്തിലുള്ള പ്രവേശനക്ഷമത.
  • പാളം തെറ്റിയാല്‍ കോച്ചുകള്‍ മറിഞ്ഞ് വീഴാനുള്ള സാധ്യതയില്ല.
  • സാധാരണ റോഡ് ഗതാഗതത്തിന് തടസ്സമില്ലാത്തതിനാല്‍ ഹിമാലയ പ്രദേശങ്ങളിലും
  • സിഗ്‌സാഗ് റോഡുകളിലും എത്താന്‍ കഴിയുന്ന ആഴത്തിലുള്ള നുഴഞ്ഞുകയറ്റം.
  • ട്രാക്ക് സര്‍ക്യൂട്ടുകളോ സിഗ്‌നലുകളോ പോയിന്റുകളോ ക്രോസിംഗുകളോ ഇല്ലാത്തതിനാല്‍ കുറഞ്ഞ പ്രവര്‍ത്തന ചെലവ്.
  • എല്ലാ നഗര ഗതാഗത ആവശ്യങ്ങളും ആളുകളെയും സാധനങ്ങളെയും ഉള്‍ക്കൊള്ളുന്നു.
Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by