വൈശാലി ജയരാമന് സംസ്കൃതസാഹിത്യത്തിലെ സനാതനധര്മ്മകല്പ്പനയെക്കുറിച്ച് Sanatanadharma in Sanskrit Literature, May 2019 എന്ന ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുവര്‍ഷം ഒന്നാം സഹസ്രാബ്ദത്തെ മധ്യകാലമായി കരുതി ആ കാലഘട്ടത്തിലെ സംസ്കൃതഗ്രന്ഥങ്ങളെ ആണ് അവര്‍ പഠിച്ചത്. അതില്‍ അവര്‍ മഹാഭാരതം, രാമായണം, ശൈവവൈഷ്ണവ സാഹിത്യങ്ങള്‍, ധര്‍മ്മശാസ്ത്രങ്ങള്‍, പഞ്ചതന്ത്രം മുതലായ ഗ്രന്ഥങ്ങളില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി സനാതനധര്‍മ്മം എന്ന പദവും ആശയവും എങ്ങനെയെല്ലാമാണ് പ്രയോഗിച്ചിരിക്കുന്നത് എന്ന് വിശദമായി ആരായുന്നു. ധാര്‍മ്മികമായ എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന ഒരു ഏകശിലാത്മഘടന എന്ന നിലക്ക് സനാതനധര്‍മ്മത്തെ കരുതിത്തുടങ്ങിയത് പത്തൊന്‍പതാം നൂറ്റാണ്ടിനു ശേഷം മാത്രം ആണെന്നും അവര്‍ പരിശോധിച്ച സംസ്കൃതഗ്രന്ഥങ്ങളിലുള്ള സനാതനധര്‍മ്മത്തെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ അത്തരമൊരു പൊതുഘടനയുടെ സൂചന നല്‍കുന്നില്ലെന്നും അവര്‍ പറയുന്നു.
പാശ്ചാത്യമായ മതകല്പ്പനക്കു ബദലെന്ന നിലക്ക് ആണ് അതിന്റെ അത്തരത്തിലുള്ള അവതരണം ഉണ്ടായതെന്നും അവര്‍ അഭിപ്രായപ്പെടുന്നു. പാശ്ചാത്യനാഗരികതയുടെ പല തരത്തിലുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായി ഹിന്ദുത്വത്തിന് പല തരം നിര്‍വചനങ്ങള്‍ ഉണ്ടായി എന്നതു ശരിയാണ്. പക്ഷേ അതിനു മുന്‍പ് ഒന്നുമില്ലായിരുന്നു എന്ന നിഗമനം മേല്‍കൊടുത്ത തെളിവുകളുമായി പൊരുത്തപ്പെടുന്നില്ല.
സഹസ്രാബ്ദങ്ങളുടെ തുടര്‍ച്ചയും പേറി, അതിനിടയില്‍ രാജനൈതികവും മതപരവും സാംസ്കാരികവും മറ്റുമായ എണ്ണമറ്റ ആക്രമണങ്ങളേയും നേരിട്ട് അവയെ എല്ലാം അതിജീവിച്ച്, മേല്‍പ്പറഞ്ഞ ആന്ത്രോപോളജിക്കല്‍ സര്‍വ്വേയിലും സാധാരണക്കാരനായ നമ്മുടെ കാശിയിലെ ഡോം സഹോദരന്റെ മറുപടിയിലും തെളിയുന്ന തരത്തില്‍ ഈ ഹിന്ദു കൂട്ടായ്മ ഇന്നും സജീവമായി നിത്യനൂതനമായി നിലനില്ക്കുന്നുണ്ടെങ്കില് അതിനര്‍ത്ഥം ആഴമാര്‍ന്നതും ഏവര്‍ക്കും ഒരുപോലെ സ്വീകാര്യമായതും ഫലദാനസമര്ത്ഥവും ആയ ഒരു ജീവിതവീക്ഷണത്തിന്റെയും ജീവിതപദ്ധതിയുടെയും പൊതുചട്ടക്കൂട് ദേശീയ, പ്രാദേശികതലങ്ങളില്‍ ഇവിടെ രൂപപ്പെട്ടു പുലര്ന്നിരിക്കണമല്ലോ.
ഹിന്ദു ജീവിത വീക്ഷണവും ജീവിതപദ്ധതിയും
ഹിന്ദുക്കളുടെ ഈ പാരമ്പര്യജീവിതവീക്ഷണ- പദ്ധതികളുടെ യുക്തിഭദ്രമായ അവതരണം ഭാസ്കരരായന്‍ (16901785 സി. ഇ.) എന്ന മഹാപണ്ഡിതന്റെ സേതുബന്ധം എന്ന സംസ്കൃതഗ്രന്ഥത്തില്‍ കാണാം. ഹിന്ദുദൃഷ്ടിയില്‍ ജീവിതത്തിന്റെ ലക്ഷ്യം, ആ ലക്ഷ്യം നേടാനുള്ള വിവിധമാര്‍ഗങ്ങള്‍, ആ മാര്‍ഗങ്ങളുടെ വൈവിധ്യത്തിനുള്ള കാരണവും അവയെ ഇണക്കിച്ചേര്‍ക്കാന്‍ സ്വീകരിച്ചിരിക്കുന്ന സവിശേഷഘടനയും, ആ വീക്ഷണത്തിന്റെ പരമ്പരാഗതമായ പാഠ്യപദ്ധതിയും പ്രായോഗികമായ ജീവിതചര്യയും തുടങ്ങിയവയെ എല്ലാം അതില്‍നിന്നും നമുക്കു മനസ്സിലാക്കാം.
ഒരു പൊതുലക്ഷ്യവും അത് നേടാനുള്ള പല വഴികളും എന്ന സവിശേഷമായ ഘടനയാണ് അതിനുള്ളത്. ജീവജാലങ്ങളുടെ സഹജമായ സ്വഭാവം, കര്‍മ്മസിദ്ധാന്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ ഘടനക്ക് രൂപഭാവങ്ങള്‍ നല്‍കിയിരിക്കുന്നത്. സഹസ്രാബ്ദങ്ങളിലൂടെ ഹിന്ദുസമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന നിരവധി ഭാരതീയ ദാര്‍ശനികര്‍ നടത്തിയ ശാസ്ത്രീയമായ നിരീക്ഷണപരീക്ഷണങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ആണ് ഇത് ഇത്തരത്തില്‍ ഉരുത്തിരിഞ്ഞു വന്നത്.
ഭാരതീയ കാഴ്ച്ചപ്പാടില്‍ മനുഷ്യന് ഉള്‍പ്പടെ ഉള്ള സമസ്തജീവജാലങ്ങളുടെയും എല്ലാ തരം ചേഷ്ടകളുടെയും ആത്യന്തികമായ ലക്ഷ്യം സുഖത്തെ അനുഭവിക്കുക എന്നതാണ്. എല്ലാ ജീവികളുടെയും എല്ലാതരം പ്രവൃത്തികളും സുഖത്തിനു വേണ്ടി ആണ് എന്നാണ് പ്രസിദ്ധ ആയുര്‍വേദഗ്രന്ഥമായ ചരകസംഹിതയില്‍ ചരകാചാര്യര്‍ പറയുന്നത്. ജീവിതത്തിന്റെ ലക്ഷ്യപരം ആയ ഈ വീക്ഷണത്തിന്റെയും മഴവില്‍ മാതൃകയുടെയും പ്രയോജനം ഭാരതീയമായ എല്ലാ സമ്പ്രദായങ്ങളേയും (വനവാസി, ഗ്രാമീണ, ചാര്‍വാക, ബൗദ്ധ, ജൈന, ദൈ്വത, അദൈ്വതാദി എല്ലാം) അവയുടെ സിദ്ധാന്തപരവും സാധനാപരവും ചര്യാപരവും ആയ വ്യത്യസ്തതകളെ അംഗീകരിച്ചു കൊണ്ടു തന്നെ ഉള്‍പ്പെടുത്താന്‍ ഉതകുന്നു എന്നതാണ്.
ഈ ജീവിതവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയ ഭാരതീയ ജീവിതമാതൃകയെ ഭാസ്കരരായര്‍ ഇപ്രകാരം വിശദമാക്കുന്നു:
”ഇവിടെ എല്ലാ ജനങ്ങളും അഭിലഷിക്കുന്ന സുഖമാണ് പുരുഷാര്‍ത്ഥം. അതാകട്ടെ കൃത്രിമം, അകൃത്രിമം എന്നു രണ്ടു തരം. അവ ക്രമത്തില്‍ കാമം, മോക്ഷം എന്ന് വിളിക്കപ്പെടുന്നു. ഇവ രണ്ടും നേടാന്‍ ധര്‍മ്മവും ധര്‍മ്മത്തെ അനുഷ്ഠിക്കാന്‍ അര്‍ത്ഥവും കൂടിയേ തീരൂ എന്നതിനാല്‍ അവയേയും എല്ലാവരും ആഗ്രഹിക്കുന്നു. അവ തമ്മില്‍ പ്രാധാന്യക്കൂടുതലും കുറവും ഉണ്ടെങ്കിലും എല്ലാവരാലും ആഗ്രഹിക്കപ്പെടുന്നു എന്നതിനാല്‍ അവ നാലും പുരുഷാര്‍ത്ഥങ്ങളായി കരുതപ്പെടുന്നു”.
മോക്ഷത്തിന് (വൈദികകല്‍പ്പന)കൈവല്യം (ജൈനകല്‍പ്പന), നിര്‍വാണം (ബൗദ്ധകല്‍പ്പന) എന്നും പേരുണ്ട്. ഇത് ശാശ്വതമായ സുഖാവസ്ഥ ആണ്. അതിനാല്‍ പരമപുരുഷാര്‍ത്ഥമായി കരുതപ്പെടുന്നു. ഇതിനെ നിരുപാധികസുഖം എന്നും പറയുന്നു. കാമം ആകട്ടെ ക്ഷണികവും സോപാധികവും ആണ്.
മോക്ഷം എന്ന ആത്യന്തിക മൂല്യം കയ്യെത്താദൂരത്ത് ആയതിനാല്‍ അതിന് സമൂഹത്തില്‍ നേരിട്ടു സ്വാധീനം ചെലുത്താന്‍ കഴിവില്ല. പക്ഷേ മുതിര്‍ന്ന ഹിന്ദുക്കള്‍ അനുവര്‍ത്തിക്കുന്ന നിത്യപൂജ, ധ്യാനം, ക്ഷേത്രദര്‍ശനം, തീര്‍ത്ഥാടനം, ഭജന, ആധ്യാത്മികസാഹിത്യപാരായണം, ആധ്യാത്മികമായ കാര്യങ്ങളില്‍ ശ്രദ്ധയും ഭൗതികമായ കാര്യങ്ങളില്‍ വിരക്തിയും പുലര്‍ത്തുന്ന ജീവിതശൈലി എന്നിവയിലൂടെ അതിന്റെ പരോക്ഷസ്വാധീനം കാണാന്‍ കഴിയും എന്നാണ് പ്രസിദ്ധസാമൂഹ്യശാസ്ത്രജ്ഞനായ എം. എന്‍. ശ്രീനിവാസന് പറയുന്നത് (Appendix: Changing Values in India Today, Social Change in Modern India, 2016).
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: