ചെന്നൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ അയല്‍രാജ്യക്കാരായ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം.
നാല് കളികള്‍ വീതം പിന്നിടുമ്പോള്‍ പാകിസ്ഥാന് രണ്ടെണ്ണം ജയിച്ച് നില്‍ക്കുകയാണ്. ഇനിയുള്ള ഓരോ കളികളും ടീമിന് ഏറെ വിലപ്പെട്ടതാണ്. പ്രാഥമിക റൗണ്ടിലെ പത്ത് ടീമുകളില്‍ നാല് ടീമേ സെമിയിലേക്ക് മുന്നേറുകയുള്ളൂ.
ഇന്നത്തെ മത്സരം ശ്രദ്ധേയമാകുന്നത് പാകിസ്ഥാനെതിരെ ഇറങ്ങുന്ന അഫ്ഗാന് ടീം എന്ന നിലയ്ക്കാണ്. അഫ്ഗാന് ഇക്കുറി സാധ്യതകളില്‍ ഏറെ പിന്നില്‍ നില്ക്കുന്ന ടീം തന്നെ. പാകിസ്ഥാന് മുന്‍ ചാമ്പ്യന്മാര് എന്ന പകിട്ടുണ്ട്. പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് ലോകകപ്പ് പാരമ്പര്യമുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച വമ്പ് അഫ്ഗാനിസ്ഥാനൊപ്പം നില്ക്കുന്നു.
ചരിത്ര വിജയം കുറിച്ച ശേഷം കരുത്തരായ ന്യൂസിലന്‍ഡിനോട് എതിരിട്ട അഫ്ഗാന് 149 റണ്‍സിന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. എങ്കിലും കളിയില്‍ എന്തും സംഭവിക്കാം. ഭാരതം, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, തുടങ്ങിയ ടീമുകള്‍ക്കൊപ്പം ലോകകപ്പില്‍ പലതവണ അട്ടിമറിക്കപ്പെട്ട അനുഭവം പാകിസ്ഥാനും ഉണ്ട്. 1999ല്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടു. 2007 ലോകകപ്പില്‍ അയര്‍ലന്‍ഡിനോടും തോറ്റിരുന്നു. ഇന്നി ഇറങ്ങുമ്പോള്‍ അഫ്ഗാനെ ഏത് തരത്തിലാകും പാകിസ്ഥാന് നേരിടുക. ഇംഗ്ലണ്ടിനെതിരെ ബോളര്‍മാരെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തിയതാണ് അഫ്ഗാനിസ്ഥാന് ഗുണം ചെയ്തത്. ദല്‍ഹിയിലായിരുന്നു ആ മത്സരം. ഇന്ന് നടക്കുന്ന ചെന്നൈയിലെ പിച്ച് ബാറ്റര്‍മാര്‍ക്ക് കേറി മേയാവുന്ന ഇടമല്ല. ബോളര്‍മാര്‍ക്ക് കാര്യമായ പ്രാധാന്യമുള്ള വിക്കറ്റാണ് ചെപ്പോക്ക് സ്റ്റേഡിയത്തിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: