ഇംഫാല്‍: ക്രമസമാധാന പ്രശ്നവും അക്രമ സാധ്യതയും ചൂണ്ടിക്കാട്ടി മണിപ്പൂരില്‍ 26 വരെ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. ചില സ്ഥലങ്ങളില്‍ പുതിയ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതെന്ന് പോലീസ് പറഞ്ഞു.
പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്ന ചിത്രങ്ങള്‍, പ്രസംഗങ്ങള്‍, വീഡിയോ സന്ദേശങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹ്യവിരുദ്ധര്‍ സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയിലാണ് ഇന്റര്‍നെറ്റ് നിരോധനം നീട്ടിയതെന്ന് സംസ്ഥാന പോലീസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
മേയ് മൂന്നിന് സംസ്ഥാനത്ത് അക്രമം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്. മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് സപ്തം. 23 ന് ഇത് പുനഃസ്ഥാപിച്ചു. എന്നാല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് 26 ന് വീണ്ടും ഇന്റര്‍നെറ്റ് നിരോധിച്ചു. തുടര്‍ന്നും അക്രമസംഭവങ്ങള്‍ ഉണ്ടായതോടെ ഒക്ടോ. 11 വരെ നിരോധനം നീട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: