തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാര്‍ ഫോറസ്റ്റ് റെയ്ഞ്ച് വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാര്‍ കുടപ്പനയില്‍ യുവകര്ഷകന് മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ എല്ലാ പ്രതികളും ഹാജരാകാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. പ്രതികളായ വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറടക്കം ഏഴ് ഉദ്യോഗസ്ഥര്‍ ജനുവരി 30ന് ഹാജരാകാന്‍ സിബിഐ കോടതിയാണ് ഉത്തരവിട്ടത്.
പ്രതികളായ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആര്. രാജേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ. പ്രദീപ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് ഡിക്രൂസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസമാരായ ടി. അനില്‍കുമാര്‍, എന്‍. സന്തോഷ്, വി.എം. ലക്ഷ്മി, ട്രൈബല്‍ വാച്ചര്‍ ഇ.ബി. പ്രദീപ് കുമാര്‍ എന്നിവരാണ് ഹാജരാകേണ്ടത്.
പത്ത് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകരമായ നരഹത്യയാണ് പ്രതികള്‍ ചെയ്തതെന്ന് കോടതിയില്‍ ഹാജരാക്കിയ കുറ്റപത്രത്തില്‍ സിബിഐ പറയുന്നു. സിബിഐ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആര്.എസ്. ഷെഖാവത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2020 ജൂലൈ 28ന് മത്തായിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് മുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിന് നിരവധി തെളിവുകള്‍ സിബിഐ റിപ്പോര്‍ട്ടിലുണ്ട്. നാലുമുക്കിലെ വനത്തില്‍ സ്ഥാപിച്ചിരുന്ന കാമറയിലെ സിംകാര്‍ഡ് മോഷ്ടിച്ചുവെന്നായിരുന്നു മത്തായിക്കെതിരെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്. സംഭവദിവസം വൈകിട്ട് നാലിന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ മത്തായി താമസിച്ചിരുന്ന അരീക്കക്കാവിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അറസ്റ്റ് മെമ്മോയില്ലാതെ മത്തായിയെ ബലമായി പിടിച്ചുകൊണ്ടുപോയി. ചോദ്യം ചെയ്ത മത്തായിയുടെ അമ്മയെ തള്ളിയിട്ടതിനെ തുടര്‍ന്ന് അവര്‍ ബോധരഹിതയായി. നാലുമുക്കിലേക്കുള്ള യാത്രയ്ക്കിടെ മത്തായിക്ക് പല തവണ മര്‍ദനമേറ്റു.
കാമറയിലെ സിം കാര്‍ഡുകള്‍ മത്തായിയുടെ കുടപ്പനയിലെ കുടുംബവീടിനോടു ചേര്‍ന്നുള്ള കിണറ്റിലെറിഞ്ഞുവെന്നായിരുന്നു വനംവകുപ്പ് ആരോപിച്ചിരുന്നത്. സിംകാര്‍ഡ് കണ്ടെത്താനായി മത്തായിയെ കിണറിനടുത്ത് എത്തിച്ചു. കിണറ്റിലിറങ്ങി സിംകാര്‍ഡ് എടുക്കാന്‍ നിര്‍ബന്ധിച്ചു. മത്തായിക്ക് ഒരു സുരക്ഷയുമൊരുക്കിയില്ല. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ മത്തായി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍. മത്തായിയെ രക്ഷപെടുത്താന്‍ ശ്രമിക്കാതെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും സംഘവും ജീപ്പ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് കരയ്ക്കെത്തിച്ചപ്പോഴേക്കും മത്തായി മരണപ്പെട്ടിരുന്നു. രാത്രി ഒന്‍പതരയോടെ വനപാലക സംഘം കരികുളം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയ ശേഷമാണ് കാമറ നശിപ്പിച്ചെന്ന് പറയുന്ന കേസില്‍ മഹസര്‍ തയാറാക്കിയത്. പിറ്റേന്ന് പുലര്‍ച്ചെ രണ്ടരയോടെ ഗുരുനാഥന്മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് വനപാലകര്‍ മഹസര്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു. മഹസറില്‍ മത്തായിയെ കസ്റ്റഡിയിലെടുത്തതിന്റെയും മറ്റും സമയവും സ്ഥലവും ഉള്‍പ്പെടെ ഒട്ടേറെ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നതായി ലോക്കല്‍ പോലീസും സിബിഐയും കണ്ടെത്തി.
മത്തായിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം കേസെടുക്കാതെ വിട്ടയക്കുന്നതിന് ഇടനിലക്കാരായ അരുണ്‍ സത്യന്, ഷിബന്‍ എന്നിവര്‍ മുഖേന വനപാലകര്‍ 75,000രൂപ ആവശ്യപ്പെട്ടിരുന്നുവെന്ന മത്തായിയുടെ ഭാര്യ ഷീബാമോളുടെ മൊഴി സത്യമാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ആദ്യം ചിറ്റാര്‍ പോലീസാണ് കോസ് അന്വേഷിച്ചത്. എന്നാല്‍ മത്തായിയുടെ ഭാര്യ ഷീബാമോളുടെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി സിബിഐയ്ക്ക് വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: