കൊല്ലം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് കൊല്ലത്ത് കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെട്ട പ്രതിഷേധം പൊട്ടിത്തെറിയിലേക്ക്. മുന്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം.
കൊല്ലത്തും ചാത്തന്നൂരിലും പരവൂരിലുമാണ് പോസ്റ്റര്‍. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടേത് പേമെന്റ് സീറ്റെന്നാണ് ആക്ഷേപം. ഓരോ തസ്തികയുടെയും വിലവിവര പട്ടികയും പോസ്റ്ററിലുണ്ട്. കോണ്‍ഗ്രസ് സേവ് ഫോറം കൊല്ലത്തിന്റെ പേരിലാണ് പോസ്റ്റര്‍.
മണ്ഡലം പ്രസിഡന്റാവാന്‍ പുരുഷന്മാര്ക്ക് ഒരു ലക്ഷം, വനിതകള്‍ക്ക് 50,000, റിബല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടു ലക്ഷം, പട്ടികജാതി വിഭാഗത്തിന് 15,000 എന്നിങ്ങനെയാണ് പോസ്റ്ററില്‍ വിലവിവര പട്ടിക നല്‍കിയിരിക്കുന്നത്. ഐ ഗ്രൂപ്പിന്റെ വിശ്വസ്തയായി നിന്ന് കെ.സി. പക്ഷത്തേക്ക് കൂറുമാറി എ, ഐ ഗ്രൂപ്പുകളെ വെട്ടിനിരത്തിയെന്നാണ് ബിന്ദു കൃഷ്ണക്കെതിരെയുള്ള ആക്ഷേപം. ഒരേസമയം ചെന്നിത്തലയുടെയും കെ. സി. വിഭാഗത്തിന്റെയും ആളായി നിന്ന് അഡ്വ. ബിന്ദുകൃഷ്ണ ദ്വിമുഖ തന്ത്രം പയറ്റുകയായിരുന്നുവെന്നാണ് എ വിഭാഗത്തിന്റെ ആരോപണം. ജില്ലയില്‍ കെ.സി. പക്ഷത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ഇപ്പോള്‍ ബിന്ദു കൃഷ്ണയാണ്.
അഞ്ചു മാസത്തിലേറെയായി ഇരുപതിലധികം പ്രാവശ്യം യോഗം ചേര്‍ന്നാണ് ജില്ലയില്‍ മണ്ഡലം പ്രസിഡന്റുമാരെ കോണ്‍ഗ്രസ് നേതൃത്വം നിയമിച്ചത്. 113 പേരുടെ പട്ടിക പുറത്തുവന്നപ്പോള്‍ പരാതികളേറെ. ഗ്രൂപ്പ് വീതം വയ്പും വ്യക്തികളുടെ താല്പര്യവും ആയപ്പോള്‍ അനര്‍ഹര്‍ കടന്നുകൂടിയെന്നാണ് പരാതി.
കെ.സി. വേണുഗോപാലും കൊടിക്കുന്നിലും ചേര്‍ന്ന് മണ്ഡലം കമ്മിറ്റികള്‍ പിടിച്ചെടുത്തെന്നാണ് ജില്ലാ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. പരാതിയുമായി നേതാക്കള്‍ കെപിസിസിയെ സമീപിച്ചു. പലയിടത്തും എ വിഭാഗം തുറന്ന പോരിനിറങ്ങി.
മണ്ഡലം പ്രസിഡന്റുമാരുടെ കച്ചവടത്തില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പിനാണ് നഷ്ടം. യഥാര്‍ത്ഥ ഐ വിഭാഗത്തിനെ പൂര്‍ണമായും വെട്ടിനിരത്തിയതോടെ മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയില്‍ പരിഗണന ലഭിക്കാത്ത ഇരുഗ്രൂപ്പുകളും ബഹിഷ്കരണം പ്രഖ്യാപിച്ചും യോഗങ്ങള്‍ നടത്തിയും പ്രതിഷേധം കടുപ്പിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസുകാര്‍ പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചയാണ് രണ്ട് ദിവസമായി നടക്കുന്നത്.
കൊല്ലം, ചാത്തന്നൂര്‍, കരുനാഗപ്പള്ളി, ചവറ, പുനലൂര്‍, പത്തനാപുരം നിയോജകമണ്ഡലങ്ങളിലാണ് മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തില്‍ തര്‍ക്കം രൂക്ഷമായത്. കരുനാഗപ്പള്ളിയില്‍ പരസ്യമായി ഏറ്റുമുട്ടുകയും സമാന്തര പ്രസിഡന്റുമാരെ പ്രഖ്യാപിച്ച്, കെപിസിസി പ്രഖ്യാപിച്ചവര്‍ ചുമതലയേല്‍ക്കുന്നത് തടയുകയും ചെയ്തു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയില്‍ പരിഗണന ലഭിക്കാത്തതിലും രമേശ് ചെന്നിത്തല ഗ്രൂപ്പിനെ അവഗണിച്ചതിലും പ്രതിഷേധിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്. മഹേഷ് രാജിക്കൊരുങ്ങിയതായും വാര്‍ത്ത പ്രചരിച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ ചില മണ്ഡലം പ്രസിഡന്റുമാരുടെ പേര് മഹേഷ് നല്‍കിയിരുന്നു. എന്നാല്‍, അതെല്ലാം കെ.സി. വേണുഗോപാല്‍ ഗ്രൂപ്പും കൊടിക്കുന്നില്‍ സുരേഷ് ഗ്രൂപ്പും വെട്ടിയെന്നാണ് പരാതി.
കരുനാഗപ്പള്ളിയില്‍ നിന്നുള്ള യുഡിഎഫ് ജില്ലാ ചെയര്‍മാനും ഡിസിസി മുന്‍ പ്രസിഡന്റുമായ കെ.സി. രാജനും മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയില്‍ പ്രതിഷേധത്തിലാണ്. പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ മൂലം ജില്ലയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: