Categories: KeralaLiterature

മകന്‍ മരിച്ചതില്‍ പിന്നെ ഒരു രാത്രി പോലും ഉറങ്ങിയിട്ടില്ലെന്ന് ശ്രീകുമാരന്‍ തമ്പി

മകന്‍റെ വേര്‍പാടിനെക്കുറിച്ചുള്ള ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയുടെ വേദന പങ്കിടല്‍ ഒരിയ്ക്കല്‍ കൂടി ചര്‍ച്ചയായി.

Published by

തിരുവനന്തപുരം: മകന്റെ വേര്‍പാടിനെക്കുറിച്ചുള്ള ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയുടെ വേദന പങ്കിടല്‍ ഒരിയ്‌ക്കല്‍ കൂടി ചര്‍ച്ചയായി. നോവലിസ്റ്റും മാതൃഭൂമി ആഴ്ചപ്പതിപ്പ് എഡിറ്ററുമായ സുഭാഷ് ചന്ദ്രനാണ് ഒരു ഗള്‍ഫ് യാത്രയ്‌ക്കിടയില്‍ അര്‍ധരാത്രിയിലും ഉറങ്ങാതിരിക്കുന്ന ശ്രീകുമാരന്‍ തമ്പിയുടെ മാനസികാവസ്ഥ പങ്കുവെച്ചത്. “എന്താണ് ഉറങ്ങാത്തത്?” – എന്ന സുഭാഷിന്റെ ചോദ്യത്തിന് “സുഭാഷ്, മകന്‍ മരിച്ചതില്‍ പിന്നെ ഒരു രാത്രി പോലും ഉറങ്ങിയിട്ടില്ല” എന്നായിരുന്നത്രെ ശ്രീകുമാരന്‍ തമ്പിയുടെ മറുപടി.

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിയുടെ ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയ്‌ക്കായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ആത്മകഥ പൂര്‍ണ്ണമായപ്പോള്‍ മാതൃഭൂമി ബുക്സ് ആണ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. ആ ആത്മകഥയ്‌ക്ക് സുഭാഷ് ചന്ദ്രന്‍ എഴുതിയ അവതാരികയിലാണ് വീണ്ടും ശ്രീകുമാരന്‍തമ്പിയുടെ മകന്റെ മരണത്തെയോര്‍ത്തുള്ള തീരാസങ്കടം പങ്കുവെച്ചത്. .

2009 മാര്‍ച്ച് 20നാണ് ശ്രീകുമാരന്‍തമ്പിയുടെ കമന്‍ രാജ് കുമാര്‍ തമ്പിയെ സെക്കന്തരാബാദിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജ് കുമാര്‍ തമ്പിയുടെ സംവിധാനത്തിലൊരുങ്ങിയ മൂന്നാമത്ത തെലുങ്കു ചിത്രം റിലീസ് ചെയ്യാനിരുന്ന ദിവസമായിരുന്നു മരണം.

12 കൊല്ലമായി ഉറക്കഗുളിക കഴിച്ചാണ് ഞാനുറങ്ങുന്നതെന്നും കുറച്ച് നാള്‍ മുന്‍പ് ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ശ്രീകുമാരന്‍തമ്പി പറഞ്ഞിരുന്നു. “മകന്റെ പുതിയ സിനിമ റിലീസ് ചെയ്യുന്നതിനാല്‍ വഴിപാട് നടത്താനായി അമ്പലത്തിലേക്ക് പോയിരുന്നു. പൂജാരിയോട് പ്രസാദം തരുന്ന സമയത്ത് താഴെവീണുപോയിരുന്നു. വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു അത്. പോസ്റ്റ്‌മോര്‍ട്ടമൊക്കെ കഴിഞ്ഞ് ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ് മകന്റെ മരണത്തെക്കുറിച്ച് അറിഞ്ഞത്. ലോകത്തിലൊരച്ഛന്റെയും ജീവിതത്തില്‍ സംഭവിക്കാത്ത കാര്യമാണ് എന്റെ ജീവിതത്തില്‍ അരങ്ങേറിയത്”- ട്വന്‍റിഫോര്‍ ചാനലിന്റെ ശ്രീകണ്ഠന്‍നായര്‍ നടത്തിയ ടിവി അഭിമുഖത്തില്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞതാണിത്. . യഥാര്‍ത്ഥത്തില്‍ ഇത് എന്റെ രണ്ടാം ജന്മമാണ്.

മകന്‍ ആത്മഹത്യ ചെയ്‌തെന്നാണ് നമ്മള്‍ കേട്ടതെന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ സാധ്യമല്ല എന്നായിരുന്നു ശ്രീകുമാരന്‍തമ്പിയുടെ മറുപടി. “അന്ന് വയലാര്‍ രവി പ്രവാസകാര്യ മന്ത്രിയാണ്. വയലാര്‍ രവി വന്ന് ആദ്യം എന്റെ മരുമകനോട് പറഞ്ഞത് ഒരു കാരണവശാലും മകന്‍ മരിച്ചിടത്തേക്ക് (ഹൈദരാബാദിലേക്ക്) ശ്രീകുമാരന്‍ തമ്പിയെ വിടരുതെന്നാണ്. തമ്പി ഹൈദരാബാദില്‍ ഇത് അന്വേഷിച്ച് പോയാല്‍ ഇതിന് പിന്നിലുള്ള മാഫിയ തമ്പിയെ കൊല്ലും. .ഒരു മലയാളിപ്പയ്യന്‍ വന്ന് മൂന്ന് പടം അവിടെ ഹിറ്റാക്കുന്നു, അത് സഹിക്കാന്‍ അവരെക്കൊണ്ട് കഴിയില്ല”.- ശ്രീകുമാരന്‍ തമ്പി പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മകന്‍ എന്നും ശ്രീകുമാരന്‍ തമ്പി മറ്റൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഒരിയ്‌ക്കല്‍ ഞാന്‍ ഗംഗയുെ തീരത്ത് പോയി. ഒറ്റയ്‌ക്ക് അവിടെ നിന്നും കണ്ണടച്ചു ധ്യാനിച്ചപ്പോള്‍ എന്റെ മനസ്സില്‍ തെളിഞ്ഞത് മകന്റെ രൂപമാണ്. അച്ഛന്‍ ഇത്ര പാവമായിപ്പോയല്ലോ, മരണം നല്ലതല്ലേ എന്ന് അവന്‍ എന്നോട് മന്ത്രിക്കുന്നതായി തോന്നി. മകന്റെ മരണ ശേഷം എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. പല വിട്ടുവീഴ്ചകളും ചെയ്യാന്‍ ഞാന്‍ തയ്യാറായതുപോലും അവന്റെ വേര്‍പാടിന് ശേഷമാണ്. മരണത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും തീഷ്ണമായി ചിന്തിക്കാനും തുടങ്ങി. യഥാര്‍ത്ഥത്തില്‍ ഇത് എന്റെ രണ്ടാം ജന്മമാണ്. ആ ദുരന്തത്തിന് ശേഷം ദൈവങ്ങളോട് എനിക്ക് വലിയ അമര്‍ഷം തോന്നി. വിഗ്രഹങ്ങളെല്ലാം വലിച്ചെറിഞ്ഞു. പിന്നീട് വിശ്വാസത്തിലേക്ക് മടങ്ങി വന്ന് അവയെല്ലാം പുനപ്രതിഷ്ഠിച്ചു.- ശ്രീകുമാരന്‍ തമ്പി മനോരമയ്‌ക്ക് മൂന്ന് വര്‍ഷം മുന്‍പ് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണിവ.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക