ടെല്‍ അവീവ് : ഇസ്രയേല്‍ -ഹമാസ് പോരില്‍ അറബ് രാഷ്‌ട്രങ്ങളുടെ ഇസ്രയേലിനെതിരായ വികാരം മുതലെടുക്കാന്‍ റഷ്യയും ചൈനയും ഒറ്റക്കെട്ടായി രംഗത്ത്. ഇതുവഴി അമേരിക്കയുടെ മധ്യേഷ്യയിലെ സ്വാധീനം ദുര്‍ബലപ്പെടുത്തുകയാണ് ചൈനയുടെയും റഷ്യയുടെയും ലക്ഷ്യം. ഇതോടെ ഇസ്രയേല്‍-ഹമാസ് യുദ്ധം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ മാത്രമല്ല, വികസ്വര രാഷ്‌ട്രങ്ങളുടെ മുഴുവന്‍ രക്ഷകരാകാനാണ് ചൈനയുടെയും റഷ്യയുടെയും സംയുക്ത ശ്രമം.
ഈജിപ്തുമായി ഇക്കാര്യത്തില്‍ ചൈനയും റഷ്യയും അടുത്ത ബന്ധമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇറാന്‍, യുഎഇ, ഖത്തര‍്, ലെബനന്‍, സിറിയ, തുര്‍ക്കി എന്നിവയുടെ പിന്തുണയും ഉറപ്പാക്കും. അറബ് രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെടെ 56 ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ പിന്തുണ ഇക്കാര്യത്തില്‍ ലഭിക്കുമെന്നാണ് റഷ്യയുടെയും ചൈനയുടെയും കണക്ക് കൂട്ടല്‍. ഉക്രൈനെതിരായ യുദ്ധത്തില്‍ പാശ്ചാത്യരാഷ്‌ട്രങ്ങളുടെ ഒന്നിച്ചുള്ള ആക്രമണത്തില്‍ പ്രതിരോധത്തിലായ റഷ്യ ഇസ്രയേല്‍-ഗാസ യുദ്ധസാഹചര്യം മുതലെടുത്ത് പുതിയ മേഖലകളില്‍ നിന്നുള്ള രാഷ്ടങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ്.
മറുവശത്ത് ഹമാസിനും പലസ്തീനും ഇറാനുള്‍പ്പെടെയുള്ള അറബ് രാഷ്‌ട്രങ്ങള്‍ക്കുമൊപ്പം ചൈനയും റഷ്യയും നില്‍ക്കുന്നതോടെ അമേരിക്കയ്‌ക്ക് ഈ യുദ്ധം കനത്ത വെല്ലുവിളിയായിരിക്കുകയാണ്. ഈ യുദ്ധം യുഎസിന്റെ മധ്യേഷ്യന്‍ നയത്തിന്റെ പരാജയമാണെന്നു കൂടി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ വിമര്‍ശിച്ചിരുന്നു. ദക്ഷിണമേഖലയില്‍ യുഎസിന്റെയും സഖ്യകക്ഷികളുടെയും സ്വാധീനം തടയാനും ഇവിടുത്തെ സാമ്പത്തികസ്രോതസ്സ് ഉപയോഗപ്പെടുത്താമെന്നും റഷ്യയും ചൈനയും കണക്ക് കൂട്ടുന്നു. ചൈനയാകട്ടെ ഈയാഴ്ച ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയുടെ ഭാഗമായി ഒരു വലിയ ഉച്ചകോടി ബെയ് ജിംഗില്‍ വിളിച്ചുചേര്‍ത്തിരുന്നു. ഇതില്‍ പുടിനും എന്തിന് താലിബാന്‍ നേതാക്കള്‍ വരെ പങ്കെടുത്തു.
ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്നില്‍ പ്രമേയം അവതരിപ്പിച്ചത് റഷ്യയുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ ഈ പ്രമേയം യുഎസ് വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടു. ചൈനയും യുഎഇയും റഷ്യയുടെ ഈ പ്രമേയത്തെ യുഎന്നില്‍ അനുകൂലിച്ചിരുന്നു. ഭീകരസംഘടനയായ ഹമാസിന് റഷ്യ പിന്തുണ നല്‍കുകയാണെന്നാണ് യുഎന്നിലെ യുഎസ് പ്രതിനിധി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് ആരോപിച്ചത്. എന്നാല്‍ ഹമാസ് എന്ന തീവ്രവാദ സംഘടനയെ പിന്തുണച്ചതിനാലാണ് പ്രമേയത്തെ എതിര്‍ത്തെന്ന് യുഎസ് പറയുന്നു. അടിയന്തരമായി വെടിനിര്‍ത്തണമെന്ന് ആവശ്യപ്പെടുക മാത്രമല്ല, ഗാസയിലെ ആക്രമത്തിന്റെ പേരില്‍ ഇസ്രയേലിനെ വിമര്‍ശിക്കുക കൂടി ചെയ്തു ചൈന.
ഗാസയിലേക്ക് അടിയന്തരസഹായമെന്ന നിലയില്‍ 27 ടണ്‍ വസ്തുക്കളാണ് റഷ്യ അയച്ചത്. അത് ഈജിപ്തിലെ റെഡ് ക്രസന്‍റ് വഴി വിതരണം ചെയ്യും. അമേരിക്കയുള്‍പ്പെടെ പാശ്ചാത്യ രാഷ്‌ട്രങ്ങളില്‍ പ്രശസ്തമായ റെഡ് ക്രോസ് പോലെ ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ സന്നദ്ധ സേവനസംഘമാണ് റെഡ് ക്രസന്‍റ്. ഈജിപ്തിലെ പ്രധാനമന്ത്രി മൊസ്തഫ മദ്ബൂലിയെ ചൈനയുടെ ഷീ ജിന്‍പിങ്ങ് ബെയ് ജിംഗില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസയില്‍ സമാധാനം കൊണ്ടുവരാന്‍ ഈജിപ്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് ഷീ ജിന്‍പിങ്ങ് പ്രസ്താവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: