കുമ്മനം രാജശേഖരന്‍
ക്ഷേത്രങ്ങളെ സി.പി.എമ്മിന്റെ നിയന്ത്രണത്തിൽ കൊണ്ട് വന്ന് പാർട്ടിയുടെ ഉപഗ്രഹമാക്കി മാറ്റുക എന്ന ദുഷ്ടലാക്കാണ് ദേവസ്വം ബോർഡിന്റെ പുതിയ സർക്കുലറിന് പിന്നിലുളളത്.
തീവ്രവാദ പ്രസ്ഥാനമാണെന്ന് വരുത്തിത്തീർത്ത് ആർ.എസ്.എസിനെ ക്ഷേത്രങ്ങളിൽ നിന്നും പരിപൂർണ്ണമായി തുടച്ചു നീക്കുകയും ക്ഷേത്രങ്ങളെ സി.പി.എമ്മിന്റെ വരുതിയിലാക്കി കമ്മ്യുണിസ്റ്റാശയങ്ങൾ പ്രചരിപ്പിക്കുന്ന കേന്ദ്രമാക്കുകയുമാണ് ബോർഡിന്റെ ലക്ഷ്യം.
ക്ഷേത്രാചാരങ്ങൾക്കോ വിശ്വാസങ്ങൾക്കോ വിരുദ്ധമായി എന്തെങ്കിലും പ്രവർത്തനം ആർ.എസ്.എസ് നടത്തുന്നതായി ദേവസ്വം ബോർഡ് യുക്തി ഭദ്രമായി തെളിയിച്ചിട്ടില്ല. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിലും ആചാരസംരക്ഷണത്തിനും ഒട്ടേറെ ത്യാഗം സഹിച്ചിട്ടുളളവരാണ് ആർ.എസ്.എസ് പ്രവർത്തകർ. അന്യാധീനപ്പെട്ടു പോയ ദേവസ്വം ഭൂമി വീണ്ടെടുക്കാനും ജീർണ്ണോദ്ധാരണം നടത്തി നവീകരിക്കാനും എക്കാലവും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്.
1983ൽ നിലക്കൽ പള്ളിയറക്കാവ് തച്ചുതകർത്തപ്പോൾ ക്ഷേത്ര സംരക്ഷണച്ചുമതല ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡൻറ് ഉൾപ്പടെയുള്ള അധികാരികൾ ആർഎസ്എസ് കാര്യാലയത്തിൽ വന്നതും ബോർഡിനു വേണ്ടി പ്രവർത്തകർ കഷ്ടനഷ്ടങ്ങൾ സഹിച്ചതും മറക്കാൻ സമയമായിട്ടില്ല. .പോലീസുകാർ പണിമുടക്കിയപ്പോൾ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ സേവന സന്നദ്ധരായി പെട്ടെന്ന് ആയിരക്കണക്കിന് പ്രവർത്തകർ ദേവസ്വം ബോർഡിന് തുണയായെത്തിയത് ഇപ്പോഴത്തെ ദേവസ്വം അധികാരികൾക്ക് അറിവുണ്ടാവില്ല. വൈക്കം ക്ഷേത്രത്തിന്റെ കൊടിമരച്ചുവട്ടിലെ നാണയങ്ങൾ സർക്കാർ കൊണ്ടു പോയപ്പോഴും ഏറ്റുമാനൂരപ്പന്റെ തങ്കവിഗ്രഹം മോഷണം പോയപ്പോഴും പുതിയകാവ് ക്ഷേത്ര മൈതാനം അന്യാധീനപ്പെട്ടപ്പോഴും ചെട്ടികുളങ്ങര ക്ഷേത്രത്തിൽ വെടിവെപ്പ് ഉണ്ടായപ്പോഴും ബോർഡിനൊപ്പം നിന്ന് പോരാടാൻ ആർ എസ് എസ് ഉണ്ടായിരുന്നു. അങ്ങനെ “എത്ര എത്ര സന്ദർഭങ്ങൾ”.
ഔദാര്യമോ സൗജന്യമോ, മുൻഗണനയോ ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ന് കിട്ടണമെന്ന ഉദ്ദേശത്തോടെയല്ല മേൽ വിവരിച്ച സംഭവങ്ങൾ ചൂണ്ടിക്കാണിച്ചത്. ദേവസ്വം ബോർഡിന്റെയും ക്ഷേത്രങ്ങളുടെയും താൽപ്പര്യത്തിന് വിരുദ്ധമായി ആർ.എസ്.എസ് ഒന്നും ചെയ്തിട്ടില്ല. വസ്തുത ഇതായിരിക്കെ, ആയുധ പരിശീലനം നടത്തുന്നു എന്ന പച്ച നുണ പറഞ്ഞ് ആർ.എസ്.എസിനെ വേട്ടയാടുന്നത് രാഷ്ടീയ ലക്ഷ്യം വച്ചു കൊണ്ടാണ്.
ആർ.എസ്.എസ് ക്ഷേത്രങ്ങൾക്കു വേണ്ടി ചെയ്ത നല്ല കാര്യങ്ങൾ കണക്കിലെടുക്കാനോ മനസ്സിലാക്കാനോ ദേവസ്വം ബോർഡ് തയ്യാറാകുന്നില്ല. നന്ദി വേണ്ടാ. നിന്ദ എന്തിനാണ് ? സ്വന്തം രാഷ്‌ട്രീയ അധികാര കേന്ദ്രങ്ങളാക്കി ക്ഷേത്രങ്ങളെ മാറ്റാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്.
ആർ.എസ്.എസിനെ ഉന്മൂലനം ചെയ്തുവെങ്കിൽ മാത്രമേ തങ്ങൾക്ക് സ്വാർത്ഥ രാഷ്‌ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാനും അഴിമതി നടത്താനും സാധിക്കു എന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിനാധാരം.
ചിത്രങ്ങളും ഏകവർണ്ണമുളള കൊടിതോരണങ്ങളും ക്ഷേത്രങ്ങളിൽ പാടില്ലെന്നാണ് പുതിയ നിയമം. ക്ഷേത്രങ്ങളിലെ പ്രധാനപ്പെട്ട ചടങ്ങാണ് കൊടിയേറ്റ്. എകവർണ്ണത്തിലുളളതാണ് പല ക്ഷേത്രങ്ങളിലേയും ധ്വജം. ശബരിമല, ശിവഗിരി, പഴനി തീർത്ഥാടകർ യാത്രാമദ്ധ്യേ ഏക വർണ്ണമുളള കൊടികളുമായാണ് ക്ഷേത്രങ്ങളിൽ ദർശനം നടത്താറ്. കാവിയോടാണ് എതിർപ്പെങ്കിൽ സന്യാസിമാർക്കും വിലക്ക് വരും. നിറങ്ങളോടുളള ദേവസ്വം ബോർഡിന്റെ വിരോധം ബഹുസ്വരതയും ആചാരവൈവിധ്യവുമുളള ഹിന്ദു സമുഹത്തിന്റെ വിശാല കാഴ്ചപ്പാടിന് വിരുദ്ധമാണ്.
ക്ഷേത്രപരിസരത്ത് മറ്റ് പ്രവർത്തനമൊന്നും പാടില്ലന്നാണ് ബോർഡ് അനുശാസിക്കുന്നത്. ഇതു മൂലം ദേവസ്വം ജീവനക്കാരുടെ യൂണിയൻ പ്രവർത്തനം മാത്രമല്ല ഗീതാജ്ഞാന യജ്ഞം, സപ്താഹയജ്ഞം, തുടങ്ങി ഭക്ത ജന കൂട്ടായ്‌മയിലൂടെ നടത്തി വരുന്ന പല ആധ്യാത്മിക, ധാർമ്മിക പ്രവർത്തനങ്ങളും നിർത്തിവെക്കേണ്ടി വരും. ഓരോ ക്ഷേത്രത്തിലും അതിന്റെതായ ചരിത്രപരവും ആചാരപരവുമായ സവിശേഷതകളിലൂടെ നില നിന്നു വരുന്ന ഭക്ത ജനസംരംഭങ്ങളും കൂട്ടായ്‌മകളും ഉണ്ട്. ഇവയെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കിയാലുളള ഭവിഷ്യത്ത് വളരെ വലുതാണ്.
ആയുധ പരിശീലനത്തെ എതിർക്കുന്നത് ആയുധത്തോടുള്ള അസഹിഷ്ണുത കൊണ്ടാണെങ്കിൽ വെളിച്ചപ്പാടിനെയും ആയുധധാരികളായ ദേവീദേവന്മാരെയും ക്ഷേത്ര മതിലിന് പുറത്താക്കേണ്ടി വരും. പുതിയ സർക്കുലർ പ്രകാരം ആയുധപൂജ, വേലകളി തുടങ്ങിയവയ്‌ക്കെതിരെയും നടപടി സ്വീകരിക്കാനിടയുണ്ട്. കളരിയും വ്യായാമശാലകളും യോഗവിദ്യാപീoങ്ങളുo ഗ്രന്ഥശാലയുമെല്ലാമടങ്ങുന്ന സാമൂഹ്യ ജീവിത കേന്ദ്ര ബിന്ദുക്കളാണ് ക്ഷേത്രങ്ങൾ .പണം കായ്‌ക്കുന്ന മരമായി ക്ഷേത്രത്തെ കാണുന്നവരുടെ നോട്ടം കാണിക്കവഞ്ചിയിൽ മാത്രമായിരിക്കും. ധർമ്മം., പൈതൃകം, സംസ്ക്കാരം, പാരമ്പര്യം, കല, സാഹിത്യം തുടങ്ങി ബഹുമുഖങ്ങളായ ജീവിത മേഖലകളെ സ്പർശിക്കുന്നതാണ് ക്ഷേത്രാചാരങ്ങൾ.
ഉത്സവനോട്ടീസുകളിൽ മഹാന്മാക്കളുടെ ഉദ്ധരണികളോ ചിത്രങ്ങളോ പാടില്ലന്ന നിബന്ധന ദുരുദ്ദേശ്യപരമാണ്. സ്വാമി വിവേകാനന്ദൻ, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ തുടങ്ങിയവരുടെ ചിത്രങ്ങളും ഉദ്ധരണികളും ക്ഷേത്രവിരുദ്ധമാണോ?. ഭാവിയിൽ ക്ഷേത്ര പ്രസിദ്ധീകരണങ്ങളെയെല്ലാം പാർട്ടി സാഹിത്യങ്ങളാക്കി മാറ്റുക എന്ന ദീർഘകാല ലക്ഷ്യം ബോർഡ് അധികാരികൾക്കുണ്ടെന്ന് വ്യക്തം.
നാമജപഘോഷത്തോടും ദേവസ്വം ബോർഡിന് എതിർപ്പാണ്. പ്രതിഷേധ സൂചകമായി നാമം ജപിക്കാൻ പാടില്ലത്രേ. നാമം ജപിക്കുക എന്നത് ഭക്തന്റെ ഭരണഘടനാദത്തമായ ആരാധനാ സ്വാതന്ത്ര്യവും ആചാരാനുഷ്ഠാനത്തിനുളള അവകാശവുമാണ്. നാമം ജപിക്കുന്നത് ഏത് കാര്യസാധ്യത്തിനുമാകാം. അതൊരു വഴിപാടാണ്. ദേവസ്വം ബോർഡ് അധികൃതർക്ക് സൽബുദ്ധിയുണ്ടാവാനും നാമം ജപിക്കാം. ഭക്തന്റെ ഉള്ളിൽ ദുഃഖമോ അസ്വസ്ഥതയോ പ്രതിഷേധമോ ഉണ്ടാകുമ്പോഴാണ് ഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുന്നത്. അതും പാടില്ല എന്നു പറഞ്ഞാൽ ക്ഷേത്രങ്ങളുടെ അടിസ്ഥാന തത്ത്വത്തെ ധ്വംസിക്കുകയാവും ഫലം.
ക്ഷേത്ര വിരുദ്ധമായതും ഭക്ത ജനങ്ങളുടെ താല്പര്യങ്ങളെ നിഷേധിക്കുന്നതുമായ ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനങ്ങൾ പിൻവലിക്കണം. അബദ്ധജടിലമായ പ്രസ്തുത സർക്കുലറിന്റെ പിന്നിൽ പ്രവർത്തിച്ച ബുദ്ധി കേന്ദ്രം എ.കെ.ജി സെന്റർ ആണെന്ന് എല്ലാവർക്കും അറിയാം. ആർ.എസ്.എസ് പ്രവർത്തകർക്ക് ക്ഷേത്രത്തിൽ പ്രവേശനം വിലക്കികൊണ്ടുളളതാവാം അടുത്ത സർക്കുലർ.
രാഷ്‌ട്രീയ വേർതിരുവുകൾക്ക് അതീതമായി ക്ഷേത്ര താൽപ്പര്യം ഉയർത്തിപ്പിടിച്ചും എല്ലാവരേയും ഉൾക്കൊണ്ടും വിശാലവും സമഗ്രവുമായ സമീപനമാണ് ദേവസ്വം ബോർഡിന് ഉണ്ടാകേണ്ടത്. അതുവഴി ശാന്തവും ഭക്തി നിർഭരവുമായ സമാധാനാന്തരീക്ഷം ക്ഷേത്രങ്ങളിൽ ഉണ്ടാകുന്നതിന് ദേവസ്വം ബോർഡ് അടിയന്തിര നടപടികൾ കൈകൊളളണമെന്നഭ്യർത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: