ഗുരുവായൂര്‍ അമ്പലത്തിലെ പാചകവിവാദം, തൃപ്പൂണിത്തുറയിലെ കാലുകഴുകിച്ചൂട്ടുവിവാദം, കൂടല്‍മാണിക്യത്തിലെ നൃത്തവിവാദം, കലോത്സവത്തിലെ സസ്യഭക്ഷണവിവാദം, ഗണപതിവിവാദം, സനാതനധര്‍മ്മവിവാദം എന്നിങ്ങനെ വിവാദങ്ങളുടെ ഒരു ഘോഷയാത്ര തന്നെ കേരളക്കരയില്‍ നമുക്കു ഈ അടുത്ത കാലത്ത് കാണാന്‍ കഴിയുന്നു.
ഈ വിവാദങ്ങള്‍ക്ക് തുടര്‍ച്ച എന്നപോലെ ഒരു ലക്ഷ്യവും ഘടനയും കാണാന്‍ കഴിയും. ഏതദ്ദേശീയമായ ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസപദ്ധതികള്‍, തത്വചിന്തകള്‍ എന്നിവയേയും അവയെ പിന്തുടരുന്ന ഹിന്ദുവിഭാഗങ്ങളേയുമാണ് അവ ഉന്നംവയ്‌ക്കുന്നത്. നിഷ്‌കളങ്കം എന്ന മട്ടില്‍ ഏതെങ്കിലും ഒരു കോണില്‍ നിന്ന് ആരെങ്കിലും ഒരാള്‍ ഒരു വിവാദപ്രസ്താവം, തിരി കൊളുത്തുമ്പോലെ നടത്തുന്നു. തുടര്‍ന്ന് പല കോണുകളില്‍ നിന്ന് പലര്‍ അതിനെ കാട്ടുതീ എന്ന പോലെയോ സൃഗാലഘോഷം എന്ന പോലെയോ ആളിപ്പടര്‍ത്താന്‍ ശ്രമിക്കുന്നു. പുസ്തകപ്രസാധനം, പ്രബന്ധാവതരണം, മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ലേഖനമെഴുതല്‍, ചര്‍ച്ച നടത്തല്‍, അഭിമുഖം നല്‍കല്‍ മുതലായ എല്ലാ വഴികളും പ്രയോജനപ്പെടുത്തി സമൂഹത്തില്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.
ഇത്തരം വിവാദശൃംഖലയിലൂടെ സമൂഹബോധത്തില്‍ ദ്വന്ദ്വനിര്‍മ്മാണം (ബൈനറി ക്രിയേഷന്‍)നടത്തുകയാണ് വൈദേശികങ്ങളായ മത- ഇസവിഘടനശക്തികള്‍ ആസൂത്രിതമായി ചെയ്യുന്നതെന്ന് വ്യക്തം. ജാതിവിഭാഗീയത (Cast Divide)ദേശവിഭാഗീയത(North-South Divide), ഗോത്രവിഭാഗീയത (North-East Divide), സമ്പ്രദായവിഭാഗീയത (Hindu -Sikh Divide, Hindu -Bauddha Divide, Hindu -Jaina Divide) എന്നിങ്ങനെ വേറെയും പല തരം ബൈനറികളുടെ നിര്‍മ്മാണം, അവയുടെ പ്രയോഗത്തിനുള്ള ടൂള്‍കിറ്റുകള്‍ തയ്യാറാക്കല്‍ എന്നിവയും തകൃതിയായി ഇക്കൂട്ടര്‍ ചെയ്തുവരുന്നു.
തുടക്കത്തില്‍ പറഞ്ഞ മറ്റു വിവാദങ്ങള്‍ കേരളക്കരയിലും മലയാളികളിലും ഏറക്കുറെ ഒതുങ്ങിനിന്നപ്പോള്‍ സനാതനധര്‍മ്മവിവാദത്തിന് പ്രാദേശികമാനത്തിനു പുറമേ ദേശീയവും അന്തര്‍ദ്ദേശീയവുമായ മാനങ്ങള്‍ കൈവന്നു. സനാതനധര്‍മ്മം എന്ന പദത്തിന്റെ പ്രയോഗം, ആ പദത്തിന്റെ പിന്നിലുള്ള ആശയം എന്നിവയെക്കുറിച്ചുള്ള ചൂടേറിയ വാദവിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. മേല്‍വിവരിച്ച എല്ലാ വിവാദങ്ങളുടെയും വിക്ഷേപണത്തിനുള്ള അടിത്തറപോലെ നിലക്കൊള്ളുന്നതാണ് ഈ സനാതനധര്‍മ്മവിവാദം.
ഭിന്നിപ്പിച്ചു ഭരിക്കല്‍
ഭാരതത്തെ, ഭാരതീയതയെ, ഭാരതീയരെ പഠിക്കാന്‍ തുനിഞ്ഞിറങ്ങിയ ആംഗ്ലോ- ജര്‍മ്മന്‍ പണ്ഡിതന്മാര്‍ സനാതനധര്‍മ്മത്തെ കുറിച്ചു സൃഷ്ടിച്ച ആശയക്കുഴപ്പം ആണ് ഈ വിവാദത്തിന് അടിസ്ഥാനം. അവരെ പിന്തുടര്‍ന്ന സ്വദേശികളായ യാഥാസ്ഥിതിക പണ്ഡിതന്മാരും മാര്‍ക്‌സിയന്‍ പണ്ഡിതന്മാരും ഇതിന് ആക്കം കൂട്ടി. ഈ പാശ്ചാത്യ പണ്ഡിതര്‍ മുന്നോട്ടു വെച്ച ആര്യദ്രാവിഡവാദം, ആര്യ-ദസ്യുക്കള്‍ തമ്മിലുള്ള സംഘര്‍ഷകഥയായി വേദത്തിന്റെ അവതരണം, ഭാരതീയരുടെ ഏക വിശുദ്ധഗ്രന്ഥം എന്ന നിലക്ക് വേദത്തെ പുകഴ്‌ത്തല്‍, ഹിന്ദു= വൈദികം എന്ന സമവാക്യപ്രചരണം, അതുപോലെ ജാതിയും വര്‍ണ്ണവും കാസ്റ്റും ഒന്നാണെന്ന തെറ്റായ സമീകരണം മുതലായ ആഖ്യാനങ്ങള്‍ പില്‍ക്കാലങ്ങളില്‍ ഭാരതീയസമൂഹത്തില്‍ പല തരത്തിലുള്ള ധ്രുവീകരണത്തിനു സഹായകം ആയി.
യാഥാസ്ഥിതിക പണ്ഡിതര്‍ ആകട്ടെ വൈദികം മാത്രമാണ് ഭാരതീയതയുടെ ഉരകല്ല് എന്ന നിലപാടിലുറച്ചു. സനാതനധര്‍മ്മം=വൈദികധര്‍മ്മം= വര്‍ണ്ണാശ്രമധര്‍മ്മം എന്നു വാദിക്കുന്ന ചില ഹിന്ദുക്കള്‍ സനാതനികള്‍ എന്നു സ്വയം കരുതി മറ്റു ഹിന്ദുവിഭാഗങ്ങളെ അകറ്റി നിര്‍ത്തി. മാര്‍ക്‌സിയന്‍ പണ്ഡിതന്മാര്‍ ആകട്ടെ സവര്‍ണ്ണ/അവര്‍ണ്ണ, വൈദിക/അവൈദിക, ചൂഷക/ചൂഷിതാദി ദ്വന്ദ്വബോധങ്ങളെ ചേരുംപടി ചേര്‍ത്ത് സമൂഹത്തിന്റെ താഴെതട്ടില്‍ വരെ എത്തിക്കാന്‍ ആംഗ്ലോ- ജര്‍മ്മന്‍ പണ്ഡിതന്മാരുടെയും സനാതനികളുടെയും ആഖ്യാനങ്ങളെ അതിസമര്‍ത്ഥമായി ഉപയോഗിച്ചു. അങ്ങനെ ഇന്ന് ഹിന്ദുക്കള്‍ അഥവാ സവര്‍ണ്ണര്‍ അഥവാ സനാതനധര്‍മ്മികള്‍ ഒരു വശത്തും അവര്‍ണ്ണര്‍ + ദളിതര്‍ + ന്യൂനപക്ഷര്‍ എന്ന വിശാല ഐക്യമുന്നണി മറുവശത്തും എന്ന നിലക്കുള്ള ബൈനറി തട്ടിക്കൂട്ടാനുള്ള തിരക്കിലാണ് വിഘടനശക്തികള്‍. മറ്റു ബൈനറി നിര്‍മ്മാണവും കാസ്റ്റ് സെന്‍സസ്സും മറ്റും അതിലേക്കുള്ള രാജപാത ആയി അവര്‍ കരുതുന്നു.
ഇതിന്റെ കൂടെ യുവജനങ്ങളെ ലക്ഷ്യമാക്കി പുരോഗമനപരം, ശാസ്ത്രീയം എന്ന മട്ടില്‍ കലാലയങ്ങളിലും മറ്റു വ്യാപകമായി പ്രചരിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന നവലിബറലിസം അഥവാ അതിരില്ലാത്ത സ്വാതന്ത്ര്യവാദം, ലൈംഗിക അരാജകവാദം, മയക്കുമരുന്നുപയോഗം തുടങ്ങിയ ചേരുവകള്‍ കൂടി ചേര്‍ക്കുമ്പോള്‍ ഒരു സമൂഹത്തെ വേരോടെ തകര്‍ക്കുവാന്‍ പര്യാപ്തമായ മസാലക്കൂട്ടു പൂര്‍ണ്ണമാകുന്നു.
ഭാരതീയര്‍ ഒരൊറ്റ സമൂഹമോ രാഷ്‌ട്രമോ ആയിരുന്നില്ല. അതിനാവശ്യമായ ആശയപരമായ പൊതുഅടിത്തറ ഭാരതീയര്‍ക്ക് ഇല്ലായിരുന്നു. ബ്രിട്ടീഷ് ഭരണം ആണ് രാഷ്‌ട്രബോധം നമ്മില്‍ നിര്‍മ്മിച്ചത് എന്നതും നമ്മെക്കുറിച്ചുള്ള പല ആംഗ്ലോ-ജര്‍മ്മന്‍, മാര്‍ക്‌സിസ്റ്റ് ആഖ്യാനങ്ങളില്‍ ഒന്നാണ്. ആധുനികകാലത്തെ ഹിന്ദുത്വവാദികള്‍ അവരുടെ രാജനൈതികമായ താല്‍പ്പര്യം സംരക്ഷിക്കുവാന്‍ മെനയുന്ന ഒന്നാണ് ഹിന്ദുരാഷ്‌ട്രസിദ്ധാന്തം എന്ന ആഖ്യാനവും ഇതോടൊപ്പം നവമാര്‍ക്സ്സിസ്റ്റുകള്‍ ഉയര്‍ത്തുന്നുï്. ഈ ഒരൊറ്റ ആഖ്യാനത്തിന്റെ സത്യാവസ്ഥ തേടിയാല്‍ തന്നെ സനാതനധര്‍മ്മത്തിന്റെ പൊരുളും ആംഗ്ലോ-ജര്‍മ്മന്‍, മാര്‍ക്‌സിസ്റ്റ് ആഖ്യാനങ്ങളിലെ പതിരും നമുക്കു തെളിഞ്ഞു കിട്ടും
പ്രതികരിക്കാൻ ഇവിടെ എഴുതുക: