പ്രസവശേഷം 50 ശതമാനം സ്ത്രീകളിലും ചെറിയ തോതിലെങ്കിലും മാനസിക സമ്മർദം അനുഭവപ്പെടാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ദൈനംദിന ജീവിതത്തെ ബാധിക്കുകയും കുഞ്ഞിന്റെ ജീവനുപോലും ഭീഷണിയാകുകയും ചെയ്യുന്ന അവസ്ഥയാണ് പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍ (Postpartum Depression) അല്ലെങ്കില്‍ പ്രസവാനന്തര വിഷാദം. അകാരണമായ കരച്ചില്‍, ഭയം, ചില സമയങ്ങളില്‍ സന്തോഷം തുടങ്ങിയവ ഇടകലര്‍ന്ന് അനുഭവപ്പെടുന്നതിനാല്‍ കടുത്ത വൈകാരിക അസന്തുലിതാവസ്ഥയിലൂടെയാണ് പല സ്ത്രീകളും ഈ ഘട്ടത്തില്‍ കടന്നുപോകാറുള്ളത്.
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ സ്ത്രീകള്‍ക്ക് മാത്രമാണ് അനുഭവപ്പെടുന്നതെന്നായിരുന്നു ഇതുവരെയുള്ള പൊതുധാരണ. എന്നാല്‍ ഇത് അമ്മാരെ മാത്രമല്ല അച്ഛന്‍മാരെയും അലട്ടുന്ന ഒന്നാണെന്നാണ് പുതിയ കണ്ടെത്തല്‍. പഠനത്തില്‍ പങ്കെടുത്ത പുരുഷന്മാരില്‍ എട്ട് മുതല്‍ 13 ശതമാനം പേര്‍ക്കും കുട്ടിയുണ്ടായശേഷം പാസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
പഠനത്തില്‍ പങ്കെടുത്ത 24 പേരില്‍ 30 ശതമാനം പേര്‍ക്കും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. സമ്മര്‍ദ്ദം, പേടി, ജോലിയും വീട്ടിലെ ഉത്തരവാദിത്തങ്ങളും എങ്ങനെ ഒന്നിച്ചുകൊണ്ടുപോകുമെന്ന ആകുലത തുടങ്ങി പല ബുദ്ധിമുട്ടുകളിലൂടെയാണ് ഇവര്‍ കടന്നുപോകുന്നത്. എന്നാല്‍, പുരുഷന്മാര്‍ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറയാറില്ലെന്നും പലപ്പോഴും ഇത്തരം ആകുലതകള്‍ ഉള്ളിലൊതുക്കുകയാണ് പതിവെന്നുമാണ് ഗവേഷകര്‍ പറയുന്നത്. പങ്കാളി വിഷാദത്തിലാണെങ്കില്‍ പോസ്റ്റുപാര്‍ട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ അവസ്ഥ കൂടുതല്‍ ദുഷ്‌കരമായിരിക്കുമെന്നും പഠനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: