ഗാന്ധിനഗര്‍: സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച പാക് ചാരന് പിടിയിൽ. ഇന്ത്യന്‍ പൗരത്വം ലഭിച്ച ലാഭ്ശങ്കർ മഹേശ്വരിയാണ് ഗുജറാത്ത് എടിഎസ്സിന്റെ പിടിയിലായത്.
വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളുടെ മറവിലായിരുന്നു സൈനിക വിവരങ്ങൾ ചോർത്തിയത്. രാജ്യത്തെ സൈനിക സ്കൂളുകളിലെ കുട്ടികളുടെയും സൈനികരുടെയും സൈനികരുടെ ബന്ധുക്കളുടെയും വാട്സ്ആപ്പില്‍ വ്യാജ ലിങ്ക് അയച്ചായിരുന്നു ചാര പ്രവര്‍ത്തനം. ‘ഹര് ഘര്‍ തിരംഗ’ പ്രചാരണത്തിന്റെ ഭാഗമായി ദേശീയ പതാകയുമായി നില്ക്കുന്ന ചിത്രങ്ങള്‍ അയക്കുമ്പോള്‍ സമ്മാനം ലഭിക്കുമെന്നായിരുന്നു പ്രചാരണം.
തുടര്‍ന്ന് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു രീതി. പാക് ചാര സംഘടനയായിരുന്നു വാട്സ് ആപ്പും അനുബന്ധ വ്യാജ ആപ്പും നിയന്ത്രിച്ചിരുന്നത്. ഇന്ത്യൻ സിം ഉപയോഗിച്ചാണ് വിവരങ്ങൾ ചോർത്തിയിരുന്നത്.
1999-ലാണ് ഇയാള്‍ ഇന്ത്യയില്‍ എത്തുന്നത്. ഗുജറാത്തില്‍ വര്‍ഷങ്ങളായി ബിസിനസ് ചെയ്യുകയായിരുന്നു. ഇയാളുടെ ബന്ധുക്കളും കുടുംബവും പാകിസ്താനിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: