ശ്രീഹരിക്കോട്ട: അനിശ്ചിതത്വത്തിനൊടുവിൽ ഗഗൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം വിജയം. ഓട്ടമാറ്റിക് ലോഞ്ച് സീക്വൻസിലെ തകരാറിനെ തുടർന്ന് മാറ്റിവെച്ച വിക്ഷേപണം രാവിലെ 10 മണിയോടെയാണ് നടത്തിയത്. ക്രൂ എസ്‌കേപ്പ് സിസ്റ്റം വിക്ഷേപണ വാഹനത്തിൽ നിന്നും വേർപെടുകയും പാരച്ചൂട്ടുകൾ വിടരുകയും ചെയ്തതോടെയായിരുന്നു പരീക്ഷണം വിജയകരമായി പൂർത്തിയാത്.
ഗഗൻയാൻ വിക്ഷേപണത്തിന് മുന്നോടിയായുള്ള നിർണായക പരീക്ഷണം ആയിരുന്നു ഇത്. ഗഗൻയാൻ ടിവി – ഡി വിക്ഷേപണ വാഹനത്തിലായിരുന്നു പരീക്ഷണം. വിക്ഷേപിച്ച് 62 സെക്കൻഡിനുള്ളിൽ തന്നെ വിക്ഷേപണ വാഹനത്തിൽ നിന്നും ക്രൂ എസ്‌കേപ്പ് സിസ്റ്റം വേർപെട്ടു. പിന്നീട് 97 മത്തെ സെക്കൻഡിൽ ക്രൂ മൊഡ്യൂൾ റോക്കറ്റിൽ നിന്നും വേർ പെടുകയായിരുന്നു. സെക്കൻഡുകൾക്ക് ശേഷം പാരച്ചൂട്ടൂകളും വിടർന്നു.
കടലിൽ നിന്നും വിട്ട് മാറി രണ്ടര കിലോ മീറ്റർ ഉയരത്തിൽവച്ച് പ്രധാന പാരച്യൂട്ടുകൾ വിടർന്നു. ഇതോടെയാണ് പരീക്ഷണം പൂർത്തിയായത്. ഇവിടെ നിന്നും നാവിക സേന ഇവ കരയിൽ എത്തിക്കും. ഇത്തരത്തിൽ ആയിരിക്കും ബഹിരാകാശ യാത്രികരും രക്ഷപ്പെടുക. കടലിൽ വീഴുന്ന ഇവരെ നാവിക സേന സുരക്ഷിതമായി കരയിൽ എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: