കൊച്ചി: ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം സാങ്കേതിക സര്‍വകലാശാലയില്‍ താത്കാലിക വിസിയായി ചുമതലയേറ്റ ഡോ. സിസ തോമസിനെതിരേയുള്ള സര്‍ക്കാര്‍ അച്ചടക്ക നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിനെതിരേ സിസ തോമസ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ (കെഎടി) ഹര്‍ജി കൊടുത്തിരുന്നു. നടപടി തുടരാമെന്നാണ് കെഎടി വിധിച്ചത്.
ഇതിനെതിരേ ഡോ. സിസ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിധി. ചാന്‍സലറായ ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് ഡോ. സിസ ചുമതലയേറ്റതെന്നും അതിനാല്‍ അച്ചടക്ക നടപടി നിലനി
ല്ക്കില്ലെന്നും ഡിവിഷന് ബെഞ്ച് വിശദീകരിച്ചു.
കെടിയു വിസിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയപ്പോഴാണ്, സര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത പേരുകള്‍ തള്ളി, സിസയെ ഗവര്‍ണര്‍ താത്കാലിക വിസിയാക്കിയത്. സര്‍ക്കാര്‍ അനുമതിയില്ലാതെ വിസി സ്ഥാനമേറ്റെടുത്തതിന് സിസയ്ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്കി. യുജിസിയുടെയും സര്‍വകലാശാലയുടെയും ചട്ടങ്ങള്‍ പാലിച്ചാണ് തന്നെ താത്കാലിക വിസിയായി നിയമിച്ചതെന്നും നിയമനം ഹൈക്കോടതി അംഗീകരിച്ചതാണെന്നും ഹര്‍ജിക്കാരി വാദിച്ചു. ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം ചുമതലയേറ്റെടുത്തത് നിയമ വിരുദ്ധമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവര്‍ത്തിച്ചാലേ അച്ചടക്ക നടപടിയെടുക്കാവൂ. ഹര്‍ജിക്കാരി സ്വന്തം താത്പര്യപ്രകാരം ചുമതലയേറ്റതല്ല, നിയമപരമായ നിര്‍ദേശം പാലിക്കുകയായിരുന്നു. കാരണം കാണിക്കല്‍ നോട്ടീസും അച്ചടക്ക നടപടിയും നിലനില്‍ക്കില്ല.
സിസയെ താത്കാലിക വിസിയായി നിയമിച്ചത് സര്‍ക്കാരിന്റെ അപ്പീലില്‍ നേരത്തേ ഇതേ ഡിവിഷന് ബെഞ്ച് ശരിവച്ചിരുന്നു. ആ നിലയ്ക്ക് ഈ വിഷയം വീണ്ടും പരിഗണിക്കാനാകില്ല. ഹൈക്കോടതി വ്യക്തമാക്കി.
നിയമിച്ചതിലെ നിയമവശമല്ല, ഹര്‍ജിക്കാരിയുടെ നടപടിയാണ് അച്ചടക്ക നടപടിക്കു കാരണമെന്ന അഡീഷണല്‍ എജി വാദം കോടതി അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: