മുംബൈ: 13-ാം ലോകകപ്പില്‍ വമ്പന്‍ അട്ടിമറി നേരിട്ട രണ്ട് ടീമുകള്‍ ഇന്ന് നേര്‍ക്കുനേര്‍. അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ട ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സിനോട് തോറ്റ ദക്ഷിണാഫ്രിക്കയും തമ്മില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന മത്സരത്തില്‍ ഏറ്റുമുട്ടും. പ്രസിദ്ധമായ വാംഖഡെ സ്റ്റേഡിയം ആണ് വേദി.
ലോകകപ്പുകളില്‍ അട്ടിമറികള്‍ പതിവാണ് പക്ഷെ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനോട് പരാജയപ്പെടുമെന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. നിലവിലെ ചാമ്പ്യന്മാരായ അവര്‍ ഇക്കുറിയും ഫേവറിറ്റുകളായാണ് തുടങ്ങിയത്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് കരുത്ത് കാട്ടിയപ്പോള്‍ തകര്‍ന്നടിഞ്ഞു. പക്ഷെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അത്യുഗ്രന്‍ വിജയവുമായി തിരിച്ചുവരവ് നടത്തി. പിന്നീടായിരുന്നു അഫ്ഗാനോട് തോറ്റത്.
അതിനടുത്ത ദിവസമാണ് ഉറപ്പായ ജയത്തിനിറങ്ങിയ ദക്ഷിണാഫ്രിക്ക നെതര്‍ലന്‍ഡ്സിനോട് 38 റണ്‍സിന് പരാജയപ്പെട്ടത്.
കരുത്തരായ ശ്രീലങ്കയെ 102 റണ്‍സിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്. ലോകകപ്പിലെ റിക്കാര്‍ഡ് സ്കോര്‍ കണ്ടെത്തിയാണ് അന്ന് ദക്ഷിണാഫ്രിക്ക കരുത്തുകാട്ടിയത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സെടുത്തിരുന്നു. രണ്ടാം മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയെ നേരിട്ട അവര്‍ 134 റണ്‍സ് ജയം സ്വന്തമാക്കി പഴയ വീര്യം തിരികെ പിടിക്കുന്നത് കണ്ടു. പിന്നീടാണ് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. പട്ടികയില്‍ ഇംഗ്ലണ്ടിനെക്കാള്‍ മുന്നിലാണ് ദക്ഷിണാഫ്രിക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: