ന്യൂദല്‍ഹി: കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം ദേശീയ, അന്തര്‍ദേശീയ വ്യവസായ, അക്കാദമിക് മേഖലകളുമായി സഹകരിച്ച് ഭാരത് അര്‍ദ്ധചാലക ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ .അര്‍ദ്ധ ചാലക മേഖലയിലെ ഗവേഷണ, വ്യാവസായിക സാദ്ധ്യതകള്‍ പഠിക്കുന്നതിന് രൂപീകൃതമായ ഇന്ത്യ അര്‍ദ്ധചാലക ഗവേഷണ-വികസന സമിതിയുടെ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ അടുത്തവര്‍ഷം തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. അര്‍ദ്ധചാലക വ്യവസായ രംഗത്ത് പതിറ്റാണ്ടുകളായി നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരുന്ന അവസരങ്ങള്‍ സ്വായത്തമാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണതത്വങ്ങള് കൂടി ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അര്‍ദ്ധചാലക ആവാസവ്യവസ്ഥയില്‍ നിന്ന് ദീര്‍ഘകാലം വിട്ടുനില്‍ക്കുകയും നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്ത ശേഷം ഇന്ത്യ ഈ രംഗത്ത് പരീക്ഷണത്തിനിറങ്ങുകയാണ്.
അര്‍ദ്ധചാലക ഗവേഷണത്തിന്റെ നേതൃനിരയില്‍ ഇന്ത്യക്കാര്‍ പങ്കാളികളാകണമെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്. ഇതു പ്രകാരം സ്ഥാപിതമാവുന്ന ഭാരത് അര്‍ദ്ധചാലക ഗവേഷണ കേന്ദ്രം അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ ലോകത്തെ തന്നെ മുന്‍നിര അര്‍ദ്ധചാലക ഗവേഷണ സ്ഥാപനങ്ങളിലൊന്നായി മാറുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ, ഇന്ത്യയിലെ അര്‍ദ്ധചാലക നിര്‍മ്മാണ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി 2021 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ 76,000 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: