ന്യൂദല്‍ഹി: അദാനിയ്‌ക്കെതിരെ പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ബിസിനസുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്ക് വീണ്ടും തിരിച്ചടി. മഹുവ മൊയ്ത്രയ്‌ക്ക് വേണ്ടി ദല്‍ഹി ഹൈക്കോടതിയില്‍ ഹാജരാകേണ്ട അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ പിന്‍വാങ്ങി. ദല്‍ഹി ഹൈക്കോടതിയില്‍ ഹാജരായ ശേഷമാണ് കേസില്‍ നിന്നും പിന്‍മാറുന്ന കാര്യം ഗോപാല്‍ ശങ്കരനാരായണന്‍ അറിയിച്ചത്.
ബിജെപി എംപി നിഷികാന്ത് ദുബെ, അഭിഭാഷകന്‍ ജെയ് ദെഹാദ് റായി എന്നിവര്‍ക്കെതിരെ മഹുവ മൊയ്ത്ര നല്‍കിയ മാനനഷ്ടക്കേസില്‍ ഹാജരാകേണ്ടിയിരുന്ന അഭിഭാഷകനാണ് ഗോപാല്‍ ശങ്കരനാരായണന്‍. ഈ കേസില്‍ മഹുവ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തമമെന്ന് ആവശ്യപ്പെട്ട് ലോക് സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയ ആളാണ് ബിജെപി എംപി നിഷികാന്ത് ദുബെ. അദാനിയെ മുറിവേല്‍പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നതിന് അദാനിയുടെ എതിരാളിയായ ദര്‍ശന്‍ ഹീരാനന്ദാനിയില്‍ നിന്നും കൈക്കൂലിയും വിലപിടിപ്പുള്ള സമ്മാനങ്ങളും സ്വീകരിച്ചതിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകന്‍ കൂടിയായ ജെയ് ദെഹാദ് റായി. ഇവര്‍ക്ക് രണ്ട് പേര്‍ക്കും എതിരെയാണ് മാനനഷ്ടത്തിന് മഹുവ മൊയ്ത്ര കേസ് നല്‍കിയിരിക്കുന്നത്.
ഈ കേസില്‍ മഹുവയ്‌ക്ക് വേണ്ടി വാദിക്കേണ്ട ഗോപാല്‍ ശങ്കരനാരായണന്‍ പൊടുന്നനെ കേസില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ജെയ് ദേഹാദ് റായി തനിക്ക് പരിചയമുള്ള അഭിഭാഷകനാണെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ് കേസില്‍ നിന്നും പിന്‍മാറുന്നതെന്നുമാണ് ഗോപാല്‍ ശങ്കരനാരായണന്‍ നല്‍കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക