കൊച്ചി: മറവിരോഗം ബാധിച്ച 92-കാരന് ആശ്വാസവിധിയുമായി കേരളാ ഹൈക്കോടതി. ഭാര്യ ഇല്ലാതെ മകനൊപ്പം കഴിയുന്ന വയോധികന് 80 വയസുകാരിയായ ഭാര്യയുമായി ഒന്നിച്ചു താമസിക്കാമെന്ന് കോടതി വിധിച്ചു. ഒരു മുതിര്‍ന്ന പൗരന് ഭാര്യയുടെ സംരക്ഷണവും സാമീപ്യവും ലഭിക്കാന്‍ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. 92 കാരനായ തന്റെ ഭര്‍ത്താവിനെ മകന് വീട്ടില്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഭാര്യ നല്കിയ റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
92-കാരനെ നെയ്യാറ്റിന്‍കരയിലെ കുടുംബവീട്ടില്‍ കൊണ്ടുപോയി ഭാര്യയ്ക്കൊപ്പം താമസിപ്പിക്കണമെന്ന മെയിന്റനന്‍സ് അപ്പലേറ്റ് െ്രെടബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് മകന് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയും കോടതി തള്ളി. പ്രായമായതിനാലും പലവിധ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നതിനാലും അച്ഛനെ പരിപാലിക്കാന്‍ അമ്മയ്ക്ക് കഴിയില്ലെന്ന് പറഞ്ഞ് മകന് ഈ വിധിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവ് കുടുംബ വീട്ടില്‍ തന്റെ ഒപ്പം ആയിരിക്കുമ്പോഴാണ് ഏറ്റവും സന്തോഷവാനായിരിക്കുന്നത് എന്നും ഒരു നിര്‍ധനനെ പോലെ മകന്റെ വീട്ടില്‍ അദ്ദേഹം താമസിക്കുകയാണെന്നും ഭാര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഭാര്യയുടെയും ഭര്‍ത്താവിന്റെയും അവകാശങ്ങള്‍ മകന് നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അമ്മയ്ക്ക് സമ്മതമാണെങ്കില്‍ മകനും കുടുംബ വീട്ടില്‍ താമസിക്കാമെന്നും തറവാട് സന്ദര്‍ശിക്കാമെന്നും കോടതി വിധിച്ചു. ഡിമെന്‍ഷ്യ ബാധിച്ചാലും ഓര്‍മകള്‍ മങ്ങിയാലും മുതിര്‍ന്ന പൗരന് തന്റെ ഭാര്യയില്‍ ആശ്വാസം കണ്ടെത്തുന്നു. അവര്‍ നല്ല ചില നിമിഷങ്ങള്‍ ഒരുമിച്ച് പങ്കിട്ടവരാണ്. എന്ത് ന്യായീകരണം പറഞ്ഞാലും അദ്ദേഹത്തിന് ഇത് നിഷേധിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: