തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ ശബരിമല
വനപ്രദേശത്ത് രഹസ്യമായെത്തി ബിഎസ്എന്‍എല്‍ ടവര്‍ തകര്‍ത്തത് വലിയ സുരക്ഷാവീഴ്ച. ഐഎസ് ഭീകരര്‍ ശബരിമല ഉള്‍പ്പെടെ ലക്ഷ്യമിടുന്നതായി തെളിഞ്ഞിട്ടും ഏഴു പേരടങ്ങുന്ന സംഘം ശബരിമലയില്‍ ഒളിച്ചു താമസിച്ചതെങ്ങനെയെന്ന ചോദ്യമുയരുന്നു. ശരംകുത്തിയിലെ ബിഎസ്എന്‍എല്‍ ടവറില്‍ നിന്ന് കേബിളുകളും ഡേറ്റ കാര്‍ഡുകളും കൊണ്ടുപോകുകയും ചെയ്തു.
തീവ്രവാദ സംഘങ്ങളുടെ ഭീഷണിക്ക് പുറമേ മാവോയിസ്റ്റ് സംഘം തമ്പടിക്കാനുള്ള സാധ്യതയുള്ളതാണ് ശബരിമല ഉള്‍പ്പെടുന്ന പെരിയാര്‍ വനമേഖല. എഡിജിപി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘത്തിനാണ് ശബരിമലയുടെ സുരക്ഷാ ചുമതല.
രഹസ്യാന്വേഷണ വിഭാഗങ്ങള്‍, എഡിജിപിയുടെ പ്രത്യേക സംഘം, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘം, ശബരിമല പോലീസ് സ്റ്റേഷന് തുടങ്ങി പോലീസിന്റെ നിരവധി വിഭാഗങ്ങള്‍ ശബരിമലയുടെ സുരക്ഷാ ചുമതലയിലുണ്ട്. ശരംകുത്തിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസിടിവിയുണ്ട്.
ഇത് പരിശോധിക്കാന്‍ കണ്ട്രോള് റൂമും ഒരുക്കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ ടവര്‍ തകര്‍ത്ത സംഘം വനത്തിലൂടെ സഞ്ചരിച്ചാണ് ടവറുള്ള ചെളിക്കുഴിയിലെത്തിയത്. എന്നിട്ടും പോലീസോ വനപാലകരോ അറിഞ്ഞില്ലെന്നത് ഗൗരവതരമാണ്.
അടുത്തിടെ എന്‍ഐഎ പിടിയിലായ ഐഎസ് ഭീകരന് മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയതായി സൂചന ലഭിച്ചിരുന്നു. ദക്ഷിണ ഭാരതത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടിരുന്നു. വനമേഖലയിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്.
വനമേഖലയില്‍ പരിശീലനം നടത്തിയതായും പോലീസ് പറയുന്നു. ഗ്യാസ് സിലിണ്ടര്‍, പ്രഷര്‍ കുക്കര്‍, ഐഇഡി എന്നിവ ഉപയോഗിച്ച് സ്ഫോടനം നടത്തി പരിശീലിച്ചതായും വിവരമുണ്ട്. ഇതിന്റെ ചില ചിത്രങ്ങളും പോലീസിന് ലഭിച്ചിരുന്നു.
ശബരിമല വനമേഖലയാണെന്ന നിഗമനത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പോലീസിനെ അറിയിക്കുകയും ചെയ്തു. അതിനിടെയാണ് ബിഎസ്എന്‍എല്‍ ടവര്‍ തകര്‍ത്ത സംഭവമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: