കുന്നംകുളം: പരിക്ക്, അതില്‍ നിന്നു മോചിതയായി രണ്ടാഴ്ചത്തെ പരിശീലനം… ഗീതു സ്വര്‍ണത്തിലേക്ക് നടന്നു… ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസിലെ ഗീതു. കെ.പിയാണ് 16 മിനിറ്റ് 44.87 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം നേടിയത്.
പരിക്കില്‍ നിന്ന് മുക്തയായി രണ്ടാഴ്ചത്തെ പരിശീലനത്തിനുശേഷമാണ് ഗീതു കുന്നംകുളത്തെത്തിയത്. തിരൂര്‍ കാരട്ടപ്പാടത്ത് ഓട്ടോഡ്രൈവറായിരുന്ന കെ.പി. ചന്ദ്രന്റെയും രജനിയുടെയും മകളാണ്. ഇടുപ്പെല്ലിന് പരിക്കേറ്റ് ചികിത്സയിലായ അച്ഛന് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലായതിനാല്‍ വീട്ടിലെ കാര്യങ്ങള്‍ ഏറെ ദുഃഖകരമാണ്. സ്വന്തമായി വീടില്ലാത്ത ഗീതുവിന്റെ കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്.
രണ്ട് വര്‍ഷമായി മുന്‍ അത്ലറ്റ് കൂടിയായ റിയാസ് ആലത്തിയൂരിന്റെ ശിക്ഷണത്തിലാണ് ഗീതു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പൊന്നണിയുന്നത്. പരിമിതമായ സൗകര്യമാണെങ്കിലും മാനേജ്മെന്റിന്റെ പിന്തുണയിലാണ് റിയാസും സ്കൂളിലെ കായികാദ്ധ്യാപകനുമായ സാജിറും ചേര്‍ന്ന് കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഗീതു അടക്കം 23 കുട്ടികളാണ് ഇത്തവണ ആലത്തിയൂര്‍ സ്കൂളിനെ പ്രതിനിധീകരിച്ച് കുന്നംകുളത്ത് മത്സരിക്കാനെത്തിയിട്ടുള്ളത്.
ഇടുക്കി വെള്ളയാംകുടി എസ്ജെഎച്ച്എസ്എസ് സ്കൂളിലെ കെ.ബി. ഭാനുപ്രിയ 17 മിനിറ്റ് 05.66 സെക്കന്‍ഡില്‍ വെള്ളിയും കോഴിക്കോട് ചാത്തമംഗലം ആര്ഇസിവിഎച്ച്എസ്എസിലെ പി.പി.ആദിത്യ 17 മിനിറ്റ് 06.37 സെക്കന്‍ഡില്‍ വെങ്കലവും നേടി. ആണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ അദിത് വി. അനില്‍ 24 മിനിറ്റ് 16.52 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. പാലക്കാട് പറളി എച്ച്എസിലെ സി.എസ്. അഭിഷേക് വെള്ളിയും ഇടുക്കി എന്‍ആര്‍ സിറ്റി എസ്എന്‍വിഎച്ച്എസ്എസിലെ ഗൗതം കൃഷ്ണ വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: