തിരുച്ചി (തമിഴ്നാട്): രാജ്യത്തെ എല്ലാ നദികളെയും ദേശസാല്ക്കരിക്കണമെന്ന ആവശ്യമുയര്‍ത്തി തമിഴ്നാട്ടിലെ കര്‍ഷക സംഘടനകള്‍. അന്തര്‍സംസ്ഥാന ജലപ്രശ്നങ്ങള്‍ക്ക് ഇതല്ലാതെ പരിഹാരമില്ലെന്ന് തമിഴ്നാട് കര്‍ഷക ഫെഡറേഷന് സെക്രട്ടറി നല്ലുസ്വാമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നദീസംയോജനത്തിന് നിയമം വരണം. മഴയുടെ ദേശീയ ശരാശരി 1250 മില്ലിമീറ്റര്‍ ആയിരിക്കെ തമിഴ്നാട്ടില്‍ അത് 910 മാത്രമാണ്. അതുകൊണ്ട് ജലാശയങ്ങളെ ആശ്രയിച്ചല്ലാതെ കര്‍ഷകര്‍ക്ക് മുന്നോട്ടുപോകാനാകില്ലെന്ന് നല്ലുസ്വാമി ചൂണ്ടിക്കാട്ടി.
കാവേരി പ്രശ്നം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും 28 കൊല്ലമായി തമിഴ്നാട് ഇക്കാര്യത്തില്‍ നിയമയുദ്ധത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നദികളെ രാജ്യത്തിന്റെ സ്വത്തായി പ്രഖ്യാപിച്ച് ജലവിതരണം ദേശീയവത്കരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്, നല്ലുസ്വാമി കൂട്ടിച്ചേര്‍ത്തു.
എല്ലാ നദികളെയും ബന്ധിപ്പിക്കുന്നതിനും അന്തര്‍സംസ്ഥാന ജലപ്രശ്നങ്ങള്ക്കും പരിഹാരം കാണുന്നതിനും കര്‍ഷകരുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കുന്നതിനും നദികളുടെ ദേശസാല്‍ക്കരണം മാത്രമാണ് ഏക പോംവഴിയെന്ന് തമിഴ്നാട് കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് എം.ആര്. ശിവസാമി വെള്ളൂരില്‍ കര്‍ഷക സമ്മേളനത്തെ അഭിസംബോധനചെയ്ത് പറഞ്ഞു.
കാവേരി നദിക്ക് കുറുകെ മേക്കേദാട്ടിലും രാശിമണലിലും അണക്കെട്ട് നിര്‍മിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം കര്‍ഷകര്‍ക്ക് ദോഷം ചെയ്യും. പ്രശ്നം രാജ്യതാത്പര്യങ്ങള്‍ക്കെതിരായി വരുന്നത് ശരിയല്ല. അതുകൊണ്ട് നദികള്‍ ദേശത്തിന്റെ സ്വത്തായി പ്രഖ്യാപിക്കണം, ശിവസ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: