ദുബായ്: ദുബായ് കറാമയിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ തലശ്ശേരി ന്യൂമാഹി പുന്നോൽ കുറിച്ചിയിൽസ്വദേശികളായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. കുറിച്ചിയിൽ മാതൃക-റെയിൽ റോഡിൽ നിട്ടൂർ വീട്ടിൽ നിതിൻ ദാസ് (24 – ഉണ്ണി) ആണ് മരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ യു.എ.ഇ സമയം വ്യാഴാഴ്ച പുലർച്ചെ 2.50 ഓടെയാണ് മരിച്ചത്. പുന്നോൽ സ്വദേശികളായ ഷാനിൽ, നഹീൽ എന്നിവർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ചൊവ്വാഴ്ച അർധരാത്രി 12.20 ഓടെ കറാമ ഡേ ടു ഡേ ഷോപ്പിങ്ങ് മാളിന് സമീപം ബിൽ ഹൈദർ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് അപകടമുണ്ടായത്. വാതകചോർച്ചയുണ്ടായതിനെ തുടർന്ന് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗത്തെ ചുമരും കോൺക്രീറ്റും തകർന്ന് താഴെ വീണതിന്റെ അടിഭാഗത്ത് കുടുങ്ങിയാണ് ബർദുബായിലെ അനാം അൽ മദീന ഫ്രൂട്സ് ഗ്രോസറി യിലെ ജീവനക്കാരൻ മലപ്പുറം തിരൂർ സ്വദേശി പറന്നൂർ പറമ്പിൽ യാക്കൂബ് (38) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒമ്പത് പേരെ ദുബായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. പരിക്കേറ്റവർ ഏറെയും മലയാളികളാണ്.
നിതിൻ ദാസ് ഒരു വർഷമായി ദുബായിൽ എത്തിയിട്ട്. ദുബായിലെ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനിൽ അഡ്മിനിസ്ടേറ്ററായി ജോലി ചെയ്യുകയായിരുന്നു.
അച്ഛൻ: ദീർഘകാലം ഒമാനിലായിരുന്ന, ഇപ്പോൾ നാട്ടിൽ വെളിച്ചെണ്ണ മിൽ നടത്തുന്ന കർഷകനായ എൻ.വി.സ്വാമിദാസൻ. അമ്മ: സുജിതകുമാരി (പെരിങ്ങാടി).
സഹോദരി: നീതു ദാസ് സജിമോൻ (പി.എച്ച്.ഡി വിദ്യാർഥി). സംസ്കാരം: ദുബായിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച ശേഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: