കണ്ണൂര്‍: യുദ്ധമുഖത്ത് നിലയുറപ്പിച്ചിരിക്കുന്ന ഇസ്രായേല്‍ പോലീസ് സേനയുടെ വസ്ത്രം കണ്ണൂരില്‍ നിര്‍മ്മിച്ചവ. കൂത്തുപറമ്പിലെ വസ്ത്ര യൂണിറ്റിലാണ് ഇളം നീല ഫുള്‍കൈ ഡബിള്‍ പോക്കറ്റ് യൂണിഫോം തയാറാക്കുന്നത്. തങ്ങള്‍ തുന്നിയ യൂണിഫോമണിഞ്ഞുനില്ക്കുന്ന ഇസ്രായേല്‍ പോലീസുകാരെ ആകാംക്ഷയോടെയാണ് കൂത്തുപറമ്പ് യൂണിറ്റിലെ വനിതകള്‍ ടിവിയില്‍ കാണുന്നത്.
ആകാശനീല, ഇളം പച്ച, നേവി ബ്ലൂ നിറങ്ങള്‍ അടങ്ങുന്ന വിവിധ തരത്തിലുള്ള യൂണിഫോമുകളാണ് ഇവിടെ തയാറാക്കുന്നത്. കൂത്തുപറമ്പ് വലിയവെളിച്ചം കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ അപ്പാരല്‍ എന്ന സ്ഥാപനത്തിലാണ് ഇത് തുന്നുന്നത്. യുദ്ധമുഖത്ത് ആവശ്യമായ കറുത്ത യൂണിഫോമും നിര്‍മിക്കുന്നുണ്ട്. എട്ടു വര്‍ഷമായി ഇസ്രായേല്‍ പോലീസിനായി ഇവിടെ വസ്ത്രം തുന്നുന്നു. പുതിയ സാഹചര്യത്തില്‍ അടിയന്തിരമായി ഒരു ലക്ഷം യൂണിഫോമുകള്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ ഭരണകൂടം ബന്ധപ്പെട്ടിട്ടുണ്ട്. ഡിസംബറിനകം യൂണിഫോമുകള്‍ തയാറാക്കി കയറ്റി അയക്കുവാനുള്ള തീവ്രശ്രമത്തിലാണ് കമ്പനി.
ഓരോ വര്‍ഷവും ഇത്രയും ഓര്‍ഡറുകള്‍ ലഭിക്കാറുണ്ട്. ഗുണനിലവാര പരിശോധനയ്ക്കായി ഇസ്രായേല്‍ പ്രതിനിധി സ്റ്റിച്ചിങ് യൂണിറ്റില്‍ എത്താറുണ്ടെന്നും അപ്പാരല്‍സ് അധികൃതര്‍ പറഞ്ഞു. എട്ടുവര്‍ഷം മുന്‍പ് കമാന്‍ഡര്‍മാരും ലേഡി ഓഫീസര്‍മാരും ഡിസൈനറും ക്വാളിറ്റി കണ്ട്രോളറും അടങ്ങുന്ന സംഘം കൂത്തുപറമ്പിലെത്തിയാണ് കരാറിലെത്തിയത്.
ഇസ്രായേല്‍ ജയില്‍ വാര്ഡന്മാരുടെ യൂണിഫോം തുന്നുന്നതും ഇവിടെയാണ്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തുണിയും മുംബൈയിലെ സ്വന്തം ഫാക്ടറിയില്‍ ഉല്പാദിപ്പിക്കുന്ന തുണിയുമാണ് യൂണിഫോം നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. തൊടുപുഴ സ്വദേശി തോമസ് ഓലിക്കലാണ് മരിയന്‍ അപ്പാരല്‍സിന്റെ എംഡി. 2006ല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം 2008 ലാണ് കണ്ണൂരിലേക്കു മാറ്റിയത്. മുംബൈ കേന്ദ്രീകരിച്ചാണ് ഓഫീസ് പ്രവര്‍ത്തനം.
1500 ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. 95 ശതമാനവും പ്രദേശ വാസികളായ സ്ത്രീകളാണ്. 50-70 കോടി രൂപ വാര്‍ഷിക വിറ്റുവരവുളള കമ്പനിയാണ് മരിയന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: