പൂനെ: ക്രിക്കറ്റ് ലോകകപ്പില്‍ അയല്‍ക്കാരായ ബംഗ്ലാദേശിന്റെ പരീക്ഷണം നേരിടാനൊരുങ്ങി ഭാരതം ഇന്ന് പൂനെയില്‍. ഉച്ചയ്‌ക്ക് രണ്ടിന് പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് പോരാട്ടം. ഐസിസി 13-ാം ക്രിക്കറ്റ് ലോകകപ്പിലെ 19-ാം മത്സരമാണിത്.
തുടരെയുള്ള രണ്ട് ദിവസങ്ങളില്‍ വമ്പന്‍ അട്ടിമറികള്‍ നടന്ന സാഹചര്യത്തില്‍ കരുത്തരായ ബംഗ്ലാദേശിനെതിരായ മത്സരം എത്രത്തോളം കടുപ്പമാകുമെന്നാണ് കാത്തിരിക്കാനുള്ളത്. 2007 ലോകകപ്പില്‍ ഭാരതത്തെ തോല്‍പ്പിച്ച പാരമ്പര്യവും അവര്‍ക്കുണ്ട്.
ബംഗ്ലാദേശ് ആത്മിവശ്വാസത്തോടെ ഇറങ്ങുന്നത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്ന് ഏകദിനങ്ങളില്‍ ഭാരതത്തെ തോല്‍പ്പിക്കാനായതിന്റെ ബലത്തിലാണ്. 12 മാസത്തിനിടെ ഇരു ടീമുകളും നേര്‍ക്കുനേര്‍ കണ്ടത് നാല് കളികളില്‍. അതില്‍ ഒന്ന് മാത്രമാണ് ഭാരതം ജയിച്ചത്. പരാജയപ്പെട്ട മത്സരങ്ങളില്‍ ഭാരതത്തിന്റെ ഫുള്‍ ടീം ഉണ്ടായിരുന്നില്ലെന്നത് വസ്തുത. ജയിച്ച ഏക കളിയില്‍ പോലും ഭാരതത്തിന്റെ സമ്പൂര്‍ണ ടീം ആയിരുന്നില്ല. കഴിഞ്ഞ ഡിസംബറില്‍ ഭാരതത്തിന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ മൂന്ന് മത്സര ഏകദിന പരമ്പരയിലാണ് ഭാരതം വിജയം നേടിയത്. അതും 227 റണ്‍സിന്. ആദ്യത്തെ രണ്ട് കളികളും ജയിച്ച് പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. ആ പരമ്പരയ്‌ക്ക് ശേഷം ഇരുവരും മുഖാമുഖം കണ്ടത് ഇക്കഴിഞ്ഞ മാസം കൊളംബോയിലാണ്. ഏഷ്യാകപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോര്‍ റൗണ്ടിലെ അവസാന മത്സരത്തില്‍. ആറ് റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം.
ആദ്യത്തെ മൂന്ന് മത്സരങ്ങളിലെ മികച്ച വിജയത്തിലൂടെ ഭാരതം ട്രാക്ക് വ്യക്തമാക്കി കഴിഞ്ഞു. ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്ന വിജയങ്ങളായിരുന്നു മൂന്നും. ലോകകപ്പില്‍ ഭാരതടീം കുറേക്കൂടി കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. രോഹിത് ശര്‍മ്മ ഫോമിലേക്കെത്തി. പരിക്കില്‍ നിന്നും മോചിതരായി തിരികെയെത്തിയ കെ.എല്‍. രാഹുലും ജസ്പ്രീത് സിങ് ബുംറയും പഴയതിന്റെ ഇരട്ടിഫോം ആര്‍ജിച്ചിരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ഭാരതത്തിന് ഗുണം ചെയ്യുന്നവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: