തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ നിർമ്മാണത്തിനായി ചൈനീസ് കപ്പലിൽ കൊണ്ടുവന്ന ക്രെയിനുകൾ തുടർച്ചയായ രണ്ടാംദിവസവും ഇറക്കാനായില്ല. കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാർക്ക് ബർത്തിലേക്ക് ഇറങ്ങാനുള്ള അനുമതി ഇനിയും കിട്ടാത്തതാണ് കാരണം. ഇമിഗ്രേഷൻ ക്ലിയറൻസിനായി അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാരും സമ്മർദ്ദം ശക്തമാക്കി.
ക്യാപ്ടനുൾപ്പെടെ കപ്പലിലെ 30 ജീവനക്കാരും ചൈനക്കാരാണ്. ക്രെയിൻ ഇറക്കാൻ ഇവരുടെ സഹായം കൂടി വേണം. എമിഗ്രേഷൻ ക്ലിയറൻസ് ഇല്ലാത്തതിനാൽ ഇവർക്ക് കപ്പലിൽ നിന്നും പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. ഇതിന് അനുമതി നൽകേണ്ടത് എഫ്ആർആർഒയാണ്. കടൽ പ്രക്ഷുബ്ദമായതിനാലാണ് ക്രെയിൻ ഇറക്കുന്നത് വൈകുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം ക്രെയിൻ ബെർത്തിൽ ഇറക്കുമ്പോൾ കപ്പലിന്റെ സ്ഥാനം ക്രമീകരിക്കുന്നതിനുള്ള വൈദഗ്ധ്യം ചൈനീസ് ക്രൂവിനാണുള്ളത്.
കപ്പൽ എത്തിയപ്പോൾ തന്നെ ഈ പ്രശ്നം ഉയർന്നിരുന്നു. ക്രെയിൻ ഇറക്കാൻ ജീവനകർക്ക് ബർത്തിൽ ഇറങ്ങാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് തുറമുഖ മന്ത്രി അന്ന് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. പക്ഷേ ദിവസങ്ങൾ കഴിഞ്ഞിട്ടും ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചിട്ടില്ല. ഇതേ കപ്പലിൽ മുന്ദ്ര തുറമുഖത്തേക്കുള്ള ക്രെയിനുകൾ കൊണ്ടുവന്നിരുന്നെങ്കിലും, നിലവിൽ പ്രവത്തിക്കുന്ന തുറമുഖം ആയതിനാൽ, അവിടെ ക്രെയിന് ഇറക്കാൻ സർവ്വ സൗകര്യങ്ങളും ഉണ്ടായിരുന്നു. പക്ഷേ കമ്മീഷങ്ങിന് മുമ്പ്, പണി നടക്കുന്ന തുറമുഖത്ത് വിദേശ പൗരന്മാർക്ക് ഇറങ്ങാൻ അനുമതി കിട്ടുക പ്രയാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: