ന്യൂയോര്‍ക്ക്: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ഐക്യരാഷ്‌ട്ര സഭ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. രക്ഷാസമിതിയില്‍ ബ്രസീല്‍ കൊണ്ടുവന്ന പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ 12 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ അമേരിക്ക വീറ്റോ ചെയ്യുകയും രണ്ട് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
അമേരിക്കല്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച് നയതന്ത്ര നീക്കങ്ങള്‍ നടത്തിവരികയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ നയതന്ത്രനീക്കങ്ങള്‍ക്ക് ഫലം ഉണ്ടാകണമെന്ന താത്പര്യത്തിലാണ് പ്രമേയം വീറ്റോ ചെയ്തതെന്ന് ഐക്യരാഷ്‌ട്ര സഭയിലെ അമേരിക്കന്‍ പ്രതിനിധി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു. പ്രമേയത്തില്‍ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെക്കുറിച്ച് യാതൊന്നും പറയുന്നില്ലെന്നും ലിന്‍ഡ കുറ്റപ്പെടുത്തി.
ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന റഷ്യന്‍ പ്രമേയം നേരത്തേ ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍ തള്ളിയിരുന്നു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ ആ പ്രമേയം പൂര്‍ണമായി കുറ്റപ്പെടുത്തിയിരുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വീറ്റോ അധികാരമുള്ളത്. ഇസ്രയേലിന് എതിരായ നീക്കങ്ങളെ യുഎന്‍ രക്ഷാ സമിതിയില്‍ അമേരിക്ക എതിര്‍ത്തു വരികയാണ്. ഒമ്പത് വോട്ട് ഉണ്ടെങ്കില്‍ മാത്രമേ രക്ഷാസമിതിയില്‍ ഏതെങ്കിലും പ്രമേയം പാസാക്കാനാകൂ. വീറ്റോ അധികാരമുള്ള രാജ്യങ്ങള്‍ അത് ഉപയോഗിക്കാതിരിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: