തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന കാര്യങ്ങളുടെ പ്രവൃത്തികള്‍ ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുമ്പ് നടന്ന യോഗത്തില്‍ ഓരോ വകുപ്പുകളെയും ഏല്‍പ്പിച്ചിരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. തീര്‍ത്ഥാടകര്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കി. ശബരിമലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ട്രഷറി നിയന്ത്രണമൊഴിവാക്കുന്നതിന് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയും ബന്ധപ്പെട്ട പ്രദേശങ്ങളും വൃത്തിയോടെ സൂക്ഷിക്കണം. വിശുദ്ധിസേനാംഗങ്ങള്‍ ഇക്കാര്യത്തില്‍ നല്ല പ്രവൃത്തനം നടത്തുന്നുണ്ടെന്നും അവരുടെ വേതന കാര്യം ദേവസ്വം ബോര്‍ഡ് അനുഭാവപൂര്‍വം പരിഗണിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ശബരിമലയിലെ വിര്‍ച്വല്‍ ക്യൂ പ്രവര്‍ത്തിപ്പിക്കുന്നതിന് പൊലീസ് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശബരിമലയില്‍ നിന്ന് നിലയ്ക്കലിലേക്കും തിരിച്ചും കണ്ടക്ടര്‍ ഇല്ലാതെ ഡ്രൈവര്‍ തന്നെയാണ് കെഎസ്ആര്‍ടിസി ബസുകളുടെ ടിക്കറ്റ് നല്‍കുന്നത്. ഈ രീതി തുടരുന്നതാണ് നല്ലത്.
ശബരിമലയിലുള്ള 18 ക്യൂ കോംപ്ലക്സുകളും ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ വ്യക്തമാക്കി. പതിനെട്ടാം പടിക്ക് മുകളില്‍ ഒരു ഫോള്‍ഡിംഗ് റൂഫ് സ്ഥാപിക്കും.ഭണ്ഡാരത്തിന് മുന്നില്‍ മെറ്റല്‍ ഡിറ്റക്ടറും വലിയ സ്ക്രീനും സ്ഥാപിക്കും.
ആധുനിക രീതിയിലുള്ള 168 മൂത്രപ്പുരകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും ഇതില്‍ 36 എണ്ണം വനിതകള്‍ക്കാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. കുഴഞ്ഞു വീഴുന്നവരെ സ്ട്രെച്ചറില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പത്തു പേര് വീതമുള്ള 3 സംഘങ്ങളെ ചുമതലപ്പെടുത്തും.
നിലയ്ക്കലില്‍ ക്ലോക്ക് റൂമും വിശ്രമമുറിയും 16 ആധുനിക ടോയിലറ്റുകളും ഈ സീസണില്‍ ഉണ്ടാകും. ഏഴ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകളില്‍ നാലെണ്ണം പൂര്‍ത്തിയാകും.
നടപ്പന്തലുകള്‍ക്ക് മുകളില്‍ വീണുകിടക്കുന്ന ശിഖരങ്ങളും വള്ളിപ്പടര്‍പ്പുകളും വനം വകുപ്പ് നീക്കം ചെയ്യും. പമ്പാ നദിയില്‍ ഓട്ടോമേറ്റഡ് റിവര്‍ വാട്ടര്‍ മെഷറിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: