നേരം വെട്ടം വീണു. അതത്രകാര്യമാക്കാതെ താന്തോന്നിക്കുളം നേരിയ മഞ്ഞിന്റെ കുളിരില്‍ മയങ്ങികിടന്നു. മുഖത്തേക്ക് വീണ നേരിയ സൂര്യവെട്ടത്തിന്റെ സുഖത്തില്‍പുരാതനമായ കല്‍ക്കെട്ടുകള്‍ക്കിടയില്‍നിന്ന് കാട്ടുതെറ്റിപൂക്കള്‍ പുറത്തേക്ക് കണ്ണുചിമ്മിനോക്കി. താന്തോന്നിക്കുളത്തിലെ ആഴമുള്ള നീലിമയ്‌ക്കുമുകളില്‍ കുളിരിന്റെ ആവി പറക്കുന്നു.
പായലുകള്‍ പിടിച്ച് പച്ചനിറം പൂശിയ കയ്യാലകളില്‍ തുമ്പയും തെറ്റിയും ഉപ്പനച്ചവും മുക്കുറ്റിയുംപിന്നെ പേരറിനാവാത്ത പലജാതി പൂച്ചെടികളും ഉറക്കച്ചവിടോടെ കണ്ണുമിഴിച്ചു.കാശാന്‍കുറ്റികള്‍ക്കിടയില്‍ പച്ചിലപാമ്പുകള്‍ മയങ്ങിക്കിടന്നു. മുളങ്കാട്ടില്‍ കീരിയും അരണയും എലിയും ഓന്തും മരത്തവളയും തുടങ്ങിയ ജീവിവര്‍ഗ്ഗങ്ങളൊക്കെ നടുനിവര്‍ത്തി. താന്തോന്നിക്കുളത്തിലെ പച്ചത്തവളയും നീര്‍ക്കോലിയും മാനത്തുകണ്ണിയും കൂരിയും കാരിയും വരാലും ആരകനും വെള്ളമുണരാനായി കാത്തിരുന്നു.
ഭൂമി ഒരുസൂഫിനൃത്തം പൂര്‍ത്തിയാക്കിയിരിക്കുന്നു. കിഴക്ക് കിളിക്കൂട്ടം വലിയവായില്‍ കരഞ്ഞു. നേരം പുലര്‍ന്നു. താന്തോന്നിക്കുളത്തിനരുകിലൂടെ മനുഷ്യസഞ്ചാരം കുറവാണ്. രാത്രിപേയും പിശാചും ഇറങ്ങി നടക്കുന്ന കുളമാണെന്നാണ് നാട്ടുകാരുടെ പേടി. പാറജംഗ്ഷനിലുള്ള ഇരുപതാം നമ്പര്‍ഷാപ്പില്‍നിന്ന് പൂച്ചിവീണുചത്ത നാറ്റമുള്ള കള്ള്‌മോന്തിയിട്ട് ചൂട്ടും മിന്നിച്ചുവന്ന കൊപ്രാക്കാരന്‍ ഉണ്ണുണ്ണിയച്ചായനെ മറുതയടിച്ച്‌കോന്നത് താന്തോന്നികുളത്തിനരുകില്‍വച്ചാണ്. പേര്‍ഷ്യക്കാരന്‍ വേണുച്ചാരെ ഒരുമഴക്കാലത്ത് വടയെക്ഷിരക്തമൂറ്റികുടിച്ച് ചണ്ടിവലിച്ചെറിഞ്ഞത് ഇതേകുളത്തിലേക്കാണ്. പലകാലങ്ങളിലായി താന്തോന്നിക്കുളത്തില്‍ കുളിക്കാനിറങ്ങിയ പിള്ളേരില്‍ നാലഞ്ചുപേരുടെ ആത്മാക്കള്‍ഗതികിട്ടാതെ ഇപ്പോഴും അവിടെ അലഞ്ഞുനടക്കുന്നുണ്ട്. ബലിക്കാക്കകള്‍തൊള്ളതുറന്ന് കരയുന്നുണ്ട്. ഇതൊക്കെകൊണ്ടാവാം ആളുകളുടെ പോക്കുവരവ് ഇവിടെ വളരെക്കുറവാണ്.
ആയിരക്കണക്കിന് വര്‍ഷത്തെ ഓര്‍മ്മകളുമായാണ് താന്തോന്നിക്കുളം ജീവിക്കുന്നത്. ആരും വെട്ടിയുണ്ടാക്കിയകുളമല്ലിത്. തനിയെഉണ്ടായകുളമായതിനാലാണ് താന്തോന്നികുളമെന്ന് നാട്ടുകാര്‍ വിളിക്കുന്നത്. താന്തോന്നിക്കുളം കടന്ന് ഒരുനാഴിക വടക്കോട്ട് നടന്നാല്‍ പാണ്ടിക്കുളമുണ്ട്. രാജാവിന്റെ കാലത്ത് പാണ്ടിനാട്ടില്‍നിന്ന് വന്ന കുതിരപ്പടയാളികള്‍തമ്പടിച്ചയിടം. അവര്‍ക്ക് കുടിക്കാനുംകുളിക്കാനുമായി വെട്ടിയകുളമാണത്. പടനിലവും കടന്ന് വടക്കോട്ടുപോയാല്‍ അച്ചന്‍കോവിലാറിന്റെ കരയില്‍ വെട്ടിയാറും വെണ്മണിയുമുണ്ട്. അവിടെ തൈക്കാവുണ്ട്. ചാമക്കാവുണ്ട്. കെട്ടുല്‍സവമുണ്ട്. ചന്ദനക്കുടമുണ്ട്. പള്ളിപ്പെരുന്നാളുണ്ട്. പന്തളത്തേക്ക് കുറുക്കുകേറിപോകാം, മാവേലിക്കരയിലേക്ക് വെറ്റക്കൊടികള്‍ക്കിടയിലൂടെ വയല്‍വഴി നാലുനാഴിക നടന്നാല്‍മതി. തെക്ക് താമരക്കുളം കിഴക്ക് പുലിക്കുന്നുമലയും പഴകുളവും പടിഞ്ഞാണ് പറയംകുളം. ഇതാണ് താന്തോന്നികുളത്തിന്റെ ഭൂമിശാസ്ത്രം.
താന്തോന്നിക്കുളത്തിന്റെ ഇട്ടാവട്ടത്തില്‍ ഇപ്പോള്‍നാനാജാതിമതസ്ഥര്‍ വന്നുപാര്‍പ്പുതുടങ്ങിയിട്ടുണ്ട്. എങ്കിലും താന്തോന്നിക്കുളത്തിന്റെ തൊട്ടുചുറ്റുവട്ടത്ത് ആള്‍പാര്‍പ്പ് ഇപ്പോഴുമില്ല. അവിടെ കാടുകേറികിടക്കുകയാണ്.പുല്ലാഞ്ഞിയും ചാരും ഞാവലും മരുതും വയറാവള്ളിയും ചുറ്റിപ്പിണഞ്ഞ് കിടക്കുകയാണ്. താന്തോന്നിക്കുളത്തിന്റെ കിഴക്കേചരുവിലെ താന്നിമരച്ചോട്ടിലേക്ക് കാച്ചിയ എണ്ണയുടെമണമുള്ള കരിനീലനിറമുള്ള ഒരു പെണ്ണും.രണ്ടു ചെറിയപിള്ളേരും. ഒരാണ്‍പി
റന്നോനും ഒരുതടിയന്‍ കിളവനും കൂടി നടന്നുപോകുന്നത് താന്തോന്നിക്കുളം കണ്ടു. അവരുടെവരവ് നോക്കിതാന്തോന്നിക്കുളം ആലോചനയിലാണ്ടു.
‘ ഇന്നാട്ടുകാരല്ല. ‘
ഒറ്റനോട്ടത്തില്‍തന്നെ താന്തോന്നിക്കുളത്തിനത് മനസിലായി. ഓര്‍മ്മകളുടെ അറതുറന്ന് താന്തോന്നിക്കുളം ചിത്രങ്ങള്‍തെരയാന്‍ തുടങ്ങി. പൊയ്‌പ്പോയകാലത്തിലെ മഞ്ഞവെളിച്ചത്തില്‍ തോളാപ്പുള്ള നീണ്ടുമെലിഞ്ഞ ഒരാളും രണ്ടുപെമ്പിള്ളേരും തെളിഞ്ഞുവന്നു. കൊരച്ചും തുപ്പിയും അയാള്‍തോളത്തെ കുറിയമുണ്ടുകൊണ്ട് രക്തമണമുള്ള തുപ്പലൊപ്പിനടന്നു. തന്തോന്നിക്കുളത്തിന്റെ കരിനീല നയനങ്ങള്‍ നിറഞ്ഞു. തെളളിനിരില്‍ രണ്ടുതുള്ളി കണ്ണീര്‍വെള്ളം കലര്‍ന്നുചുഴിചുറ്റി.
‘ഒരു മുഷിഞ്ഞ കൈലിമുണ്ടുമാത്രമെ അയാള്‍ഉടുത്തിരുന്നുള്ളു. വെമ്പിള്ളേര്‍ക്ക് എട്ടോ,പത്തോ വയസ്സുവീതം കാണും. പഴകി പിഞ്ചിയ പാവാടയും ഉടപ്പുമാണ് വേഷം. തലമുടി രണ്ടായി പിന്നിയിട്ടിരുന്നു. മൂത്തവള്‍ക്ക് വിരയുടെസുഖക്കേടുണ്ടാകണം. അല്ലെങ്കില്‍പിത്തം. മുഖംരക്തമയമില്ലാതെ വിളറിയിരുന്നു. ഏതോതമിഴ് കുഗ്രാമത്തില്‍ ദാരിദ്ര്യത്തിന്റെ കൊടുമുടിയില്‍നിന്ന് മലയാളനാട്ടിലേക്കിറങ്ങിവന്നവരാവാം. മാറാരോഗം പിടിപെട്ടപ്പോള്‍ ഗ്രാമവാസികള്‍തല്ലിയോടിച്ചതാകാം. അങ്ങനെ നാടുതെണ്ടാനെത്തിയവരാവും’ താന്തോന്നിക്കുളം ഓര്‍ത്തു. എല്ലാജനതകളിലും ഇങ്ങനെ അരുകുപറ്റിആര്‍ക്കുംവേണ്ടാതെജീവിക്കുന്നവര്‍ നിരവധിപേരുണ്ട്. കണ്ണീരൊഴുക്കിപറയാന്‍ അവര്‍ക്ക് കഥകളേറെയുണ്ട്. അതാരുകേള്‍ക്കാന്‍.
ഒരിക്കല്‍ കാളവണ്ടിക്കാരന്‍ മമ്മത് ഈ കുളക്കരയില്‍വന്ന് തന്റെ സങ്കടങ്ങളുടെ കെട്ടഴിച്ചു. അയാള്‍ വലിവായില്‍ കരഞ്ഞു. ഉമ്മയും ബാപ്പയും ആരെന്നറിയാത്ത പാവം. തെരുവില്‍ പെറ്റുവീണജന്മം. തന്റെ ജന്മത്തെയോര്‍ത്തയാള്‍കണ്ണുനീര്‍വാര്‍ത്തു. കണ്ണീര്‍ച്ചാല്‍ കുളത്തില്‍വീണുപുളഞ്ഞു. അയാള്‍ ഒറ്റക്കുടിയായിരുന്നു. ഒറ്റത്തടിയായിരുന്നു. എല്ലാവരും അയാളെ ഒറ്റപ്പെടുത്തി. മമ്മദിനെകേള്‍ക്കാന്‍ ഭൂമിയില്‍ ഒരു കുളംമാത്രമെയുണ്ടായിരുന്നുള്ളു, ഒരുപാട്കാര്യങ്ങള്‍അയാളോട് താന്തോന്നികുളത്തിന് പറയണമെന്നുണ്ടായിരുന്നു. താന്തോന്നിക്കുളമാണ് മമ്മദിന് വെള്ളത്തിന്റെ ഭാഷപഠിപ്പിച്ചുകൊടുത്തത്. വെള്ളത്തിന്റെ ഭാഷപഠിക്കാനായി അയാള്‍ കുളത്തിന്റെ ആഴങ്ങളിലേക്ക് കൂപ്പുകുത്തിവീണു. മനുഷ്യരുടെ ഭാഷകുളങ്ങള്‍ക്കറിയാമെങ്കിലും കുളങ്ങളുടെ ഭാഷയറിയുന്നവര്‍ മനുഷ്യരുടെ ഇടയിലിപ്പോ അത്യപൂര്‍വ്വം. വെട്ടിയാറില്‍ നൂറേക്കറിന്റെ ഒത്തനടക്കൊരുകബറുണ്ട്. ഗ്യാസുമുട്ടായി കൊണ്ടുവച്ച് പിള്ളേര്‍പ്രാര്‍ത്ഥിക്കുന്ന ഔലിയായുടെകബര്‍. തലേക്കെട്ടും ഗഞ്ചിറയുമായി ഇവിടെ നിലാവുള്ള രാത്രിയില്‍പീര്‍ ഔലിയ വന്നിരുന്നു പാടുമായിരുന്നു. സസസരികം….
താന്തോന്നിക്കുളത്തിന് വേണ്ടിമാത്രം പാടും. മറ്റാരുകേള്‍ക്കാനാണിവിടെ. പ്രേതമുറങ്ങുന്ന ഈ കുളക്കരയില്‍ രാത്രിവന്നിരുന്നു ഹൃദയതന്ത്രികളെ അലിയിക്കുമാറ് പാടാന്‍ മറ്റാര്‍ക്കാണ് കഴിയുക. കുളം പാടുന്നപാട്ട് കേള്‍ക്കാന്‍ ദര്‍വീഷുകള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക.
താന്തോന്നുകുളം താന്നിമരചുവട്ടിലേക്ക് കണ്ണുകൂര്‍പ്പിച്ചു. ഭൂമിയുടെ സൂഫി നൃത്തത്തിനിടയിലെപ്പോഴോ രണ്ടുപെണ്‍മക്കളേയും കൈക്കുപിടിച്ചു നടന്ന അയാള്‍ ചോരതുപ്പി മരിച്ചു. കരുണതോന്നിയ നാട്ടുകാരിലാരോക്കെയോ ചേര്‍ന്ന് അനാഥപ്രേതം ആരുടെയും സ്വന്തമല്ലാതിരുന്ന താന്നിമരച്ചോട്ടികുഴിവെട്ടിമൂടി. പ്രയംമറിയിച്ച രണ്ടുപെണ്‍കുട്ടികള്‍ക്ക് അച്ഛനില്ലാതായി. അവര്‍ക്കാരുമില്ലാതെയായി. കുഴിമാടത്തിലിരുന്നവര്‍ കരഞ്ഞു.
അപ്പാ…അപ്പാ. ഞങ്ങളുടെപൊന്നപ്പാ….
ദയതോന്നി ചോരയുള്ള ഇളയവള്‍ ലച്ച്മികുട്ടിയെ കൊപ്രാക്കരാന്‍ ഉണ്ണിണ്ണിയച്ചായന്‍ വിളിച്ചോണ്ടുപോയി.
അക്കാ…ലച്ച്മികുട്ടി ഉള്ളില്‍ തേങ്ങിവിളിച്ചു.
അവള്‍ കരഞ്ഞുകൊണ്ടിരുന്നു.
ചോരമയമില്ലാത്ത മൂത്തവള്‍ ജാനുഒറ്റക്കായി ഇരുട്ടുവീണപ്പോള്‍ അവര്‍ താന്നോക്കുളത്തിലേക്ക് കുറേനെരം നോക്കിയിരുന്നു. വെള്ളത്തിന്റെ ഭാഷപഠിക്കണമെന്നവള്‍ക്ക് മോഹമുണ്ടായിരുന്നു. എന്നാള്‍ ഉള്ളിലിരുന്നാരോ അവളെ അതില്‍നിന്ന് പിന്തിരിപ്പിച്ചു. മുതുകാട്ടുകര അമ്പത്തിലെ ആല്‍ത്തറയില്‍ കിടന്നവള്‍ രാവെളിപ്പിച്ചു. പിന്നെ തെണ്ടാനിറങ്ങി.
ഉണ്ണുണ്ണിയച്ചായന്‍ ലച്ച്മിക്കുട്ടിയെ കൊപ്രാപുരയില്‍ തേങ്ങാചുരണ്ടാന്‍ നിര്‍ത്തി. ചായിപ്പില്‍കിടക്കാനിടം കൊടുത്തു. തേങ്ങാപൊട്ടിച്ചുകളയുന്ന വെള്ളം കുടിച്ച് ലച്ച്മിക്കുട്ടി കൊഴുത്തു. ഇത് നോക്കി തുപ്പലിറക്കിയ തൈക്കിളവനായ ഉണ്ണുണ്ണിയാച്ചായന്‍ ലച്ച്മികുട്ടിയെ കോപ്രാപുരയിലേക്ക് വിളിപ്പിച്ച് ഇക്കിളിയാക്കാനും കെട്ടിപ്പിടിക്കാനും
തുടങ്ങി.ആദ്യമാദ്യം അവളതിനെ ചെറുത്തു. എന്നാല്‍ ഉണ്ണുണ്ണിയച്ചാന്‍ വിട്ടില്ല.
‘എടീ ചൂലെ നിന്നെ കൊന്നുകുഴിച്ചുമൂടിയാല്‍പോലും ആരും ചോദിക്കാനും പറയാനുമില്ലെന്ന് ഓര്‍മ്മവേണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പുളിച്ചകള്ളുമോന്തിയിട്ട് വന്ന് ലച്ച്മിക്കുട്ടിയുടെപാവാടബലമായി അഴിച്ചെടുത്ത് കോപ്രാകൂമ്പാരത്തിലേക്ക് വലിച്ചഴച്ചുകൊണ്ടുപോയി കെട്ടിമറിഞ്ഞു.പിന്നെയത് പതിവായി. മച്ചിയായ ഉണ്ണുണ്ണിയച്ചായന് ലച്ചമിക്കുട്ടിയിലുംമക്കളുണ്ടായില്ല. തങ്കച്ചിയെകാണാന്‍ ജാനു തെണ്ടിയുണ്ടാക്കിയകാശ് കൊണ്ട് കേളുനായരുടെ ഭക്തിവിലാസം ചായക്കടയില്‍നിന്ന്‌നെയ്യപ്പവും അരിയുണ്ടയുംകെട്ടിപ്പോതിഞ്ഞ്‌ലച്ച്മിക്കുട്ടിയെ വല്ലപ്പോഴുമൊക്കെ കാണാന്‍ ചെന്നു.
കൊപ്രാപ്പുരയുടെ ജൊലിക്കിടയില്‍ വീണുകിട്ടുന്ന ഇടവെളയില്‍ ലച്ച്മിക്കുട്ടിയുടെ വായിലേക്ക് നെയ്യപ്പംപിച്ചിവച്ചുകൊടുത്തുകൊണ്ട് ജാനു ഏങ്ങലോടെ ചോദിക്കും.
ലച്ച്മി ..തങ്കച്ചി നീ സുഖമായിരിക്കയാ..
ഉം..അക്കാലച്ച്മി കണ്ണീരടക്കി പറയും.
മോളു അധികം ജോലിയൊന്നും ചെയ്ത് ദേഹം കേടാക്കല്ലേയെന്ന് ജാനു ഉപദേശിക്കും. നമുക്ക് സുഖക്കേട് വന്നാല്‍ നോക്കാനാരുമില്ലന്ന് പറഞ്ഞവള്‍ കരയും. ലച്ച്മി അക്കായുടെ കണ്ണീര്‍ തുടച്ച് കൊടുക്കും ഇത് പലകാലങ്ങളില്‍ആവര്‍ത്തിക്കും. ഒരിക്കല്‍ ആത്മാവ് മുക്കില്‍ വയലിറമ്പില്‍ ഒരുപെണ്ണിന്റെ ജഡം കണ്ടെത്തി. പാവാടയും ഉടുപ്പും പിച്ചിചീന്തിയനിലയിലാരുന്നു.ചിറിയും ചെവിയും കടിച്ചുമുറിച്ചിരുന്നു. വിവരമറിഞ്ഞ് കൂമ്പനതൊപ്പിയുള്ള പോലീസ് വന്നു. ഏതോക്‌സമലന്‍ പെണ്ണിനെ ബലാല്‍സംഗംചെയ്തുകൊന്നതാണെന്ന് പോലീസ് വിധിയെഴുതി. കൊലചെയ്യപ്പെട്ടത് നാടുതെണ്ടിനടക്കുന്ന ജാനുവാണെന്ന് കണ്ടവര്‍ കണ്ടവര്‍ പറഞ്ഞു. ജാനുവിന്റെ തങ്കച്ചി ലച്ച്മിയെ പോലീസ് പിടിച്ചോണ്ടുപോയിപ്രേതം കാണിച്ചു.
അക്ക.. അവള്‍ പിറുപിറിത്തു. അപ്പന്റെ കുഴിമാടത്തിനരുകില്‍ ജാനുവിന്റെ മുറിപ്പെട്ട ശരീരവും കുഴിവെട്ടിമൂടി.കൊലപാതകം ചെയ്തത് ആരാഏതാന്നൊരു തിട്ടവുമില്ലായിരുന്നു. പോലീസ് പലരെയും ചോദ്യം ചെയ്തു. ഇതൊരുപൊല്ലാപ്പാണെന്ന് കണ്ട്പുഞ്ചയിറമ്പില്‍ ചാരായം കുടിക്കാന്‍ വന്ന ആത്മാവ് മുക്കിലുള്ള വേണുച്ചാര് രായ്‌ക്ക് രാമാനം ബോബെക്ക് തീവണ്ടികേറി. കേസിന് തുമ്പുകിട്ടാതെ വന്നതോടെ തെണ്ടിപെണ്ണിന്റെ കൊലപാതകം പോലീസ് എഴുതിതള്ളി.
ലോകത്ത് ഒറ്റപ്പെട്ട ലച്ച്മികുട്ടി ആയിടെ കൊപ്രാപ്പുരയില്‍പണിക്ക് വന്ന തെങ്കാശിക്കാരന്‍ മുരുകപ്പനോടടുത്തു. ഏതൊക്കെയോ ചരടുകള്‍ അവരെ ചേര്‍ത്തുകെട്ടി. ഒരു ദിവസം വെളുപ്പിന് രണ്ടാളും നാടുവിട്ടു. കൊപ്രാക്കാരന്‍ ഉണ്ണുണ്ണിയച്ചായനതൊരു നഷ്ടകച്ചവടമായി.
പണ്ട് നാടുവിട്ടുപോയ വേണുച്ചാര് പേര്‍ഷ്യപ്പോയി അറബിപ്പൊന്നും പണവും വാരിക്കോരികൊണ്ടുവന്നു. നാട്ടില്‍ പുത്തന്‍വീട് പണിത് പതുപണക്കാരനായി പെണ്ണുകെട്ടാന്‍നടന്നു. അങ്ങനെ വടക്കടത്തുകാവിലൊരു പെണ്ണിനെകണ്ട് ബോധിച്ച് വരുന്നവഴി താന്തോന്നിക്കുളത്തിനരുകിലൂടെ പട്ടപ്പകല്‍ വരുമ്പോളാണ് പുലിക്കുന്നുമലയിറങ്ങിവന്ന കരിമ്പുലി നാനുച്ചാരെ കടിച്ചുകീറി കുളത്തിലേക്കെറിഞ്ഞത്. അയാളുടെ ചിറിയും ചെവിയും പുലി കടിച്ചുപറിച്ചു,മാറും വയറും തുരന്നെടുത്തു. നാട്ടിലതൊരു വലിയ വാര്‍ത്തയായി. മാടനടിച്ചുകൊന്നതാണെന്ന് നാട്ടുകാര്‍ പറഞ്ഞുനടന്നു.
കറ്റാണത്തിനടുത്തുള്ള കൊപ്രാപ്പുരയിലെ ബന്ധുവീട്ടില്‍നിന്ന്‌കൊപ്രവിറ്റവകയിലെ പണവും വാങ്ങി ഷാപ്പികേറി മിനുങ്ങി പാട്ടും പാടി വരുന്ന വഴിയിലാണ് താന്തോന്നിക്കുളം താന്തോന്നിത്തരം കാട്ടിയത്.വെള്ളത്തിന്റെ ഭാഷപഠിപ്പിച്ചുകൊടുക്കാനായി കാലുറക്കാതെവന്ന ഉണ്ണുണ്ണിയച്ചായനെ കുളമങ്ങെടുത്തുകൊണ്ടുപോയി. ഇക്കഥകളൊന്നും ലച്ച്ക്കുട്ടിക്കറിവില്ല, ലച്ച്മിക്കുട്ടിയും കെട്ടിയവനും രണ്ടു മക്കളും താന്നിമരത്തിന്റെ ചോട്ടില്‍ പൂക്കളര്‍പ്പിച്ചുപ്രാര്‍ത്ഥിച്ചു. അപ്പനേയും അക്കായേയും ഓര്‍ത്ത് ലച്ച്മികുട്ടിയുടെകണ്ണ്കലങ്ങി.
താന്തോന്നിക്കുളത്തിലിറങ്ങി അവര്‍ കാലും കൈയും കഴുകി. കലങ്ങിയ കണ്ണുകളില്‍വെള്ളമൊഴിച്ചുവൃത്തിയാക്കി. താന്തോന്നുക്കുളത്തിന് അവരോട് പലതുംപറയണമെന്നുണ്ടായിരുന്നു. പക്ഷെ ആരുകേള്‍ക്കാന്‍. വെള്ളത്തിന്റെ ഭാഷയറിയുന്നവര്‍ ലോകത്ത് വളരെ വിരളമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: