ബെംഗളൂരു: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു തന്റെ ഭരണകാലത്ത് സ്വകാര്യമൂലധനത്തെ അടിച്ചമര്‍ത്തിയതിനാല്‍ നമ്മള് ഇന്ത്യക്കാരെല്ലാം ദരിദ്രരായി എന്ന് ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളും ഇന്‍ഫോസിസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ടി.വി. മോഹന്‍ദാസ് പൈ. പ്രധാനമന്ത്രി മോദി രാജ്യത്തെ പാവങ്ങള്‍ക്ക് വേണ്ടി ചെയ്തതുപോലെ ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലെന്നും മോഹന്‍ ദാസ് പൈ പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ്.
ടി.വി. മോഹന്‍ദാസ് പൈയൂട്യൂബ് ചാനലിന് നല്കിയ അഭിമുഖം കാണാം:
നെഹ്രുവിന്റെ കുടുംബാധിപത്യരാഷ്ട്രീയത്തെയും മോഹന്‍ദാസ് പൈ വിമര്‍ശിച്ചു. “ഗാന്ധിയുടെ ജീവിതം ഇന്ത്യയെ കണ്ടെത്താനും സ്വയം കണ്ടെത്താനുമുള്ള യാത്രയായിരുന്നു. അധികാരത്തില്‍ നിന്നും ഒഴിഞ്ഞുനില്ക്കാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ നെഹ്രു എന്താണ് ചെയ്തത്. തന്റെ മകളയെും കുടുംബത്തെയും അധികാരത്തിലേക്ക് കൊണ്ടുവന്നു. പല രീതികളിലും നെഹ്രു മികച്ച വ്യക്തിത്വമാണെന്നത് ശരി തന്നെ. പക്ഷെ സ്വന്തം മകളെ അധികാരത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കളെയെല്ലാം ഇല്ലാതാക്കി. രാഷ്ട്രീയത്തിലേക്ക് കുടുംബത്തെ കൊണ്ടുവരുന്നത് ശരിയല്ല. മാത്രമല്ല, നമ്മുടെ മക്കള്‍ ആരായിത്തീരും എന്ന് ആര്‍ക്കാണ് അറിയുക. എല്ലാവരും നെഹു കാലഘട്ടം എന്ന് പറയുന്നു. ആദ്യഘട്ടത്തില്‍ നെഹ്രു നല്ലതായിരുന്നു.അതുകൊണ്ടാണ് പട്ടേലിനെതിരെ ഗാന്ധി നെഹ്രുവിനെ തെരഞ്ഞെടുത്തത്. പക്ഷെ പിന്നീട് അധികാരം വന്നപ്പോള്‍ പ്രശ്നമായി.”.- മോഹന്‍ദാസ് പൈ പറഞ്ഞു.
നെഹ്രു സ്വകാര്യ മൂലധനത്തെ അടിച്ചമര്‍ത്തിയതും ഇന്ത്യയ്ക്ക് വിനയായി. നമ്മള് ഒരു ഒന്നോ ഒന്നരയോ ശതമാനം വീതം കൂടുതലായി സാമ്പത്തിക വളര്‍ച്ച നേടിയിരന്നെങ്കില് ഇന്ത്യ മുപ്പത് വര്‍ഷം കൊണ്ട് എവിടെയോ എത്തിയേനെ. ചൈനയ്ക്ക് വിശാലമായ ഭൂമിയുണ്ട്. പണ്ട് മാവോ ചൈനക്കാര്‍ക്ക് വിദ്യാഭ്യാസം നല്കിയപ്പോള് ചൈനയുടെ ജനസംഖ്യ ചെറുതായിരുന്നു.എന്നാല്‍ 1947ല്‍ ഇന്ത്യയുടെ ജനസംഖ്യ വെറും 33 കോടി മാത്രമായിരുന്നു.അന്ന് വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കിയിരുന്നെങ്കില് ഇന്ത്യയില്‍ ജനസംഖ്യ ഇത്ര കൂടില്ലായിരുന്നു. 140 കോടി ജനങ്ങള്‍ ചെറിയ സ്ഥലത്ത് ശ്വാസംമുട്ടുകയാണ്. പക്ഷെ മോദി ഇത്രയും ജനങ്ങള്‍ക്ക് കാര്യങ്ങള്‍ പരമാവധി ചെയ്യാന്‍ ശ്രമിക്കുന്നു. എന്തായാലും മോദിയ്ക്ക് കാര്യങ്ങള്‍ അറിയാം. – മോഹന്‍ദാസ് പൈ പറയുന്നു.
മോദി ദരിദ്രര്‍ക്ക് വേണ്ടി ചെയ്തത് പോലെ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലെന്നും മോഹന്‍ദാസ് പൈ പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ ഉയര്‍ന്നുവരികയാണ്. നമ്മള് മൂന്നാമത്തെ വലിയ സമ്പദ് ഘടനയായി മാറുകയാണ്. ജിഹാദി മൗലികവാദം, അഴിമതി-ഇതെല്ലാം രാജ്യത്തെ നശിപ്പിക്കും. – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: