കിളിമാനൂര്‍: തിരുവനന്തപുരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ നാലംഗ കുടുംബം മരണഭീതിയില്‍. കിളിമാനൂര്‍ വണ്ടന്നൂരില്‍ പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ വണ്ടന്നൂര്‍ വാര്‍ഡില്‍ ഈഞ്ചവിള ചരുവിള പുത്തന്‍വീട്ടില്‍ ബാബു-അജിത ദമ്പതികളും രണ്ട് മക്കളുമാണ് മരണഭീതിയില്‍ കഴിയുന്നത്.
ഇവരുടെ വീടിന് മുന്നില്‍ മണ്ണ് ഇടിച്ച് താഴ്‌ത്തിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡ് ഉണ്ടാക്കിയത്. ഇതിനെ തുടര്‍ന്ന് വീട് വളരെ ഉയരത്തിലായി. വീടിന് മുന്നിലെ മണ്ണ് ഇടിച്ചുതാഴ്‌ത്തിയതിന്റെ ബാക്കിഭാഗം റോഡിലേക്ക് നിരന്തരം ഇടിഞ്ഞുവീഴുകയാണ്. രണ്ടു വര്‍ഷം മുമ്പ് വീടിന് മുന്നിലെ വലിയ ഭാഗം റോഡിലേക്ക് ഇടിഞ്ഞു വീണിരുന്നു. വീട് അപകടസ്ഥിതിയിലായി. തുടര്‍ന്ന് ഇവര്‍ പഞ്ചായത്തിലും ജില്ലാ കളക്ടര്‍ക്കും ദുരന്ത നിവാരണ അതോറിറ്റിക്കും അടക്കം പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് 2021ല്‍ അപകടാവസ്ഥ ഒഴിവാക്കി സമീപത്തുള്ള രജനിയുടെതടക്കം കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കാനാവശ്യമായ അടിയന്തരനടപടികള്‍ സ്വീകരിച്ച് വിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടും പഞ്ചായത്ത് അധികൃതര്‍ ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ വീണ്ടും വീടിന്റെ മുന്‍ഭാഗത്ത് നിന്നും മണ്ണിടിഞ്ഞു വീഴുകയാണ്. മണ്ണിടിയാതിരിക്കാന്‍ ടാര്‍പോാളിനും മറ്റുമുപയോഗിച്ച് വെള്ളമിറങ്ങാതെ വീട്ടുകാര്‍ വീടിന്റെ മുന്‍ഭാഗം സംരക്ഷിക്കുന്നുണ്ടെങ്കിലും വീടിന്റെ പിന്‍ഭാഗം ഉയര്‍ന്ന പ്രദേശമായതിനാല്‍ ശക്തമായ ഊറ്റ് ഭീഷണിയാണ്. സംരക്ഷണ ഭിത്തി കെട്ടാത്തതിനാല്‍ വന്‍ അപകട സാധ്യത നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: