ന്യൂദൽഹി: മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ട കേസില്‍ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി. ദല്‍ഹി സാകേത് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികൾക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. കൊലപാതകം നടന്ന് 15 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
2008 സെപ്തംബർ 30നാണ് സൗമ്യ വിശ്വനാഥൻ കൊല്ലപ്പെടുന്നത്. രാത്രി ജോലി കഴിഞ്ഞ് സൗമ്യ വസന്ത്കുഞ്ജിലെ വീട്ടിലേക്ക് മടങ്ങവെ മോഷ്ടാക്കള്‍ ആക്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൗമ്യ്‌ക്ക് വെടിയേല്‍ക്കുകയായിരുന്നു. കേസില്‍ 2009 ല്‍ രവി കപൂര്‍, ബല്‍ജിത് സിങ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ചു പ്രതികള്‍ അറസ്റ്റിലായി. എന്നാല്‍ വിചാരണ നീണ്ടുപോകുകയായിരുന്നു.
കഴിഞ്ഞ മാസം പുതിയ ജഡ്ജിയെ നിയമിച്ചതോടെയാണ് വിചാരണ നടപടികള്‍ വേഗത്തിലായത്. കുറ്റിപ്പുറം പേരിശന്നൂര്‍ കിഴിപ്പള്ളി മേലേവീട്ടില്‍ വിശ്വനാഥന്‍ -മാധവി ദമ്പതികളുടെ മകളാണ് സൗമ്യ. ദല്‍ഹി കാര്‍മല്‍ സ്‌കൂളിലും ജീസസ് ആന്‍ഡ് മേരി കോളജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സൗമ്യ ദ് പയനിയര്‍ പത്രത്തിലും സിഎന്‍എന്‍ ഐബിഎന്‍ ടിവിയിലും പ്രവര്‍ത്തിച്ചിരുന്നു. ഹെഡ് ലൈന്‍സ് ടുഡേയില്‍ പ്രൊഡ്യൂസറായി ജോലി ചെയ്യുമ്പോഴായിരുന്നു കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: