ദുബായ്: ബുർജ് ഖലീഫ ഉൾപ്പെടെയുള്ള അംബരചുംബികളായ കെട്ടിടങ്ങൾക്ക് പേരുകേട്ട നഗരമാണ് ദുബായ്. ഇപ്പോൾ ഇതാ ദുബായിൽ ഒരു കെട്ടിടത്തിൽ ഏറ്റവും ഉയരം കൂടിയ റണ്ണിംഗ് ട്രാക്ക് നിർമ്മിച്ച് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ വാസൽ മാനേജ്മെൻറ്.
സബീൽ പ്രദേശത്തുള വാസൽ 1 മാസ്റ്റർ ഡെവലപ്‌മെന്റിനുള്ളിലെ ആഡംബര റസിഡൻഷ്യൽ ടവറായ ‘1 റെസിഡൻസസിന്റെ’ 43-ാം നിലയിലാണ് സ്കൈ ട്രാക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ റണ്ണിംഗ് ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ താമസിക്കുന്നവരുടെ ശാരീരികക്ഷമത ഉറപ്പു വരുത്തുന്നതിനും ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനു മായാണ് ഈ ട്രാക്ക് നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ദുബായിക്ക് മറ്റൊരു ഗിന്നസ് ലോക റെക്കോർഡ് കിരീടം നേടാനായതിൽ സന്തോഷമുണ്ടെന്ന് വാസൽ സിഇഒ ഹെഷാം അൽ ഖാസിം പറഞ്ഞു.
നിലത്ത് നിന്ന് 157 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്കൈ ട്രാക്ക് 335 മീറ്റർ നീളത്തിലുള്ള റൂഫ്‌ടോപ്പ് ട്രാക്കാണ്. ഇവിടെ തീർച്ചയായും ഫിറ്റ്‌നസ് പ്രേമികൾക്ക് പരമ്പരാഗത ജിം വർക്ക്ഔട്ടുകളെ മറികടക്കുന്ന അനുഭവമായിരിക്കും ഉണ്ടാകുകയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നു. ഇതിനു പുറമെ ബുർജ് ഖലീഫ, സബീൽ പാർക്ക്, ദി ദുബായ് ഫ്രെയിം, ഷെയ്ഖ് സായിദ് റോഡ്, ഓൾഡ് ദുബായ്, അറേബ്യൻ ഗൾഫ് എന്നിവയുൾപ്പെടെ ദുബായുടെ സമാനതകളില്ലാത്ത കാഴ്ചകൾ ആസ്വദിക്കാൻ ഈ ട്രാക്കിൽ നിന്ന് കഴിയും.
അടുത്തിടെ ദുബായിൽ സംഘടിപ്പിച്ച 30 ദിവസത്തെ ദുബായ് ഫിറ്റ്‌നസ് ചലഞ്ച് പോലുള്ള കമ്മ്യൂണിറ്റി ഇവന്റുകൾ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ നഗരവാസികളെ പ്രേരിപ്പിച്ചെന്നും ഈ റണ്ണിംഗ് ട്രാക്ക് കൂടുതൽ പ്രചോദനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി പറയുന്നു. ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച റണ്ണിംഗ് ട്രാക്ക് നിർമ്മിച്ച് നൂതനമായ വികസന പ്രക്രിയയിൽ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകാൻ തങ്ങൾക്ക് കഴിഞ്ഞെന്നു വാസ്ൽ അധികൃതർ പറഞ്ഞു. ഇനിയും ഇത്തരത്തിൽ കൂടുതൽ പ്രോജക്ടുകൾ തയ്യാറാക്കാൻ ശ്രമിക്കുമെന്നും കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക