Categories: Health

പനീറിന്റെ യഥാര്‍ത്ഥ ഗുണങ്ങള്‍ ലഭിക്കാന്‍ കഴിക്കേണ്ടതിങ്ങനെ; ആരും അറിയാത്ത ഗുണങ്ങള്‍ ഇവയൊക്കെയാണ്..

Published by

സസ്യാഹാര പ്രിയരുടെ ഭക്ഷണക്രമത്തില്‍ പലപ്പോഴും ഇടം പിടിക്കുന്ന ഒന്നാണ് പനീര്‍. പാലില്‍ നിന്നുണ്ടാക്കുന്ന ഉപോത്പന്നമായ പനീറില്‍ പ്രോട്ടീനും വൈറ്റമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ദിവസവും ഒരു നേരമെങ്കിലും പനീര്‍ കഴിയ്‌ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കവും സൗന്ദര്യവും നിലനിര്‍ത്താന്‍ പനീര്‍ ഏറെ സഹായിക്കും. പനീര്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ ഇവയാണ്.

സസ്യഭക്ഷണം കഴിക്കുന്നവര്‍ക്ക് ലഭ്യമായ പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ് പനീര്‍. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഒന്‍പത് അമിനോ ആസിഡുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ചീസിനെ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യകരമായതിനാല്‍ ഇത് നിത്യവും കഴിക്കാവുന്നതുമാണ്. കാര്‍ബോ കുറഞ്ഞതും പ്രോട്ടീന്‍ കൂടിയതുമായ പനീര്‍ ഭാരം കുറയ്‌ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ മികച്ച ആഹാരമാണ്. ഉയര്‍ന്ന നിലവാരത്തിലുളള പ്രോട്ടീനുള്ളതിനാല്‍ പേശികള്‍ക്ക് ബലം നല്‍കാന്‍ പനീര്‍ സഹായിക്കും. ബോഡി ബില്‍ഡര്‍മാരും അത്‌ലറ്റുകളുമൊക്കെ ഇതിനാല്‍ തന്നെ പനീര്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താറുണ്ട്.

ഇന്‍സുലിന്‍ ഉത്പാദനത്തിന് സഹായിക്കുന്ന ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് പനീറില്‍ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാതിരിക്കാനും ഇത് സഹായകമാണ്. കാല്‍സ്യവും ഫോസ്ഫറസും പനീറില്‍ ധാരാളം ഉള്ളതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്‌ക്കും പനീര്‍ ഉപകാരപ്രദമാകും. പനീറില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലെ സിങ്ക് പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു. ജലദോഷം, പനി, അണുബാധ പോലെയുള്ളവയുടെ സാധ്യത കുറയ്‌ക്കാനും ഇത് സഹായകമാണ്.

ആയുര്‍വേദം അനുസരിച്ച് എല്ലാ ഗുണങ്ങളും ലഭിക്കാന്‍ പനീര്‍ ഉപ്പില്ലാതെ കഴിക്കുന്നത് കൂടുതല്‍ ഉത്തമമാണ്. എണ്ണ, മസാലകള്‍, ഉപ്പ് എന്നിവ ചേര്‍ത്ത് പനീര്‍ കഴിക്കുന്നത് അതിന്റെ ഗുണങ്ങള്‍ കുറയ്‌ക്കുകയും ആരോഗ്യത്തിന് വിരുദ്ധ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പനീര്‍ പാകം ചെയ്യാതെ അതെ രീതിയില്‍ കഴിയ്‌ക്കുന്നതാണ് ഏറെ ഉത്തമം. രുചി യ്‌ക്കുവേണ്ടി കുരുമുളക്, മല്ലിപ്പൊടി, ചാട്ട് മസാല ഉപയോഗിക്കാം. എന്നാല്‍, ഉപ്പ് ചേര്‍ക്കരുത്.രാത്രി ഭക്ഷണത്തില്‍ പനീര്‍ ഉള്‍പ്പെടുത്തുകയാണ് എങ്കില്‍ ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഇത് കഴിക്കുന്നത് കൂടുതല്‍ ഗുണം നല്‍കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by