ഭോപാല്‍: കോണ്‍ഗ്രസ് പ്രകടന പത്രിക നുണകളുടെ കത്താണെന്ന് ശിവരാജ് സിങ് ചൗഹാന്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെയാണ് ചൗഹാന്റെ പ്രതികരണം.
‘അതിനെ മാനിഫെസ്റ്റോ എന്ന് പറയാനാവില്ല. കള്ളങ്ങള്‍ നിറഞ്ഞ ഒരു പത്രികയാണത്. അഞ്ച് കൊല്ലം മുമ്പ് തൊള്ളായിരം വാഗ്ദാനങ്ങളാണ് അവര്‍ നിരത്തിയത്. ഒമ്പതെണ്ണം പോലും നടപ്പാക്കിയില്ല. ഇപ്പോഴും ജനങ്ങള്‍ അത് അന്വേഷിക്കുകയാണ്. എപ്പോഴാണ് തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് നാലായിരം രൂപ അലവന്‍സ് കിട്ടുക? എപ്പോഴാണ് താങ്ങുവിലയ്ക്ക് ബോണസ് കിട്ടുക? ഒന്നും രണ്ടുമല്ല, ഇങ്ങനെ നിരവധിയുണ്ട് വാഗ്ദാനങ്ങള്‍… ഒന്നും നടപ്പായിട്ടില്ല. വീണ്ടും കള്ളം പറഞ്ഞ് പത്രികയുമായി അവര്‍ വരികയാണ്,’ ചൗഹാന് പറഞ്ഞു.
ജനങ്ങള്‍ കോണ്‍ഗ്രസിനെ വിശ്വസിക്കില്ല. സത്യവും കോണ്‍ഗ്രസും വിരുദ്ധധ്രുവങ്ങളിലാണ്. അതില്‍ ജനങ്ങള്‍ക്കിപ്പോള്‍ ആശയക്കുഴപ്പമില്ല. ബിജെപിയെ അവര്‍ക്കറിയാം. ഞങ്ങള്‍ പറയുന്നത് ചെയ്യും. മുഖ്യമന്ത്രി ലാഡ്ലി ബഹ്നാ യോജന അവര്‍ക്ക് മുന്നിലുണ്ട്. ബിജെപിയുടേത് പുസ്തകത്തിലുറങ്ങുന്ന കാഴ്ചപ്പാടല്ല, നടപ്പാക്കാനുള്ള കര്‍മ്മ പദ്ധതികളാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ചൗഹാന് മറുപടിയുമായി കോണ്‍ഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് രംഗത്തെത്തി. മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാനാണ് കമല്‍നാഥിന് വേണ്ടി കോണ്‍ഗ്രസ് വോട്ട് തേടുന്നതെന്ന് അബ്ബാസ് പറഞ്ഞു. മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് പിഴയ്ക്കില്ല. ചൗഹാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇരുപത് കൊല്ലത്തിനിടെ നാല് പ്രകടനപത്രികകള്‍ അവതരിപ്പിച്ചു. അത് ജനങ്ങള്‍ പരിശോധിക്കട്ടെ, അബ്ബാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: