ആദ്യ കപ്പല്‍ ചൈനയില്‍ നിന്നെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഇടതുസര്‍ക്കാര്‍. വിഴിഞ്ഞം കപ്പല്‍ശാലക്കായി കരാറില്‍ ഉമ്മന്‍ചാണ്ടി അദാനി ഗ്രൂപ്പുമായി ഒപ്പുവച്ചപ്പോള്‍ പറഞ്ഞതും പാടിയതും കേട്ടില്ലെ, ‘കടല്‍ക്കൊള്ള’ എന്നായിരുന്നു ദേശാഭിമാനിയുടെ തലക്കെട്ട്. കൊട്ടിഘോഷിച്ച് എട്ട് വര്‍ഷത്തിനുശേഷം ഉദ്ഘാടനം ചെയ്തപ്പോള്‍ അതൊക്കെ മറുന്നു. ‘സ്വപ്നം നങ്കൂരമിട്ടു’ എന്നായിരുന്നു വെണ്ടക്കാ തലക്കെട്ടു നിരത്തിയുള്ള ഇപ്പോഴത്തെ പ്രചാരണം. അന്ന് മത്സ്യബന്ധനത്തിന് മരണമണിയെന്നും കടലിന് കണ്ണീരിന്റെ ഉപ്പെന്നും തലക്കെട്ട് ചാര്‍ത്തി പദ്ധതിക്കെതിരെ ഗീര്‍വാണം മുഴക്കി. ഇന്ന് തെളിഞ്ഞത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയെന്നുമൊക്കെ തലക്കെട്ട് ചാര്‍ത്തി കേരളത്തിന്റെ വാട്ടര്‍ സല്യൂട്ടും നല്‍കിയായിരുന്നു ആഘോഷം.
ഇടതു സര്‍ക്കാര്‍ അങ്ങനെയാണ്. എല്ലാത്തിനെയും എതിര്‍ക്കും. എന്നിട്ടും നടപ്പാകുമ്പോള്‍ ‘ഞമ്മടെ മിടുക്ക്’ എന്ന ന്യായം നിരത്തും. കമ്പ്യൂട്ടറിനെതിരെ എന്തൊരു സമരമായിരുന്നു. യുവാക്കള്‍ക്ക് ജോലി ലഭിക്കില്ല എന്ന വേവലാതിയായിരുന്നു. കമ്പ്യൂട്ടര്‍ ഏര്‍പ്പെടുത്തുന്ന സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് അടിച്ചൊതുക്കുന്ന സമരം. ബാങ്കുകള്ക്കെതിരെയായിരുന്നു അന്നത്തെ കോലാഹലം. അത് കെട്ടടങ്ങി. കമ്പ്യൂട്ടര്‍ വ്യാപകമായി. ഇന്ന് കമ്പ്യൂട്ടര്‍ ഇല്ലാതെ സഖാക്കള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്ന സ്ഥിതിയായി. ഇപ്പോള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ജോലിക്കാണ് മുന്‍തൂക്കം. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കല്ലിടുമ്പോള്‍ അതിനെതിരെ. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തപ്പോഴും വിമര്‍ശനം ഉയര്‍ന്നു.
ഗെയില്‍ പദ്ധതിയോ അത് പറ്റില്ല. പിന്നീട് അതിന്റെ ആളായി. വന്ദേ ഭാരത് ട്രെയിന്‍ വേണ്ടെന്ന നിലപാടായിരുന്നു. ഒന്നു വന്നപ്പോള്‍ ഇനിയും വേണമെന്നായി. അസാധ്യം എന്നൊരു വാക്കില്ലെന്നാണ് മുഖ്യമന്ത്രി തന്നെ പറഞ്ഞത്. അത് അക്ഷരം പ്രതി ശരിയായി. സോളാര്‍ കടത്ത്, സ്വര്‍ണക്കടത്ത്, കരുവന്നൂര്‍ കാട്ടുകൊള്ള, കരിമണല്‍ കടത്തും മാസപ്പടി കോഴയും. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി കിട്ടാന്‍ മന്ത്രിമാരുടെയോ നേതാക്കളുടെയും ഫോണ്‍ മതി. പിഎസ്സിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും നോക്കുകുത്തി. ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാരിന് ഗര്‍ഭിണിയെ കല്യാണം കഴിച്ച സംതൃപ്തി. ഒരദ്ധ്വാനവും ക്ലേശവുമില്ലാതെ കാര്യം നടന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ.
ഇതൊക്കെ പറയുമ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ മിടുക്കാണിതെന്ന് പുരപ്പുറം കയറി കൂവുന്നവരുണ്ട്. പക്ഷേ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലില്ലായിരുന്നെങ്കില്‍ വിഴിഞ്ഞം വെറും സ്വപ്നം മാത്രമാകുമായിരുന്നു. ആയി രാജാക്കന്മാരുടെ കാലത്തുമുതല്‍ പ്രവര്‍ത്തിച്ചുവന്ന തുറമുഖം നശിച്ചതുപോലെ നശിച്ചേനെ. അല്ലെങ്കില്‍ മുമ്പൊക്കെ ചെയ്തതുപോലെ തമിഴന് മന്ത്രി അടിച്ചോണ്ടുപോയേനെ. നിതിന്‍ ഗഡ്ഗരി എന്ന മന്ത്രി കേരളത്തിന് നല്കിയ അന്ത്യശാസനം ഇല്ലായിരുന്നുവെങ്കില്‍ ഇന്നും വിഴിഞ്ഞം, വിഴിഞ്ഞം എന്നു കരഞ്ഞുകൊണ്ടിരുന്നേനെ.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും സംഭാവനകള്‍ എടുത്തുപറഞ്ഞാണു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷ പ്രസംഗം കൊഴുപ്പിച്ചത്. അദ്ദേഹത്തിന് അതേ അറിയൂ. ഉമ്മന്ചാണ്ടിക്കപ്പുറമുള്ള കഥയൊന്നും അറിയില്ല. 2017ല്‍ തന്റെ ആദ്യ സര്‍ക്കാരിന്റെ കാലത്ത് ബെര്‍ത്ത് നിര്‍മാണം തുടങ്ങിവച്ചത് എടുത്തുപറഞ്ഞു. കേരളത്തെ സംബന്ധിച്ച് അസാധ്യം എന്ന വാക്കില്ലെന്നു പറഞ്ഞു പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി, പദ്ധതിയെ എതിര്‍ത്തതു രാജ്യാന്തര ലോബികളും വാണിജ്യ താല്‍പര്യക്കാരുമാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തത് ശ്രദ്ധേയമായി. പദ്ധതിയെ എതിര്ത്തതെല്ലാം രാജ്യാന്തരലോബി.!
കഴിഞ്ഞ 9 വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ പ്രതിഫലനമാണു വിഴിഞ്ഞം തുറമുഖമെന്ന സത്യം കേന്ദ്രമന്ത്രി വി. മുരളീധരന് എടുത്തു പറയുകയും ചെയ്തു. അദാനി കമ്പനിയെ ഒഴിച്ചുനിര്‍ത്തിയാല്‍ പദ്ധതിയുടെ മുഴുവന്‍ പണവും മുടക്കുന്നതു സംസ്ഥാന സര്‍ക്കാരാണെന്നും, ഇതു സംസ്ഥാന പദ്ധതിയാണെന്നും കേന്ദ്രമന്ത്രിയെ ഓര്‍മിപ്പിച്ചായിരുന്നു മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രസംഗം. വെറും അശ്ലീലം വിളമ്പലായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എല്ലാ ക്രെഡിറ്റും ഉമ്മന്‍ ചാണ്ടിക്കാണു നല്‍കിയത്. കടല്‍ക്കൊള്ളയാണെന്നും 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്നുമുള്ള ആരോപണത്തിന്റെ കുന്തമുന നെഞ്ചില്‍ തറച്ചപ്പോള്‍ പതറാതെ, പിന്തിരിഞ്ഞോടാതെ തുറമുഖം യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്നു സതീശന് പറയുകയും ചെയ്തു.
എം.വി.രാഘവന് തുറമുഖ മന്ത്രിയായിരിക്കെ, കെ.കരുണാകരന് മന്ത്രിസഭ പ്രഖ്യാപിച്ച പദ്ധതിയാണു വിഴിഞ്ഞമെന്ന ചരിത്രം ഡോ.ശശി തരൂര്‍ എംപി ഓര്‍മിപ്പിച്ചു. വിഎസ് സര്‍ക്കാരിന്റെ കാലത്തെ ടെന്‍ഡര്‍ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരാണു പദ്ധതി മുന്നോട്ടുകൊണ്ടുപോയതെന്നും, ഗൗതം അദാനി ബിഡ് ചെയ്യാന്‍ താനും കാരണക്കാരനായെന്നും തരൂര്‍ അവകാശപ്പെട്ടു. ഉമ്മന്‍ ചാണ്ടിക്കും പിണറായി വിജയനും കരണ്‍ അദാനി നന്ദി പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്കായി അദാനി ഗ്രൂപ്പിനെ കൊണ്ടുവന്നത് ഉമ്മന്‍ ചാണ്ടിയും നിര്‍മാണം തുടരാനാകാതെ വെല്ലുവിളി നേരിട്ട ഘട്ടത്തില്‍ ധൈര്യം നല്കിയതു പിണറായി വിജയനുമാണെന്ന് കരണ്‍ അദാനിയും പറഞ്ഞു.
കടല്‍ക്കൊള്ള എന്ന് ആരോപണമുയര്‍ത്തിയവര്‍ ഇന്ന് അദാനിയെ വാഴ്ത്തുകയാണ്. നാട് മുഴുവന്‍ അദാനിയുടെ പണമുപയോഗിച്ച് ഫഌക്സ് വച്ചാണ് ആഘോഷം. അദാനി കേരളത്തില്‍ പണമിറക്കിയാല്‍ നല്ല അദാനി, അല്ലെങ്കില്‍ ഫാസിസ്റ്റ് ഭീകരന് എന്നതാണ് സിപിഎം നയം. കരാര്‍ ഒപ്പിട്ടതിന്റെ അടുത്ത ദിവസം കടല്‍ക്കൊള്ള എന്ന് എട്ട് കോളം തലക്കെട്ടോടുകൂടി വാര്‍ത്ത കൊടുത്തവര്‍ ഇപ്പോള്‍ അതേ കടല്‍ക്കൊള്ളക്കാരന്റെ പടമുള്ള ഫഌക്സ് വച്ച് ആഘോഷം നടത്തുന്നു. ആര് വികസനം കൊണ്ടുവന്നാലും അതിനെ തുറന്നമനസോടെ സ്വീകരിക്കാനാകണം.
നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ കൊണ്ട് വേഗം വച്ച പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. 2005 മുതല്‍ 2014 വരെ കേന്ദ്രവും കേരളവും ഭരിച്ചത് ഇടതുവലതുമുന്നണികളാണ്. അന്ന് തമിഴ്നാടിന് വേണ്ടി ആഭ്യന്തരമന്ത്രി ചിദംബരം നടത്തിയ ചരടുവലികള്‍ പദ്ധതിക്ക് കുരുക്കായി.
വിഴിഞ്ഞത്ത് ചിലസമുദായത്തിന്റെ പേര് മാത്രം പറഞ്ഞ് സിപിഎമ്മും കോണ്‍ഗ്രസും മുതലെടുപ്പ് നടത്തി. ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വിഴിഞ്ഞത്തിന് വേണ്ടി സ്വന്തം വീടും സ്ഥലവും ജീവനോപാധികളും നല്കിയവരാണ് മുല്ലൂര്‍ നിവാസികള്‍.അവര്‍ക്കെതിരെ പോലീസിന്റെ സംരക്ഷണത്തോടു കൂടി ഏകപക്ഷീയമായ ആക്രമണങ്ങള്‍ സമരത്തിന്റെ പേരില്‍ നടത്തിയവരുണ്ട്. സ്ഥലം എംഎല്‍എ പോലും അവരുടെ താല്പര്യം സംരക്ഷിക്കുന്നില്ല. ഇരുപതോളം വീടുകളും അമ്പതോളം ആള്‍ക്കാരെയും ആക്രമിച്ചിട്ട് സ്ഥലം എംഎല്‍എ ആ സ്ഥലം ഇതുവരെയും സന്ദര്‍ശിച്ചിട്ടില്ല. എംഎല്‍എ ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം ആളാണോ?
പദ്ധതി വേഗത്തിലാക്കാന്‍ ഇനിയെങ്കിലും ശ്രമമുണ്ടാകണം. കൊവിഡും പ്രളയവും പറയുന്നവര്‍, കൊവിഡ് കാലത്ത് ഉയര്‍ന്ന പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നോക്കണം. പ്രളയം കാരണമായി പറയുന്നവര്‍ ആദ്യം വെള്ളക്കെട്ടിന് സമാധാനമുണ്ടാക്കട്ടെ. ഏഴു കുന്നുകളുടെ മുകളില്‍ ഒഴുക്ക് ചാല് സംവിധാനമുണ്ടായിരുന്നു. അതെല്ലാം നശിപ്പു. കുന്നിന് മുകളില്‍പ്പോലും പൊറുതിമുട്ടിയ അവസ്ഥയായി തിരുവനന്തപുരത്തെ സ്ഥിതി. തലസ്ഥാനത്ത് നടക്കുന്നത് നിര്‍മ്മാണമല്ല നശീകരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: