ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നിലപാടുകള്‍ക്കെതിരായ സുപ്രധാന വിധിയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നിന്നുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടി കൂടിയായി ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ വിധി. സ്വവര്‍ഗ വിവാഹത്തിനും സ്വവര്‍ഗ ദമ്പതികളുടെ ദത്തെടുക്കല്‍ അവകാശത്തിനും വേണ്ടി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിശദമായ വിധിപ്രസ്താവം നടത്തിയെങ്കിലും ജസ്റ്റിസുമാരായ പി.എസ്. നരസിംഹയുടേയും എസ്. ആര്. ഭട്ടിന്റെയും ഹിമ കോഹ്ലിയുടേയും നിലപാടുകള്‍ തിരിച്ചടിയായി. സ്വവര്‍ഗാനുകൂലികളുടെ ആവശ്യങ്ങളും അവകാശങ്ങളും പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നതായി അഞ്ചംഗ ബെഞ്ചും ഐകകണ്ഠ്യേന അറിയിച്ചു.
വിധിയുടെ പൂര്‍ണരൂപം
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്: സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് സാധുതയുണ്ട്. സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അവകാശമുണ്ട്. സ്വവര്‍ഗ ബന്ധം പുലര്‍ത്തുന്നവരോട് വിവേചനം പാടില്ല. എല്ലാ വ്യക്തികള്‍ക്കും ലഭിക്കുന്ന വിവാഹ ആനുകൂല്യം സ്വവര്‍ഗ ദമ്പതിമാര്‍ക്ക് നിഷേധിക്കുന്നത് അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ്. കുട്ടിക്ക് സമ്പൂര്‍ണ സുരക്ഷിതത്വം നല്കാന് സ്ത്രീ-പുരുഷ ദമ്പതിമാര്‍ക്ക് മാത്രമേ സാധിക്കൂ എന്നതിന് തെളിവുകളില്ല. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയുടെ സര്‍ക്കുലര്‍ പ്രകാരം സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തെടുക്കല്‍ അവകാശം നിഷേധിക്കുന്നത് ഭരണഘടനയുടെ പതിനഞ്ചാം അനുച്ഛേദത്തിന്റെ ലംഘനമാണ്. സ്വവര്‍ഗ വിവാഹത്തിന്റെ കാര്യത്തില്‍ നിയമനിര്‍മ്മാണത്തിലേക്ക് കടക്കാന്‍ കോടതിക്ക് സാധിക്കില്ല. പ്രത്യേക വിവാഹ നിയമം റദ്ദാക്കാന്‍ കോടതിക്കാവില്ല. ഇക്കാര്യത്തില്‍ പാര്‍ലമെന്റാണ് തീരുമാനമെടുക്കേണ്ടത്. പ്രത്യേക വിവാഹനിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കണം. സ്വവര്‍ഗ ലൈംഗികത സ്വാഭാവിക അവസ്ഥയാണ്. വര്‍ഷങ്ങളായി രാജ്യത്ത് സ്വവര്‍ഗ ലൈംഗികതയുണ്ട്. അതിന് നഗരമെന്നോ വരേണ്യവര്ഗമെന്നോ ഉള്ള സങ്കല്‍പ്പം നല്‍കേണ്ടതില്ല. തുല്യതയുടെ വിഷയം മാത്രമാണ്. നിയമങ്ങള്‍ മൂലം വിവാഹ സംവിധാനത്തില്‍ നിരവധി പരിഷ്കാരങ്ങള്‍ വന്നിട്ടുണ്ട്. വിവാഹമെന്നത് സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയുമല്ല. രണ്ടു വ്യക്തികളുടെ തീരുമാനമാണ് ബന്ധങ്ങള്‍ എന്നത്. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത് ഒരാളുടെ ജീവിതരീതിയുടെ ഭാഗമായാണ്. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം അതിനുള്ള അവകാശം അവര്‍ക്കുണ്ട്. അവരവരുടെ ജീവിതത്തിന്റെ ധാര്‍മ്മിക നിലവാരം തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. സ്വവര്ഗാനുകൂലികള്ക്ക് സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കണം. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കണം. അവര്‍ക്ക് ക്ഷേമാനുകൂല്യങ്ങള്‍ അനുവദിക്കണം.
ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍: ചീഫ് ജസ്റ്റിസിന്റെ വിധിപ്രസ്താവത്തോട് യോജിക്കുകയാണ്. സ്വവര്‍ഗ ബന്ധത്തിന് അംഗീകാരം നല്‍കാത്ത പ്രത്യേക വിവാഹ നിയമം തുല്യതക്ക് എതിരാണ്. ലൈംഗികതയുമായി ബന്ധപ്പെട്ടും വൈകാരിക ബന്ധങ്ങളായും സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് പൗരാണികകാലം മുതല്‍ അംഗീകാരമുണ്ട്. ഇതുമായി സൂഫി പാരമ്പര്യത്തിന് ബന്ധങ്ങളുണ്ട്. സ്പെഷ്യല്‍ മാര്യേജ് ആക്ട് എന്നത് ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണ്. എന്നാല്‍ വിവാഹനിയമത്തില്‍ തൊട്ടുകളിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നുറപ്പാണ്. ഭിന്നലിംഗ ലൈംഗികതയും സ്വവര്‍ഗ ലൈംഗികതയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്.
ജസ്റ്റിസ് രവീന്ദ്ര ഭട്ട്: സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമാംഗീകാരം നല്‍കാനാവില്ല. വിവാഹം ഒരു സാമൂഹ്യ വിഷയമാണ്. കോടതിക്ക് അതില്‍ ഇടപെടാനാവില്ല. നിലവിലെ നിയമപ്രകാരം ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് വിവാഹം കഴിക്കാന്‍ അവകാശമുണ്ട്. ആചാരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രക്രിയ കൂടിയാണ് വിവാഹം. വ്യക്തിനിയമങ്ങള്‍ അടക്കം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. പുനര്‍വിവാഹ നിയമം, വിവാഹമോചനത്തിന് എതിരായ നിയമം എന്നിവയെല്ലാമുണ്ട്. സ്വവര്‍ഗ ലൈംഗികത എന്നത് നഗര സങ്കല്‍പ്പമോ വരേണ്യവര്‍ഗ സങ്കല്‍പ്പമോ അല്ലെന്ന വാദം അംഗീകരിക്കുന്നു. എല്ലാ ആനുകൂല്യങ്ങളും കുട്ടികള്‍ക്ക് ലഭിക്കുന്നതിനൊപ്പം അവര്‍ക്ക് വളരാന്‍ സ്ഥിരതയുള്ള സാഹചര്യവും ആവശ്യമാണ്. ഇതിനര്‍ഥം വിവാഹിതരല്ലാത്ത ദമ്പതിമാരും സ്വവര്ഗാനുകൂലികളും നല്ല മാതാപിതാക്കളല്ല എന്നല്ല. വിവാഹ നിയമത്തിലെ മാറ്റങ്ങള്‍ പാര്‍ലമെന്റിന്റെ അധികാരത്തിന് വിടുന്നു.
ജസ്റ്റിസ് ഹിമ കോഹ്ലി: ജസ്റ്റിസ് ഭട്ടിന്റെ വിധിന്യായത്തെ പിന്തുണക്കുന്നു.
ജസ്റ്റിസ് നരസിംഹ: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാവില്ല. ദത്തെടുക്കല്‍ അടക്കമുള്ളവയ്ക്ക് സ്വവര്‍ഗ ദമ്പതിമാര്‍ക്ക് അനുമതി നല്‍കാനാവില്ല. ദത്തെടുക്കലുമായി ബന്ധപ്പെട്ട സിഎആര്‍എ നിയന്ത്രണങ്ങള്‍ അസാധുവാക്കാനാവില്ല. വിവാഹമെന്നത് നിയമപരമായ ഇടപെടലുകളിലൂടെയാണ് നിലനില്‍ക്കുന്നത്. വിവാഹം സാമൂഹ്യ സംവിധാനമാണ്. വിവാഹം കഴിക്കാനുള്ള അവകാശത്തെ മൗലികാവകാശമായി കണക്കാക്കാനാവില്ല. പെന്ഷന്, പിഎഫ്, ഗ്രാറ്റുവിറ്റി, ഇന്‍ഷുറന്‍സ് എന്നിവയില്‍ സ്വവര്‍ഗ പങ്കാളികളെ പരിഗണിക്കണം എന്നതിന്മേല് തീരുമാനം സ്വീകരിക്കേണ്ടതുണ്ട്.
സുപ്രീംകോടതി വിധിയെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സ്വാഗതം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നിലപാടിന് കോടതി അംഗീകാരം നല്‍കിയതില്‍ സന്തോഷം. പാര്‍ലമെന്റിന്റെയും എക്സിക്യൂട്ടീവിന്റെയും ജുഡീഷ്യറിയുടേയും പ്രവര്‍ത്തനങ്ങള്‍ ഭരണഘടനാ അടിസ്ഥാനത്തില്‍ പരസ്പരം ബഹുമാനത്തോടെ പ്രവര്‍ത്തിക്കുന്നതായി വിധിന്യായം തെളിയിക്കുന്നതായും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുകുള്‍ റോഹ്തഗി, അഭിഷേക് സിങ്വി, ആനന്ദ് ഗ്രോവര്‍, രാജു രാമചന്ദ്രന് തുടങ്ങിയവരാണ് ഹാജരായത്.
വിഎച്ച്പി സ്വാഗതം ചെയ്തു
സുപ്രീംകോടതി വിധിയെ വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു. സ്വവര്‍ഗ പങ്കാളികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അനുമതി നല്‍കാത്ത കോടതിയുടെ ഭൂരിപക്ഷ വിധിയേയും സ്വാഗതം ചെയ്യുന്നതായി വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിശ്വാസികളുടെ അടക്കമുള്ള ആശങ്കകള്‍ കോടതി കണക്കിലെടുത്തതില്‍ തൃപ്തിയുണ്ട്. സ്വവര്‍ഗ പങ്കാളികള്‍ തമ്മിലുള്ള വിവാഹം എന്നത് മൗലികാവകാശമല്ലെന്ന കോടതി നിലപാടും സ്വാഗതാര്‍ഹമാണ്, അലോക് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: