കുന്നംകുളം: സംസ്ഥാന സ്കൂള്‍ കായികോത്സവത്തിലെ ആദ്യ സ്വര്‍ണം ഗോപിക ഗോപിയിലൂടെ കണ്ണൂരിന് സ്വന്തം. ഇന്നലെ ആദ്യ ഇനമായ ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ഒന്നാമതായി ഓടിയെത്തിയാണ് കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ ഗോപിക കായികോത്സവത്തിലെ ആദ്യ സ്വര്‍ണത്തിന് അവകാശിയായത്. എതിരാളികളെ ഏറെ പിന്നിലാക്കി 11 മിനിറ്റ് 01.81 സെക്കന്‍ഡിലാണ് ഗോപിക ഫിനിഷ് ലൈന്‍ കടന്നത്.
നേരത്തെ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസില്‍ പഠിച്ചിരുന്ന സമയത്ത് ഹൈജംപായിരുന്നു ഗോപികയുടെ ഇഷ്ടയിനം. എന്നാല്‍ പ്ലസ് വണ്ണില്‍ കണ്ണൂര്‍ ജിവിഎച്ച്എസ്എസില്‍ എത്തിയശേഷം അവിടുത്തെ കായിക പരിശീലകനായ സന്തോഷ് മനാടാണ് ഗോപികയ്ക്ക് കൂടുതല്‍ ഇണങ്ങുക ദീര്‍ഘ ദൂര ഓട്ടമാണെന്ന്് തിരിച്ചറിഞ്ഞതും താരത്തെ ഇതിലേക്ക് വഴിതിരിച്ചുവിട്ടതും. തുടര്‍ന്ന് 1500, 3000 മീറ്റര്‍, ക്രോസ് കണ്ട്രി മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഗോപിക ഈയിനത്തില്‍ ആദ്യ മത്സരത്തില്‍ തന്നെ പൊന്നണിയുകയായിരുന്നു.
എറണാകുളം കുട്ടംപുഴ കുറിയമ്പെട്ടി സ്വദേശി ഗോപിയുടെയും സുമതിയുടേയും നാല് മക്കളില്‍ മൂത്തവളാണ് ഗോപിക. ഉഷ സ്കൂളിലെ താരമായ പൂവമ്പായി എഎംഎച്ച്എസിലെ അശ്വിനി ആര്. നായര്‍ 11 മിനിറ്റ് 07.33 സെക്കന്‍ഡില്‍ വെള്ളിയും എറണാകുളം കോതമംഗലം മാര്‍ ബേസിലിന്റെ അലോണ തോമസ് 11 മിനിറ്റ് 07.98 സെക്കന്‍ഡില്‍ വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: