അയോധ്യ: സരയൂതീരത്ത് നവംബര്‍ 11ന് ദീപാവലി ദിവസം 24 ലക്ഷം ചെരാതുകള്‍ തെളിയും. ദീപോത്സവത്തിനായി വലിയ തയാറെടുപ്പുകള്‍ ഊര്‍ജിതമായി നടക്കുകയാണെന്ന് അയോധ്യ ജില്ലാ മജിസ്ട്രേറ്റ് നിതീഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്ക് വേണ്ടി തയാറെടുക്കുന്ന അയോധ്യ ഇത്തവണ പതിവിലും കവിഞ്ഞ ഉത്സാഹത്തോടെയാകും ദീപാവലിയെ വരവേല്ക്കുക. ഉത്തര്‍ പ്രദേശ് പ്രോജക്ട് കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ കരാര്‍ നല്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
രാമായണത്തെ ആസ്പദമാക്കിയുള്ള സിനിമകള്‍ ഇതിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കും. ദിവസവും വൈകുന്നേരം രണ്ട് മണിക്കൂര്‍ പ്രദര്‍ശനമുണ്ടാകും.
2017ല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയതിന് ശേഷമാണ് അയോധ്യയില്‍ ഇത്തരത്തില്‍ ദീപോത്സവം സംഘടിപ്പിച്ചു തുടങ്ങിയത്. ആദ്യവര്‍ഷം 51,000 ചെരാതുകളായിരുന്നു. 2019ല്‍ 4.10 ലക്ഷവും 2020ല്‍ 6 ലക്ഷവും 2021ല്‍ 9 ലക്ഷവും ചെരാതുകളില്‍ ദീപം തെളിച്ചു. കഴിഞ്ഞ വര്‍ഷം രാം കി പൈരിയിലെ ഘാട്ടുകളില്‍ 17 ലക്ഷത്തിലധികം ചെരാതുകളാണ് തെളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: