അലിഗഡ്: ചന്ദൗസ് നഗരത്തില്‍ ശ്രീരാമഘോഷയാത്രയ്ക്ക് നേരെ മതമൗലിക വാദികള്‍ കല്ലേറ് നടത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷം. നഗരത്തിലെ ഖൈര്‍ അദ്ദ പള്ളിയുടെ സമീപത്തുവച്ചാണ് കഴിഞ്ഞ രാത്രി കല്ലേറുണ്ടായത്.
പ്രക്ഷുബ്ധരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. രാംലീല മൈതാനിയില്‍ നിന്നാരംഭിച്ച രാമയാത്ര പിസാവ റോഡിലെ മസ്ജിദിന് മുന്നിലെത്തിയപ്പോള്‍ പൊടുന്നനെയാണ് ആക്രമണമുണ്ടായത്. പള്ളിയില്‍ നിന്ന് ഇറങ്ങിവന്നവരില്‍ ചിലരാണ് കല്ലെറിഞ്ഞതെന്ന് രാംലീല കമ്മിറ്റി ചെയര്മാന് സുനില്‍ കുമാര്‍ പരാതിയില്‍ പറയുന്നു.
അക്രമമുണ്ടായതിന് പിന്നാലെ ഘോഷയാത്രയിലെ നിശ്ചലദൃശ്യങ്ങളുമായി രാംലീലാ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. നൂറുകണക്കിനാളുകളാണ് സമരത്തില്‍ പങ്കെടുത്തത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആളുകള്‍ ചന്ദൗസ്-ദൗറൗ റോഡും ഉപരോധിച്ചു. ഡിഐജി ശലഭ് മാത്തൂര്‍, ജില്ലാ മജിസ്ട്രേറ്റ് ഇന്ദ്രവിക്രം സിങ്, എസ്എസ്പി കലാനിധി നൈതാനി എന്നിവര്‍ ഇടപെട്ടാണ് ജനങ്ങളെ പിരിച്ചുവിട്ടത്.
അക്രമത്തില്‍ പ്രതിഷേധിച്ച് ചന്ദൗസ് നഗരത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഘോഷയാത്രയുടെ വഴി സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അത്തരമൊരു തര്‍ക്കമില്ലെന്നും അമ്പത് വര്‍ഷമായി ഇതേ വഴിയിലൂടെയാണ് ഘോഷയാത്ര പോകുന്നതെന്നും രാംലീലാ കമ്മിറ്റി പറഞ്ഞു. അടുത്തിടെ ചന്ദൗസ് പോലീസ് സ്റ്റേഷനില്‍ ചേര്‍ന്ന സമാധാനയോഗവും പാതയെപ്പറ്റി പ്രശ്നങ്ങളില്ലെന്ന് സമ്മതിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: