ന്യൂദല്‍ഹി: തീവ്രവാദവും മയക്കുമരുന്ന് കടത്തും നേരിടാനും സൈബര്‍ ഭീഷണികള്‍ക്കെതിരെ പ്രതിരോധം കെട്ടിപ്പടുക്കാനും മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. തന്ത്രപ്രധാന മേഖലയുമായുള്ള സഹകരണവും ബന്ധവും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം.
കസാക്കിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ഇന്ത്യന്‍, മധ്യ ഏഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടാമത്തെ യോഗത്തില്‍ പങ്കെടുക്കവെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആണ് ഈ വാഗ്ദാനം നല്‍കിയത്. ഇന്ത്യയും മധ്യേഷ്യയും പൊതുവായ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈബര്‍ ഭീഷണികള്‍ക്കെതിരെ പ്രതിരോധം കെട്ടിപ്പടുക്കുന്നതിനും സുരക്ഷിതമായ സൈബര്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും സഹായിക്കുന്നതിന് മധ്യേഷ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ പ്രവര്‍ത്തിക്കുമെന്ന് ഡോവല്‍ പറഞ്ഞു. ഈ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അടിസ്ഥാന കാര്യങ്ങളാണ് ശേഷി വര്‍ധിപ്പിക്കലും അനുഭവങ്ങള്‍ പങ്കുവയ്ക്കലും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മധ്യേഷ്യന്‍ രാജ്യങ്ങളിലെ സൈബര്‍ സുരക്ഷാ ഏജന്‍സികളുടെ മേധാവികളെ ‘തന്ത്രപരമായ സൈബര്‍ പരീക്ഷണത്തിന്’ ഇന്ത്യയിലേക്ക് ക്ഷണിച്ചു.
മധ്യേഷ്യയുമായുള്ള ബന്ധവും സാമ്പത്തിക സംയോജനവും ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദിഷ്ട നടപടികളും ഡോവല്‍ വിശദീകരിച്ചു, ഇത് ഇന്ത്യയുടെ പ്രധാന മുന്‍ഗണനയാണെന്ന് അദ്ദേഹം പറഞ്ഞു. മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്ക് യുണൈറ്റഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സാങ്കേതികവിദ്യ സൗജന്യമായി നല്‍കാനും ഈ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സോവറിന്‍ ഡിജിറ്റല്‍ തത്സമയ പേയ്മെന്റ് സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: