ന്യൂദല്‍ഹി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് 2023 ഒക്ടോബര്‍ 18, 19 തീയതികളില്‍ ഒമാനില്‍ മൂന്നാം ഔദ്യോഗിക സന്ദര്‍ശനം നടത്തും. സന്ദര്‍ശന വേളയില്‍ ഒമാന്‍ നേതൃത്വവുമായും വിശിഷ്ട വ്യക്തികളുമായും അദ്ദേഹം ഉന്നതതല ചര്‍ച്ചകള്‍ നടത്തും.
ഒമാനിലെ നാഷണല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള, നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് ശേഖരത്തില്‍ നിന്ന് പ്രത്യേകം ക്യൂറേറ്റ് ചെയ്ത 20 കലാസൃഷ്ടികളുടെ ശേഖരമായ ‘ഇന്ത്യ ഓണ്‍ ക്യാന്‍വാസ്: മാസ്റ്റര്‍പീസ് ഓഫ് മോഡേണ്‍ ഇന്ത്യന്‍ പെയിന്റിംഗ്’ എന്ന ചിത്ര പ്രദര്‍ശനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ചരിത്രത്തിലേക്കും ഇന്ത്യഒമാന്‍ ബന്ധം ശക്തിപ്പെടുത്താന്‍ അവര്‍ നല്കിയ സംഭാവനകളിലേക്കും വെളിച്ചം വീശിക്കൊണ്ട് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ‘മാണ്ഡ്വി മുതല്‍ മസ്കറ്റ് വരെ: ഇന്ത്യന്‍ സമൂഹവും ഇന്ത്യയും ഒമാനും പങ്കുവയ്ക്കുന്ന ചരിത്രവും’ എന്ന വിഷയത്തിലെ പ്രഭാഷണ പരമ്പരയും മന്ത്രി ഉദ്ഘാടനം ചെയ്യും.
വിവിധ ഇന്ത്യന്‍ സംഘടനകളുമായും പ്രൊഫഷണലുകള്‍, തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടുന്ന ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പരിച്ഛേദവുമായും മന്ത്രി തന്റെ സന്ദര്‍ശനത്തിനിടയില്‍ ആശയവിനിമയം നടത്തും.
ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള ശക്തമായ കെട്ടുപാടുകള്‍ എന്നിവ ഇന്ത്യയും ഒമാനും തമ്മില്‍ ഊഷ്മളവും സൗഹൃദപരവുമായ ബന്ധം പങ്കിടാന്‍ കാരണമാകുന്നുണ്ട്. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ സമഗ്രമായി അവലോകനം ചെയ്യാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാനും സന്ദര്‍ശനം സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: