ഭോപാല്‍: തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മധ്യപ്രദേശില്‍ പന്ത്രണ്ടായിരം കേന്ദ്രങ്ങളില്‍ ശക്തിസമ്മേളനങ്ങള്‍ നടത്തുമെന്ന് ബിജെപി. മൂന്നുദിവസത്തെ സമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്.
ഒരിക്കല്‍ക്കൂടി ബിജെപി സര്‍ക്കാര്‍’ എന്ന മുദ്രാവാക്യവുമായി എല്ലാ ബൂത്തുകളിലും മുന്നിലെത്തുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ്മ പറഞ്ഞു. ബിജെപിയുടെ വിജയ മന്ത്രം ബൂത്തുതലത്തിലെ ബിജെപി പ്രവര്‍ത്തകരാണെന്ന് വി.ഡി. ശര്‍മ്മ പറഞ്ഞു.
64,523 ബൂത്തുകളിലും 12,000 ശക്തികേന്ദ്രങ്ങളിലും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് പാര്‍ട്ടി നടത്തുന്നത്. ദുര്‍ഗാമാതാവിന്റെ അനുഗ്രഹത്താല്‍ വീണ്ടും ബിജെപി അധികാരത്തില്‍ വരുമെന്നുറപ്പാണ്.
നവരാത്രി വേളയില്‍ മൂന്നുദിവസത്തെ ശക്തി സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനും കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും സംസ്ഥാന മന്ത്രിമാരും എംഎല്‍എമാരുമെല്ലാം പങ്കെടുക്കും.
മധ്യപ്രദേശിലെ രാഷ്ട്രീയത്തെ ദുഷിപ്പിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ക്രിമിനലുകള്‍ക്കും വനിതകളെ ഉപദ്രവിക്കുന്നവര്ക്കുമെതിരെ പ്രിയങ്കാ ഗാന്ധി പ്രസംഗിക്കുന്നു. പക്ഷേ അത്തരക്കാര്‍ക്ക് ഇഷ്ടം പോലെ മത്സരിക്കാന്‍ സീറ്റ് അനുവദിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
സംസ്ഥാനത്തെ ജനങ്ങള്‍ ഇതിന് മറുപടി പ്രതീക്ഷിക്കുന്നുണ്ട്. 56 എഫ്ഐആറുകള്‍ ഉള്ളയാള്‍ക്ക് പോലും ടിക്കറ്റ് നല്കിയിരിക്കുന്നു. നിരവധി അഴിമതിക്കാരും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലുണ്ട്, വി.ഡി ശര്‍മ്മ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: