ന്യൂദല്‍ഹി: 2023ലെ ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ മൂന്നാം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലോകത്ത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ നിരന്തരം ശക്തിപ്പെടുകയാണെന്നും ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഒന്നാകുന്ന കാലം വിദൂരമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചരിത്രപരമായ ഇന്ത്യ- പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രാദേശിക, ആഗോള വ്യാപാരത്തില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ ഇന്ത്യയുടെ മുന്‍കൈ മൂലമാണ് സാമ്പത്തിക ഇടനാഴിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. ചരക്ക് കടത്ത് ചെലവ് കുറയ്‌ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുന്നതിനും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും ദശകങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് കപ്പല്‍ നിര്‍മ്മാണ രാജ്യങ്ങളില്‍ ഒന്നായി മാറാന്‍ രാജായം ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി ഇന്ത്യ പറഞ്ഞു. ‘ഇന്ത്യയില്‍ നിര്‍മ്മിക്കുക, ലോകത്തിനായി നിര്‍മ്മിക്കുക’ എന്നതാണ് ഇന്ത്യയുടെ മന്ത്രമെന്ന് അദ്ദേഹം പറഞ്ഞു. മാരിടൈം ശ്രംഖലകളുടെ വികസനത്തിലൂടെ ലോകത്തെ കപ്പല്‍ നിര്‍മ്മാതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു സംയോജിത സമീപനത്തിലാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎന്‍എസ് വിക്രാന്ത് എന്ന തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ ഇന്ത്യയുടെ ശേഷിയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ സമുദ്ര ആവാസവ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നതിന് രാജ്യത്ത് വിവിധ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ രാജ്യത്തെ പ്രധാന തുറമുഖങ്ങളുടെ ശേഷി ഇരട്ടിയായതായി അദ്ദേഹം പറഞ്ഞു. തുറമുഖങ്ങളില്‍ കണ്ടെയ്നര്‍ കപ്പലുകള്‍ വന്നു മടങ്ങുന്ന സമയം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുറമുഖങ്ങളുടെ ശേഷി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാഗര്‍മാല പദ്ധതിയിലൂടെ തീരപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി ആഗോള ചരക്ക് കടത്ത് നിര്‍വഹണ സൂചികയില്‍ ഇന്ത്യയുടെ റേറ്റിംഗ് മെച്ചപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമുദ്ര സമ്പദ് വ്യവസ്ഥയുടെ രൂപരേഖയായ ‘അമൃത് കാല്‍ വിഷന്‍ 2047’ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഈ ഭാവി പദ്ധതിക്ക് അനുസൃതമായി, ഇന്ത്യന്‍ സമുദ്രസമ്പദ്വ്യവസ്ഥയ്‌ക്കായി ‘അമൃത് കാല്‍ വിഷന്‍ 2047’ ന് യോജിച്ച 23,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാഷ്‌ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. രാജ്യത്തിന്റെ സമുദ്രമേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള വേദിയാണ് ഉച്ചകോടി ഒരുക്കുന്നത്.
മഹാരാഷ്‌ട്ര ഗവര്‍ണര്‍ രമേഷ് ബൈസ്, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ് സോന്‍വാള്‍, തുറമുഖ, ഷിപ്പിംഗ്, ജലപാത സഹമന്ത്രി ശ്രീപദ് വൈ നായിക്, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവര്‍ ഗ്ലോബല്‍ മാരിടൈം ഉച്ചകോടിയില്‍ പങ്കെടുത്തു. മൂന്ന് ദിവസത്തെ ഉച്ചകോടി ഒക്ടോബര്‍ 19 വരെയാണ് മുംബൈയിലെ എംഎംആര്‍ഡിഎ ഗ്രൗണ്ടില്‍ നടക്കും. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: