കൊച്ചി: ഒരു ദേവി, അവള്‍ക്ക് ഒമ്പതു ഭാവം. നവരാത്രി നാളുകളില്‍ ഈ ഓരോ ഭാവവും ധൂളീചിത്രമാകുന്ന കലാവിസ്മയമാണ് നാരായണന്‍ നമ്പൂതിരിയുടെ വിരല്‍ത്തുമ്പില്‍ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ വിരിയുന്നത്.
ശൈലപുത്രി ഭാവത്തിലൂടെയാണ് ഞായറാഴ്ച ഈ കലാപരമ്പര ആരംഭിച്ചത്. ശൈലപുത്രി എന്നാല്‍ ഹിമവാന്റെ പുത്രിയെന്നര്‍ഥം. രോഗസൗഖ്യം പ്രദാനം ചെയ്യുന്ന ഭാവത്തിലാണ് ദേവി. ഒരു കയ്യില്‍ ശൂലവും മറുകയ്യില്‍ താമരപ്പൂവും. കാളയാണ് ശൈലപുത്രിയുടെ വാഹനം. ദോഷശമനം ഫലം.
രണ്ടാം ദിവസമായ ഇന്നലെ ബ്രഹ്മചാരിണി ഭാവമാണ്. ധ്യാനഭാവത്തിലുളള രൂപം. സതി ശിവനെ ഭര്‍ത്താവായി കിട്ടാന്‍ തപസ്സുചെയ്യുന്ന രൂപം. വലതു കയ്യില്‍ അക്ഷമാലയും ഇടത് കയ്യില്‍ കമണ്ഡലുവും. വെളള വസ്ത്രം ധരിച്ച് അഗ്നിമധ്യേ തപസ്സ്. രോഗശമനവും സൗന്ദര്യവര്‍ധനയും ഫലം. മൂന്നാം ദിവസമായ ഇന്ന് ചന്ദ്രഖണ്ഡാ ഭാവം. ദേവിയുടെ രൗദ്രഭാവം. പുലിയാണ് വാഹനം. കിരീടം മണിയുടെ ആകൃതിയിലാണുളളത്. ചുവപ്പ് വസ്ത്രം. വിദ്യാര്‍ഥികള്‍ക്ക് വിജയമാണ് ഫലം.
നാലാമത്തെ ദിവസം കുശ്മാണ്ഡം. എട്ട് കയ്യുണ്ട്. സിംഹമാണ് വാഹനം. ശത്രു സംഹാരം ഫലം.
അഞ്ചാം ദിവസം സ്‌കന്ദമാതാ ഭാവമാണ്. മാതൃവാത്സല്യമാണ് ദേവിക്ക്. ആറുമുഖമുളള സുബ്രഹ്മണ്യനെ മടിയിലിരുത്തി സിംഹാസനത്തിലിരിക്കുന്ന ദേവീരൂപം. മഞ്ഞ വസ്ത്രം. സന്താനലാഭം ഫലം.
ആറാം ദിവസം കാര്‍ത്യായനി. സൗമ്യഭാവമാണ് ദേവിക്ക്. പച്ച വസ്ത്രം ധരിച്ച് സിംഹത്തിന്റെ പുറത്താണ് ഇരിപ്പ്. നാല് കയ്യാണുളളത്. ധനാഗമം ഫലം.
എഴാം ദിവസം കാളരാത്രി എന്ന ഉഗ്രരൂപം. നിറം കറുപ്പ്്. മുടി അഴിച്ചിട്ട് ലോകത്തിലെ മുഴുവന്‍ ഇരുട്ടിനെയും ആവാഹിക്കുന്നു. മിന്നലിന്റെ തിളക്കമുളള ആഭരണങ്ങള്‍ അണിഞ്ഞ് നാല് കയ്യില്‍ ഒന്നില്‍ വജ്രായുധമേന്തിയ രൂപം. കഴുതയാണ് വാഹനം. ശനിദോഷ നിവാരണം ഫലം.
എട്ടാം ദിവസം മഹാഗൗരി. ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. റോസ് നിറത്തിലുളള വസ്ത്രം. നാലു കയ്യുണ്ട്. കാളയാണ് വാഹനം. ശാരീരിക സൗഖ്യം ഫലം.
ഒന്‍പതാം ദിവസം സിദ്ധിദാത്രി ഭാവത്തിലാണ് ദേവി. ഭക്തര്‍ക്ക് സര്‍വസിദ്ധികളും പ്രദാനം ചെയ്യുന്ന സൗമ്യഭാവത്തിലുളള ദേവി പച്ച വസ്ത്രം ധരിച്ച് നാല് കയ്യില്‍ വൈഷ്ണവായുധങ്ങളേന്തി താമരപ്പൂവില്‍ ഇരിക്കുന്നു. ഫലം ചൊവ്വാദോഷ നിവാരണം.
ദേവീമാഹാത്മ്യത്തിന്റെ തുടക്കത്തില്‍ പറയുന്ന ദേവീകവചത്തില്‍ പറയുന്നതാണീ ഒന്‍പത് പേരുകള്‍. അഞ്ച് നിറത്തിലെ പൊടികളുപയോഗിച്ചാണ് കളം വരയ്‌ക്കുന്നത്. വെള്ളയ്‌ക്ക് അരിപ്പൊടി, മഞ്ഞയ്‌ക്കു മഞ്ഞള്‍പ്പൊടി. വാക അല്ലെങ്കില്‍ മഞ്ചാടി ഇലകള്‍ ഉണക്കി പൊടിച്ച് പച്ച നിര്‍മിക്കും. കറുപ്പിന് ഉമിക്കരി. മഞ്ഞളില്‍ ചുണ്ണാമ്പ് ചേര്‍ത്ത് ചുവപ്പ് നിറം നിര്‍മിക്കും.
ഷൊര്‍ണൂര്‍ ആറ്റൂര്‍ സ്വദേശിയായ നാരായണന്‍ നമ്പൂതിരി 2016 ലാണ് കളമെഴുത്ത് തുടങ്ങിയത്, കുന്നംകുളം വേദക്കാട് ഭഗവതി ക്ഷേത്രത്തില്‍. പാവക്കുളത്ത് ഇതു മൂന്നാം തവണ. ഔദ്യോഗികമായി ചിത്രകല പഠിച്ചിട്ടില്ലാത്ത ഇദ്ദേഹം ക്ഷേത്രങ്ങളില്‍ കളം വരയ്‌ക്കുന്നത് കണ്ടാണ് ഈ വിദ്യ വശത്താക്കിയത്.
ദീപ്തി എം. ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: