ഹൈദരാബാദ്: കരച്ചില്, നിലവിളി, തെറിവിളി, തമ്മിലടി, കോലംകത്തിക്കല്‍…. തെലങ്കാനയില്‍ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് നാടകീയരംഗങ്ങള്‍.
വേദി ഗാന്ധിഭവനിലെ കോണ്‍ഗ്രസ് ആസ്ഥാനം. തെലങ്കാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മല്ലുരവിയുടെ പത്രസമ്മേളനം നടക്കുന്നതിനിടെയാണ് നാണിപ്പിക്കുന്ന രംഗങ്ങള്‍. പ്രതിഷേധവും പ്രകടനവും തെരുവുയുദ്ധമായതോടെ പാര്‍ട്ടി ഓഫീസ് അടച്ചുപൂട്ടി.
മൂന്ന് ദിവസം കൂടി കഴിഞ്ഞാല്‍ രാഹുലും പ്രിയങ്ക വാദ്രയും തെലങ്കാനയില്‍ പ്രചാരണത്തിന് വരാനിരിക്കെയാണ് മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ പരസ്യമായി തമ്മിലടിക്കുന്നത്. പിസിസി വൈസ് പ്രസിഡന്റ് മല്ലു രവി വാര്‍ത്താസമ്മേളനം തടസപ്പെടുത്തുന്നതിനായി ഒരു കൂട്ടം ആളുകള്‍ ഗാന്ധിഭവനിലേക്ക് മുദ്രാവാക്യം വിളികളുമായി ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് മല്ലു രവി വാര്‍ത്താസമ്മേളനം നിര്‍ത്തി ഇറങ്ങിപ്പോയി. പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ കോലം പാര്‍ട്ടി ഓഫീസിന് മുന്നില്‍ കത്തിച്ചു.
ഉപ്പലില്‍ സീറ്റ് നഷ്ടപ്പെട്ട മുതിര്‍ന്ന നേതാവ് രാഗിഡി ലക്ഷ്മ റെഡ്ഡിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പുതുമുഖമായ എം. പരമേശ്വര്‍ റെഡ്ഡിക്കാണ് ഹൈക്കമാന്‍ഡ് ഇവിടെ സീറ്റ് നല്‍കിയത്.
”രേവന്ത് റെഡ്ഡിയെ ഞാന്‍ ഭയക്കുന്നില്ല. പാര്‍ട്ടി തളര്‍ന്നപ്പോഴും അധികാരത്തില്‍നിന്ന് പുറത്തായപ്പോഴും ഞങ്ങളാണ് ഇവിടെ പാര്‍ട്ടിയെ കെട്ടിപ്പടുത്തത്. രേവന്തിനെ ബഹുമാനിച്ചത് പിസിസി തലവനായതു കൊണ്ടു മാത്രമാണ്. പുറത്തുനിന്നെത്തിയ ഒരാള്‍ക്ക് വേണ്ടി എന്നെ തഴഞ്ഞത് പൊറുക്കാനാവിലില്ല,” ലക്ഷ്മ റെഡ്ഡി പറഞ്ഞു
‘രേവന്ത് ഹഠാവോ, കോണ്‍ഗ്രസ് ബച്ചാവോ’ എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തുടനീളം പ്രചാരണം ആരംഭിക്കുമെന്ന് മറ്റൊരു മുതിര്‍ന്ന നേതാവ് സോമശേഖര്‍ റെഡ്ഡി പറഞ്ഞു. രേവന്ത് റെഡ്ഡിയെ എതിര്‍ക്കുന്നവര്‍ തന്നോടൊപ്പം ചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി തെലങ്കാലനയില്‍ നിരവധി ഇടങ്ങളില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.
മറ്റ് പാര്‍ട്ടികളില്‍ നിന്ന് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന 12 പേര്‍ക്ക് സീറ്റ് നല്‍കിയതാണ് പൊട്ടിത്തെറിക്ക് കാരണം. ബിആര്‍എസില്‍ നിന്നെത്തിയ ജുപ്പള്ളി കൃഷ്ണറാവു, മൈനംപിള്ളി ഹനുമന്ത റാവു, മകന് മൈനംപള്ളി രോഹിത് റാവു തുടങ്ങിയവര്‍ ഈ പട്ടികയില്‍ പ്രമുഖരാണ്.
മുതിര്‍ന്ന നേതാവ് പൊന്നല ലക്ഷ്മയ്യ രാജിവച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെ കാണാന്‍ പോയത് കോണ്‍ഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ തെരുവില്‍ തമ്മിലടിക്കുന്നത്. ഞായറാഴ്ചയാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനര്‍ഥികളുടെ ആദ്യപട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടത്. ആകെ 55 പേരാണ് ആദ്യപട്ടികയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: