തിരുവനന്തപുരം: മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും തലസ്ഥാനത്ത് ദുരിതത്തിന് അറുതിയില്ല. മഴക്കാല പൂര്‍വ ശുചീകരണത്തിലെ വീഴ്ചയും ആക്കുളം കായല്‍ കൈയേറിയുള്ള കെട്ടിട നിര്‍മാണങ്ങളുമാണ് നഗരത്തെ വെള്ളത്തിലാക്കിയത്. മഴ എത്ര കനത്താലും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം രാജഭരണ കാലത്ത് തന്നെ ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വാഭാവിക ഒഴുക്കിനെ തടയുന്ന രീതിയിലാണ് ഇപ്പോഴത്തെ നിര്‍മാണങ്ങള്‍.
ഇതുവരെ വെള്ളം കയറാത്ത പ്രദേശങ്ങള്‍ പോലും കഴിഞ്ഞ ദിവസത്തെ മഴയില്‍ മുങ്ങി. ചെറിയ കുന്നിനുമുകളില്‍ സ്ഥിതി ചെയ്യുന്ന ടെക്നോപാര്‍ക്കിലെ കെട്ടിടങ്ങളില്‍ പോലും വെള്ളം കയറി. പാര്‍ക്കിലെ ഒട്ടു മിക്ക കമ്പനികളും അടച്ചിട്ടിരിക്കുകയാണ്.
ആമയിഴഞ്ചാന്‍, കണ്ണമ്മൂല തോടുകളില്‍ നിന്നാണ് വെള്ളം വീടുകളിലേക്ക് കയറിയത്. ലക്ഷങ്ങള്‍ ചെലവഴിച്ചതല്ലാതെ മഴക്കാല പൂര്‍വശുചീകരണം നടന്നില്ല. ഓടകളില്‍ നിന്നും കോരിയിട്ട മണ്ണും മാലിന്യങ്ങളും നീക്കിയില്ല. ഇവ മഴയത്ത് വീണ്ടും ഓടകളിലേക്ക് ഇറങ്ങി തോട്ടില്‍ അടിഞ്ഞു. സംരക്ഷണഭിത്തിക്കുവേണ്ടി നീക്കം ചെയ്ത മണ്ണ് തോട്ടില്‍ തന്നെ നിക്ഷേപിച്ചു. ഇതെല്ലാം ചെറിയ തടയണകളായി. പണിക്ക് കൊണ്ടു വന്ന ഹിറ്റാച്ചി പോലും മാറ്റിയില്ല.
ആമയിഴഞ്ചാന്‍ തോട്ടില്‍ നിന്നാണ് അര്‍ധരാത്രിയില്‍ വീടുകളിലേക്ക് വെള്ളം കയറിയത്. രക്ഷാ പ്രവര്‍ത്തനം നടത്താനും ജില്ലാ ഭരണകൂടത്തിനും നഗരസഭയ്ക്കും കഴിഞ്ഞില്ല
ആക്കുളത്ത് കായല്‍ നികത്തി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതില്‍ നിരവധി പരാതികളാണ് ലഭിച്ചത്. എന്നിട്ടും നഗരസഭ അനങ്ങിയില്ല. ഓടകളിലെ വെള്ളം ആക്കുളം കായലിലാണ് എത്തുന്നത്. ഈ ഓടകളില്‍ മിക്കതും അടച്ചു. ടെക്നോപാര്‍ക്കിന്റെ അടുത്ത ഘട്ട നിര്‍മാണത്തിനായി കൊച്ചു തോട് അടച്ചു. ഈ പ്രദേശത്ത് അശാസ്ത്രീയമായി നിരവധി ഫഌറ്റുകളും ഉയര്‍ന്നു. രണ്ട് കോടി രൂപയാണ് ഓടകള്‍ ശുചിയാക്കുന്നതിനായി സര്‍ക്കാര്‍ ചെലവിട്ട രണ്ടുകോടി രൂപ വെള്ളത്തിലായി.
അതിനിടെ മഴയെചൊല്ലി മന്ത്രിമാര്‍ തമ്മില്‍ വാക്പോര് തുടരുകയാണ്. കനത്ത മഴ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് മന്ത്രിമാരായ ആന്റണി രാജുവും വി.ശിവന്‍കുട്ടിയും. അറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ റവന്യൂ വിഭാഗം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമായിരുന്നുവെന്ന് ഇരു മന്ത്രിമാരും പറഞ്ഞു. പരാതികള്‍ ശ്രദ്ധയില്‍പെട്ടില്ലെന്ന് മന്ത്രി കെ. രാജന് പറഞ്ഞു. മുന്നറിയിപ്പുകള്‍ നല്‍കുന്നതിലെ പ്രശ്നങ്ങള്‍ പരിശോധിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പണം നല്കാന് നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്ക് പൂര്‍ത്തിയായിട്ടില്ല. നഷ്ടപരിഹാരം മന്ത്രിസഭ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: