മട്ടാഞ്ചേരി (കൊച്ചി): പാലസ് റോഡ് കൈലാസിലെ ഹേമാദേവി ടീച്ചര്‍ 11 വര്‍ഷം മുമ്പ് മകള്‍ മേഘ്നയുടെ കൂടെ അടുത്ത വീട്ടില്‍ നവരാത്രി ആഘോഷത്തിനു പോയി. തിരികെയെത്തിയപ്പോള്‍ മകള്‍ അമ്മയോട് ഒരാഗ്രഹം പ്രകടിപ്പിച്ചു. ‘ആ വീട്ടില്‍ കണ്ടതുപോലെ മനോഹരമായ ബൊമ്മക്കൊലുകള്‍ നമ്മുടെ വീട്ടിലും വേണം’. മകളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന് ഹേമാദേവി ആരംഭിച്ച ബൊമ്മക്കൊലു ശേഖരണം ഭക്ത ലഹരിയായി. ഇന്നു കൊലുക്കള്‍ 2000 കവിഞ്ഞിരിക്കുന്നു!
നവരാത്രി നാളുകളില്‍ ഈ അപൂര്‍വ ശേഖരം കാണാന്‍ സന്ദര്‍ശക പ്രവാഹമാണ്. ഭക്തര്‍ക്കായി തന്റെ ശേഖരമൊരുക്കുന്നത് ദേവീപുണ്യത്തിനു തുല്യമാണെന്ന് ഹേമാദേവി ജന്മഭൂമിയോടു പറഞ്ഞു.
തമിഴ്നാട്ടിലെ കാഞ്ചീപുരം, മധുര എന്നിവിടങ്ങളില്‍ പോയാണ് കൊലുകള്‍ ഏറെയും വാങ്ങിയത്. മട്ടാഞ്ചേരി ചെര്‍ളായിയിലെ ഗോവിന്ദന്റെ കടയിലും ഇപ്പോള്‍ കൊലു കിട്ടും. പുരാണ കഥാപാത്രങ്ങള്‍ക്കൊപ്പം കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ കൗതുകവും ശേഖരത്തിലുണ്ട്. 50 മുതല്‍ 6000 രൂപ വരെയാണ് വില. അടയ്‌ക്കയുടെ വലുപ്പമുള്ള ഗണപതി ഏറ്റവും ചെറുതും, രണ്ടരയടി ഉയരമുള്ള സരസ്വതി ഏറ്റവും വലുതും. രാമായണ കഥാപാത്രങ്ങളാണ് കൂടുതല്‍. വീട്ടിലെ രണ്ടുമുറി ഇപ്പോള്‍ കൊലുക്കളാല്‍ നിറഞ്ഞുകവിഞ്ഞു. ഭഗവാന്‍ അനുവദിക്കുവോളം കൊലുശേഖരണം തുടരണമെന്നാണ് ടീച്ചറിന്റെ ആഗ്രഹം.
മട്ടാഞ്ചേരിയിലെ തിരുമല ദേവസ്വം ഹൈസ്‌കൂളിലെ കെമിസ്ട്രി അധ്യാപികയാണ്. ഏലൂര്‍ ഹിന്‍ഡാല്‍കോയിലെ സസ്റ്റയ്നബിള്‍ ഓഫീസര്‍ ഉമേഷ് ഷേണായി ഭര്‍ത്താവ്. മകള്‍ മേഘ്ന മണിപ്പാല്‍ യൂണിവേഴ്സിറ്റിയിലും മകന്‍ കാര്‍ത്തിക് ഷേണായി മദ്രാസ് ഐഐടിയിലും വിദ്യാര്‍ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക